Saturday, December 27, 2008

ദൃഷ്ടിവൈകൃതം

പിതൃ-തര്‍പ്പണമന്ത്ര-
ങ്ങള്‍ക്കിടയില്‍,
ഇലച്ചീന്തില്‍ വെറുതെ-
യിരുന്ന ഒരുരുള ചോറി-
ലായിരുന്നു അവന്റെ
നോട്ടം-
ജീവിച്ചിരിക്കുന്നവന്റെ
വിശപ്പ്
മരിച്ചവര്‍ക്ക് അന്നം.

അച്ഛന്റെ അന്ത്യ-
നിലവിളിക്കിടയില്‍
തലയിണക്കീഴെ സൂക്ഷിച്ച
താക്കോല്‍ക്കൂട്ടത്തി-
ലായിരുന്നു അവന്റെ
നോട്ടം-
ജീവിതം ആഘോഷ-
മാക്കാത്തവന്റെ
മരണം ആഘോഷി-
ക്കപ്പെടുന്നു.

അമ്പലനടയില്‍ തൊഴുത-
നേരം ചാരെനിന്ന സുന്ദരി-
യുടെ അനാവൃത നഗ്നത-
യിലായിരുന്നു അവന്റെ
നോട്ടം-
ഒരു മിഴിദ്വയം നിയന്ത്രി-
ക്കാനാവാത്തവന്‍
ലോകം നിയന്ത്രിക്കുന്നു.

Friday, December 26, 2008

ഇലകളോട് മരം പറയുന്നത്...

വന്മരത്തില്‍
നിന്നുതിര്‍ന്ന
കൊഴിഞ്ഞയിലകളോട്
കൊഴിയായിലകള്‍
ചോദിച്ചു;
കൊഴിയുന്നതിനു-
മുന്‍പോ ശേഷമോ
ഏറ്റവും വേദന...?

കൊഴിഞ്ഞയിലകള്‍
ഭൂമിയിലലിഞ്ഞു-
ഫോസിലുകളായി.
കൊഴിയായിലകള്‍
തേങ്ങിക്കരഞ്ഞ്
മരത്തെ കെട്ടിപ്പിടിച്ചു

ഫോസിലുകളില്‍
വേരൂന്നി ജീവരക്ത-
മാവാഹിച്ച്
സൂര്യനോടും
കാറ്റിനോടും
ശയ്യ പങ്കിട്ട്
മരം
വീണ്ടും ഇലകളെ
പ്രസവിച്ചു.

മരണം കടന്ന
മഹാതാപസിയായ മരം
ശാന്തിമന്ത്രങ്ങള്‍ക്കിടയില്‍
സ്വയം ശപിച്ചു;
കൊഴിഞ്ഞയിലകള്‍
ചിന്തുന്നത്
പ്രാണരക്തം
കൊഴിയായിലകള്‍
ബാധ്യതയും.

Thursday, December 25, 2008

സ്വാര്‍ത്ഥചിത്രങ്ങള്‍

ഒരു വാലന്റൈന്‍
ദിനത്തില്‍
വിരല്‍ നഖത്തി-
നോട് പറഞ്ഞു
''നീയെന്‍ പ്രാണന്‍''

പ്രണയാനന്ദത്തില്‍
വളര്‍ന്നത്
സൗന്ദര്യദേവത
അറുത്തുമാറ്റിയദിനം
പ്രാണാംശങ്ങളെ
നോക്കി
നഖമോര്‍ത്തു:
വിരലിന്
മുഖംമൂടി
ഞാന്‍-
സ്വയമറിയാന്‍
മുഖം വേണ്ട
വെറും
മുഖംമൂടി.

വിരലിന് നഖം
സൗന്ദര്യം;
നഖത്തിന് വിരല്‍
പ്രാണന്‍.

പ്രണയത്തില്‍
സ്വാര്‍ത്ഥതയുടെ
വിഷം ചേര്‍ത്തത്
ആരായിരിക്കും?

Wednesday, December 24, 2008

ശിരോലിഖിതം

തെരുവിലെ
ചവറ്റുകൂനയുടെ
മറവില്‍ പ്രസവിച്ച
കുഞ്ഞിന്റെ ശിരോ-
ലിഖിതമെഴുതിയ
തൂലിക അച്ഛന്‍
വലിച്ചെറിഞ്ഞു-
അമ്മ ഇരുട്ടിന്റെ
ആഴം തിരഞ്ഞ്
കറുപ്പിലലിഞ്ഞു.

തെരുവുപട്ടികളോട്
പൊരുതിനേടിയ
ഒരുപിടി എച്ചില്‍
വിശപ്പടക്കുമ്പോഴും
കരുണവറ്റിയ
മിഴികളിലെ കാമം
പിന്നിയ കുപ്പായം
കുത്തിക്കീറുമ്പോഴും
സ്ത്രീത്വം മറയ്ക്കാന്‍
പുഴയില്‍ അഭയം
തേടിയപ്പോഴും
തിരഞ്ഞത്
കളഞ്ഞുപോയ തൂലിക.

വഴിമുട്ടിയ
ജീവിതം നഗ്നത
മറച്ച ചേലയഴിച്ചു-
സ്ത്രീത്വം മറയ്ക്കുക
പ്രയാസം;
അഴിക്കാനെളുപ്പമെന്നോതി
വിശപ്പിന്‍ അതീന്ദ്രിയ-
ജ്ഞാനം.

നാഡികളില്‍
നിറഞ്ഞ വിഷം
ആറടിമണ്ണില്‍
അലിഞ്ഞുചേരുമ്പോള്‍
അപ്പുറത്തെ
അറയില്‍ സ്വന്തം
കവിതയിലെ
അക്ഷരങ്ങളുടെ
അരികും മൂലയും
ശരിയാക്കി
കളഞ്ഞുപോയ തൂലിക
തലചൊറിയുന്നു-
അക്ഷരങ്ങള്‍
ചിരിക്കുന്നു-കവിത
പിറക്കുന്നു
ചിന്തകള്‍ മരിക്കുന്നു.

Sunday, December 21, 2008

സ്മൃതികള്‍ പ്രണയിക്കുന്നത്...

എന്റെ പ്രണയം
താഴിട്ടുപൂട്ടിയ
ശവപ്പെട്ടിയില്‍
ഉറങ്ങുന്നു.

മൂന്നാം നാള്‍
ദു:ഖങ്ങളെ
കൂട്ടുപിടിച്ച്
ജനിക്കുന്നതിനു-
മുന്‍പ്
മറവിയുടെ
ആറടിക്കുഴിയില്‍
സമാധിയൊരുക്കി-
ആത്മാവിനെ
ആവാഹിച്ച്
കുടത്തിലിട്ട്
നിളയിലൊഴുക്കി.

ബലിച്ചോറുണ്ണാതെ
ഇലച്ചീന്തിലിരുന്ന്
കാക്കകള്‍ പറഞ്ഞു;
ഇത് നിന്റെ അന്നം-
നീയടക്കിയ പ്രണയ-
ത്തില്‍ നിന്റെ ആത്മാ-
വുമുണ്ടായിരുന്നു

മറവിയില്‍ സ്മൃതി-
കള്‍ ജനിക്കുന്നു
പ്രണയത്തില്‍
ജനിമൃതികളൊടുങ്ങുന്നു

Tuesday, December 16, 2008

പാതിവ്രത്യം

മഹാനഗരത്തിലെ
ഇരുണ്ട മൂലയില്‍
നഷ്ടപ്രണയാന്ത്യം
പിറന്ന ഉണ്ണിയ്ക്ക്
അമ്മിഞ്ഞയേകി-
യുറങ്ങിയ അമ്മയുടെ
അര്‍ദ്ധനഗ്നതയില്‍
മാന്യതയുടെ കരങ്ങള്‍
പരതിയത്.

ഉണ്ണിയുടെ വിശപ്പില്‍
‘’ഗീത’‘യറിയാത്ത
അമ്മയറിഞ്ഞു;
കര്‍മ്മം തന്നെയീശന്‍!
നഗ്നതയില്‍ പുരണ്ട
മാലിന്യം
വിയര്‍പ്പിന്‍ പുണ്യാഹം
തളിച്ച് ശുദ്ധമാക്കുന്നു;
വിശപ്പൊടുങ്ങുന്നു, ഉണ്ണി
ചിരിക്കുന്നു.

അന്നം നല്‍കി
യാചകബാലികയെ
പ്രാപിച്ചവനും
പത്നിയില്‍ പരസ്ത്രീ-
കളെ കണ്ട്
സംതൃപ്തനാകുന്നവനും
റോഡരികില്‍ കിടന്ന
ഭ്രാന്തിയുടെ ഒട്ടിയ
വയറില്‍ രതിയുണരുന്നവനും
പാഥേയം തേടിയഴിഞ്ഞ
ചേലകളുടെ
സമകാലീന സദാചാര-
മൂല്യച്യുതിയില്‍
വാചാലനാകും.

Monday, December 8, 2008

സൌഹൃദം

കിട്ടാക്കടത്തിനും വീട്ടാ-
ക്കടത്തിനും ഇടയില്‍
എന്റെ വീട്
ലേലം വിളിച്ചേക്കാം,
മുന്‍പില്‍ നീയുണ്ടാവണം...

ചില ‘ദോഷ‘ങ്ങളില്‍
വീടിന്റെ വിലയിടിഞ്ഞത്..
സമാശ്വസിപ്പിച്ച്
നീ പുഞ്ചിരിച്ചതില്‍ വിഷം
കലര്‍ന്നിരുന്നില്ല

നീ‍, എന്റെ
ജീവിതനിയോഗം
നിന്റെ സമ്പന്നതയില്‍
എന്റെ വിയര്‍പ്പും
നിന്റെ പുഞ്ചിരിയും ഇല്ലാ-
തിരിക്കട്ടെ...

കടങ്ങളില്‍,
കടപ്പാടുകളില്‍
തുടങ്ങി,-
യതില്‍തന്നെ അന്ത്യം.
ഒരു ജീവിതചക്രം
തിരിഞ്ഞിരിക്കുന്നു.
ഇനി ഞാനുറങ്ങട്ടെ,
സ്വസ്ഥം.

ഒരപേക്ഷ,
എന്റെ മാതാപിതാക്കളെ
സ്നേഹിക്കാതിരിക്കുക,
അവര്‍ നമ്മുടെ സൌഹൃദം
മനസ്സിലാക്കാതിരിക്കട്ടെ....

Sunday, December 7, 2008

കറുപ്പ്

അന്നം തേടിയലഞ്ഞ
പിതാവിന്റെ
വിയര്‍പ്പിനും
രോഗം കാര്‍ന്ന
അമ്മയുടെ
ഹൃദയവേദനയ്ക്കും
ഇടയിലായിരുന്നു
എന്റെ പിറവി.

മണ്‍ചെരാതിന്‍
വെളിച്ചത്തില്‍
പിറന്നതുകൊ-
ണ്ടത്രെ ഞാന്‍
കറുത്തുപോയത്.
കൂരിരുട്ടിലെ
ജനനത്തിനു
സാക്ഷിയാകാന്‍
മാലാഖമാര്‍
വന്നീലയത്രെ;
പണം വെയ്ക്കുന്ന
കീശ വിറ്റത്
അറിഞ്ഞുകാണുമെന്ന-
ച്ഛനന്നേരം.

അണിയിയ്ക്കാന്‍
താലിയുമായി
വന്ന
ഒരു ഷണ്ഡന്‍;
വേറൊരു
വയോവൃദ്ധന്‍
പിറന്നേക്കാവുന്ന
കുഞ്ഞിന്റെ
നിറമോര്‍ത്ത്
കുടിച്ച ചായ
ഛര്‍ദ്ദിച്ച്
തിരിച്ചുപോയി.
പൂജാമുറിയിലെ അര്‍ദ്ധ-
നാരീശ്വരപ്രതിമ
നിലവിളിച്ചു,
തകര്‍ന്നുവീണു.

ഉടഞ്ഞ കണ്ണാടി-
ച്ചില്ലുകളില്‍ പതിഞ്ഞ
കറുത്ത പ്രതിച്ഛായകളില്‍
ചോര പടരുന്നു.
തിഥികള്‍ അടര്‍ന്നു-
വീണ് അഗ്നിശുദ്ധി
വരുത്തുന്നു.

അമ്മയുടെ,
അച്ഛന്റെ
നെരിപ്പോടില്‍
വെന്ത അരിയുടെ
വെളുപ്പ് കാകരെ
വിളിക്കുന്നു;
വീണ്ടും കറുക്കുന്നു.

Friday, December 5, 2008

അവസ്ഥാന്തരം

പത്രവാര്‍ത്ത:
‘’വിവാഹനാള്‍ രാവിലെ
ബൈക്കപകടത്തില്‍ വരന് മൃത്യു‘’
‌‌‌‌‌‌‌-‌-----------------------------------------------

വിവാഹമുഹൂര്‍ത്തം
തെറ്റുമെന്നോതി
നടന്നകന്ന നീ
അറിഞ്ഞില്ല
തെറ്റാത്ത മരണമുഹൂര്‍ത്തം
ധൃതിയില്‍ കണ്ടില്ല
എന്‍ മിഴികളിലെ
അവസാനവെട്ടം...

പ്രാണന്‍ എന്നെ
മറന്നത് നിന്റെ ‘ധൃതി‘യാലെന്ന-
റിഞ്ഞും നീ പറഞ്ഞു;
നിര്‍ത്താതെപോയ
വണ്ടിക്കാരന്റെ
തലയില്‍ ഇടിത്തീ വീഴട്ടെ.

വരന്റെ വിയോഗം
വധുവിന്‍ ജാതകദോഷ-
മെന്നോതിയ നീ
സദ്യയുണ്ടേമ്പക്ക-
ത്തില്‍ പറഞ്ഞു;
പേരുമാറിയെന്നാലും
സദ്യ
ബഹുകേമം.

കറുത്ത പാതയില്‍
പടര്‍ന്ന എന്റെ ചോരയില്‍
നനഞ്ഞ മുല്ലപ്പൂമാല വാടി-
ത്തുടങ്ങിയിട്ടില്ല
അവളുടെ പൊട്ടിയ
കുപ്പിവളകള്‍ തറച്ചു-
ചീറ്റിയ രക്തബിന്ദുക്കള്‍
ഉണങ്ങിയിട്ടുമില്ല.

പറയാതെ വയ്യ
പ്രിയസുഹൃത്തേ,
ആ വരന്‍ ഞാനായിരുന്നു.

Thursday, December 4, 2008

കൊളാഷ്

ഏകാന്തതയുടെ
വല്‍മീകത്തില്‍
സ്മൃതികളുടെ
മണ്‍ചെരാത്
തെളിയിച്ച്
ഇന്നലെ
പ്രണയത്തിന്റെ
ചിത്രം വരയ്ക്കാ-
നൊരുങ്ങി.

അജ്ഞതയിലെ
അറിവ്
രൂപം നല്‍കി.
പ്രതീക്ഷയുടെ
നിറക്കൂട്ടുകള്‍
ചായം തേച്ചു.
സ്വപ്നങ്ങള്‍ ചാലിച്ച്
മിഴികള്‍ക്കു
ജീവന്‍ നല്‍കവേ
കാലം കാറ്റായി
വന്ന് മണ്‍ചെരാത്
ഊതിയണച്ചു.

മിഴികളില്‍
പണിതത്
ശവകുടീരങ്ങള്‍!

ഒന്ന്
എന്റേതായിരുന്നു.

Tuesday, December 2, 2008

ആറാമിന്ദ്രിയം

അന്ധന്
കാഴ്ചയും
ബധിരന്
കേള്‍വിയും
വെറും
അക്ഷരങ്ങള്‍;
വാക്ക്.

അന്ധന്‍ കാണാതെ
കേള്‍ക്കുന്നതും
ബധിരന്‍
കേള്‍ക്കാതെ
കാണുന്നതും
മനക്കണ്ണിലെ
പഞ്ചേന്ദ്രിയങ്ങള്‍
അറിയുന്നു.
അന്ധന്‍ കാണുന്നു
ബധിരന്‍ കേള്‍ക്കുന്നു.

പഞ്ചേന്ദ്രിയങ്ങള്‍
അറിഞ്ഞത്
മനക്കണ്ണറിയാതെ-
പോകുന്നവരില്‍
നുണ
സത്യത്തിന്റെ
മുഖംമൂടിയണിയുന്നു.
അനാവൃതമാകുന്ന
മുഖം മൂടിയില്‍
നുണ വീണ്ടും വളരും
സത്യം മരിക്കും,
ആറാമിന്ദ്രിയം തേങ്ങി-
ക്കരയും
അറിവ് വീണ്ടും
നശിക്കും.

അറിയുന്നതില്‍ പാതി
പതിരാകുമത്രെ,
മറുപാതി മറക്കുക.

Sunday, November 30, 2008

ശിഥിലചിത്രങ്ങള്‍

അവന്‍ മൊഴിഞ്ഞു, പ്രണയം
നേടുക കഠിനം
ക്ഷണമെന്‍ മനമോതി
പ്രണയം സൂക്ഷിക്കുക
അതികഠിനം.

അവനോതി, പ്രണയമൊരു
മണ്‍ചെരാത്.
അഗ്നിയില്‍ വെന്തുനീറും.
കെട്ടടങ്ങി തണുത്തുറയു-
മെന്നു ഞാനും.

കാലാന്തരേ അറിഞ്ഞു;
ഞാന്‍
അവന്‍ കുലച്ച വില്ലിലെ
വെറും അമ്പ്
വൈകുന്നതെന്തേ,
മാറോടുചേര്‍ത്തു-
വലിച്ചുപിടിച്ചെന്നെ
ദൂരേയ്ക്കയച്ച് സ്വതന്ത്രയാക്കുക.

നാളെ നീ
കളിപ്പാട്ടം കളഞ്ഞുപോയ
കുട്ടിയാകും
നിന്റെ കരച്ചില്‍ തുടരും;
അടുത്ത കളിപ്പാട്ടം
തേടിയെത്തുംവരെ... ..

Thursday, November 27, 2008

വിശാലമനസ്കത

വിഷം ചേര്‍ത്ത
കഞ്ഞി വായിലൊഴിച്ചത്
രുചിയോടെ കഴിച്ച
അച്ഛന്റെ ആനന്ദത്തില്‍
പുഞ്ചിരിച്ചത്
എന്തിനായിരുന്നു?

തുച്ഛമായ ശമ്പള-
പ്പാതി മരുന്നുശാലകള്‍
തിന്നുന്നു,
ജീവനുള്ള ശവം
അന്നം മുടക്കുന്നു.

ദയാവധം യാചിച്ച
അച്ഛന്റെ
തളര്‍ന്ന വിരലുകളില്‍
മഷി പുരട്ടി
ആധാരക്കെട്ടുകളില്‍
പതിപ്പിച്ചത്
മിഴിനീരില്‍ നനഞ്ഞില്ല

ഉമ്മറച്ചുമരിലെ
ആണിയില്‍
വിശ്രമിക്കാം,
റേഷന്‍ കാര്‍ഡിലെ
വെട്ടിമാറ്റാത്ത പേരില്‍
പഞ്ചസാരയും അരിയും
വാങ്ങി അച്ഛനെ
''ജീവിപ്പിക്കുന്ന''
മക്കളുടെ
സ്നേഹത്തില്‍
അഭിമാനിക്കാം.

Monday, November 24, 2008

സിംഫണി

തംബുരുവില്‍
പരതിയ വിരലുകളില്‍
പൊട്ടിയ തന്ത്രി-
കള്‍ തേങ്ങി,
അപശ്രുതി.
ശേഷിച്ച കാലം
ഇരുണ്ട മൂലകളില്‍
വിശ്രമം.

പൊടി പുരണ്ട
മാറാല പിടിച്ച
മൂലകളില്‍
ജരാനരകളില്‍ ജീര്‍ണ്ണിച്ച
വയലിന്‍ സാനന്ദം
സംഗീതമുതിര്‍ത്തു-
വരവേറ്റു.

പാടീ അവര്‍
മേഘമല്‍ഹാര്‍
മാനം ചിരിച്ചു,
മഴയിറ്റിറ്റുവീണു,
പ്രകാശത്തില്‍ ഇരുട്ട്
മരിച്ചു.
വെളിച്ചത്തിന്‍ വാതില്‍
തുറന്ന് ബീഥോവന്‍!

വീണ്ടും ഒരുങ്ങി-
സിംഫണി!!
സ്വസൃഷ്ടിയുടെ
ശ്രവണസുഖത്തില്‍
ബീഥോവന്‍
നിത്യതയിലലിഞ്ഞു-
അവസാനമരണം,
മോക്ഷം!
ജരാനരകള്‍
കൊഴിഞ്ഞു
പുതിയ തന്ത്രികള്‍
കിളിര്‍ത്തു.

മൂല്യനിര്‍ണ്ണയം

പേരു നഷ്ടപ്പെട്ട,
മുഖങ്ങളില്ലാതെയലഞ്ഞ രാത്രികളില്‍,
വിശപ്പിന്റെ വിളിയില്‍,
കടുത്ത ജ്വരത്തില്‍
അഴിയുന്ന ചേലകള്‍
മിഴിനീരില്‍ നനഞ്ഞത്....
നനഞ്ഞ നഗ്നതയില്‍
ആസക്തിയുടെ തുഷാരബിന്ദുക്കള്‍
പുരണ്ട നോട്ടുകള്‍ വീണത്..

അന്നമായി,
മരുന്നായി,
അക്ഷരങ്ങളായി
വസ്ത്രമായി
അവ ഒരിക്കല്‍
അവനെ തേടിയെത്തും;
അതില്‍ പറ്റിപ്പിടിച്ചിരുന്ന
പിറക്കാതെപോയ ഉണ്ണികള്‍
അവനെ നോക്കിച്ചിരിക്കും;
ചിരിയിലന്ത്യം വന്ധ്യയായ
വാമഭാഗം സ്വയമെരിയും.
അവ യാത്ര തുടരും;
ദുഷിച്ചചോര
പുരളാന്‍...

മൂല്യം നിര്‍ണ്ണയിക്കുന്നത്
താണ്ടിയ വഴികളും
ഉപയോഗവുമല്ല;
അക്കങ്ങള്‍, വെറും
അക്കങ്ങള്‍
മാത്രം.

Sunday, November 23, 2008

രുചികളുണ്ടാകുന്നത്...

സന്തോഷം പച്ചമാങ്ങ
പോലെയത്രെ
അകക്കാമ്പിലേ അറിയൂ
ദു:ഖത്തിന്‍ പുളിരസം

ദു:ഖം നാളികേരം
പോലെയത്രെ
അകക്കാമ്പിലെ സന്തോഷത്തിന്‍
രുചിയറിയാന്‍ ആയുധം
വേണം

ഇന്നലെ വരെ
പൊതിയ്ക്കാത്ത നാളികേരവുമായി
ആയുധം തേടി നടന്നു
വിശപ്പടക്കാന്‍ കിട്ടിയതോ,
മാങ്ങയുടെ അകക്കാമ്പും

രണ്ടും ഒടുങ്ങുന്നത്
ഒരേ വികാരത്തിലെന്നിരിക്കെ
രണ്ടുമുപേക്ഷിച്ചട്ടഹസിച്ചു
എന്റെ രുചികളില്‍ ഇന്ന്
മാങ്ങയും തേങ്ങയുമില്ല

Wednesday, November 19, 2008

വേണു പറയാതിരുന്നത്.....

അമ്മയില്‍നിന്ന്
അറുത്തുമാറ്റുമ്പോള്‍
കരഞ്ഞില്ല,
ആയുധമുനകള്‍ മാറില്‍
സുഷിരങ്ങള്‍ വീഴ്ത്തുമ്പോള്‍
തേങ്ങിയില്ല.

ഹേ കൃഷ്ണാ,
എന്നിട്ടും നീ
ചോര കട്ടപിടിച്ച
മുറിവുകളില്‍
ചുംബിച്ചത്,
നേര്‍ത്ത തേങ്ങല്‍
ഹൃദയസ്പര്‍ശിയായ
സംഗീതമായ് പൊഴിഞ്ഞത്...

മരവിച്ച ശരീരത്തിന്
ശ്വാസമേകി നീ-
യുതിര്‍ത്ത നാദം, അന്ന്
‘’ഉപേക്ഷിയ്ക്കപ്പെടലിന്റെ’‘
ഇരുണ്ട മൂലകളില്‍
നേര്‍ത്തുനേര്‍ത്ത് ഇല്ലാതാ-
കുമായിരുന്നു.

കരുവാളിച്ച ചുണ്ടുകളുടെ
വരണ്ട ചുംബനം, ഇന്ന്
ഒട്ടിയ പിഞ്ചുവയറുകള്‍ക്ക്
പാഥേയം.
‘നാളത്തെ അന്ന‘ചിന്ത
മുഷിഞ്ഞുനാറിയ തുണിസഞ്ചിയില്‍
ശയ്യയൊരുക്കുന്നു, എങ്കിലും
എന്നെയോര്‍ത്ത് നെടുവീര്‍പ്പിടാന്‍
അവര്‍ക്കാവില്ല;
ദ്വാപരയുഗത്തില്‍ നിനക്കുമായില്ലല്ലോ......

Monday, November 17, 2008

മനുസ്മൃതിക്ക് പറയാനാവാത്തത്.....

ആദ്യരാത്രിയില്‍
അവന്‍ പുരുഷമേധാ-
വിത്വത്തിന്റെ
വക്താവായിരുന്നു.
ഒരു ചുംബനാന്ത്യം
മനുസ്മൃതിസൂക്തങ്ങള്‍ക്കി-
ടയില്‍ അവനോതി;
നീയൊരു വെറും മഴ.

അനാദിയായ മഴ
അറിഞ്ഞിരിക്കീല അതിന്റെ
പാരതന്ത്ര്യം:
മഴ
പെയ്യുന്നതുവരെ
മേഘത്തിനു സ്വന്തം
മേഘം മുതല്‍ ഭൂമി വരെ
വായുവിനു സ്വന്തം
പെയ്തുകഴീഞ്ഞാല്‍
ഭൂമിയുടെ സ്വന്തം.

വൃദ്ധസദനത്തിലെ
ഇടനാഴിയില്‍ അവളുടെ
മടിയില്‍ തലവെച്ച്
പിന്നീടെന്നോ അവന്‍ തിരുത്തി;
വിട്ടുപോകുന്ന മഴ
മേഘത്തിനു മരണം,
വായുവിന് മഴ
വേവുന്ന ചൂടില്‍ സാന്ത്വനം,
ഭൂമിക്ക് മഴ
ജീവനും.

Friday, November 14, 2008

വൈകാരികം

ചാരായം മോന്തിമയങ്ങിയ
അച്ഛന്റെ മൌനത്തില്‍
അമ്മയുടെ മാനം
ബലമായ്കവര്‍ന്ന കൂട്ടുകാരന്‍
എറിഞ്ഞ ആദ്യവേതനം
ചാരായഷാപ്പിലെ കടം തീര്‍ത്തത്.

പാരലല്‍കോളേജിലെ ക്ലാസിനു-
പുറത്ത് തലതാഴ്ത്തിനിന്ന് ക്ലാസു-
കേള്‍ക്കവെ ആരോ മന്ത്രിച്ചു;
പ്രിന്‍സിപ്പാളാവും ഇന്ന്
അമ്മയുടെ വിരുന്നുകാരന്‍.

തലയില്‍ മുണ്ടിട്ടുവന്ന
നേതാവിന് ബീഡിനല്‍കിയ
അച്ഛന്റെ ആതിഥേയഭാവം
അമ്മയുടെ സ്വേദകണങ്ങളില്‍
മുങ്ങിമരിച്ചില്ല.

മകളുടെ പിതൃത്വം ആരാഞ്ഞ
അച്ഛന്റെ ചോറില്‍
വിഷം ചേര്‍ത്ത് അച്ഛനെയൂട്ടി
അമ്മ പാതിയുണ്ടത്
ആരോടുള്ള പ്രതികാരം...?

ചുവന്നതെരുവിലെ നഗ്നതകളില്‍
രാത്രിയുണരുമ്പോള്‍
അമ്മയുടെ മടിക്കുത്തിലെ
വിയര്‍പ്പുപുരണ്ട നോട്ടുകള്‍
ഒരുപിടിചോറായി
പരിഹസിച്ചുചിരിക്കുന്നു;
കാമം മരിക്കുന്നു, വിശപ്പു-
ണരുന്നു.

Wednesday, November 12, 2008

മഴക്കാഴ്ചകള്‍

വേര്‍പാടുചിന്തയില്‍
വിങ്ങുന്ന മാനം
കറുക്കുന്നു
തേങ്ങുന്നു
പൊട്ടിക്കരയുന്നു
പെയ്തൊഴിയുന്നു

മഴ ചാലുകളാകും,
അരുവികളാകും
നദികളാകും;
ഭ്രാന്തമായോടി
ആഴിയില്‍ ലയിക്കും
സ്വയം നഷ്ടപ്പെട്ട്
മേഘമാകും-
വേര്‍പാടിന്‍ നൊമ്പ-
രമറിഞ്ഞ് പെയ്തൊ-
ഴിയാന്‍...

മഴ,
താണ്ടുന്ന വഴികള്‍
അറിയുന്നില്ല.
വഴികള്‍,
മഴ അറിയുന്നു.

ജനനത്തില്‍ വേര്‍പെട്ട്
മഴയൊഴുകുന്നു
മരണം വേര്‍പെടുത്തുന്നു.
ജനനവും മരണവും
വേര്‍പാടെന്നറിയുന്നു.

Tuesday, November 11, 2008

അനന്തരം നീ........

പിറന്നാളിന്
തേടിയെത്തിയ
മുഖങ്ങളില്‍,
വാക്കുകളില്‍
നിന്നെ തിരഞ്ഞു;
നീ വന്നില്ല.
നിന്റെ അക്ഷരങ്ങളില്‍
ആശംസകളുടെ തേന്‍
പുരളാറില്ലെങ്കിലും
നിനക്ക്
വരാമായിരുന്നു..

പിറന്നാളുകള്‍ കാലം
വിഴുങ്ങി.
തേടിയെത്തിയ
വാക്കുകള്‍,
മുഖങ്ങള്‍
കുറഞ്ഞു,
മാറിമറിഞ്ഞു
നീ വന്നില്ല.

ദുഷിച്ച രക്തത്തില്‍
സമ്പന്നതയലിഞ്ഞ്
ദരിദ്രനായവന്‍
സ്വന്തം കിടക്ക
തേടി
ആശുപത്രിവരാന്തകളില്‍
അഭയം നേടുന്നു;
പിറന്നാളുകള്‍
മരിച്ചുപോകുന്നു

വേവുന്ന വരണ്ട
മനസ്സില്‍
വാക്കുകള്‍ മഴയാക്കി
പെയ്ത്
ഇന്നലെ
നീ വന്നു.
നിന്റെ മിഴികളില്‍
നിറഞ്ഞ ജലം
ജന്മാന്തരങ്ങളുടെ
പിറന്നാള്‍ സമ്മാന-
മൊരുക്കുന്നു-
വീണ്ടും ജനിക്കുന്നു.

Monday, November 10, 2008

ആണ്ടറുതികള്‍...

പണിതീരാത്ത വീട്ടില്‍
ഉറങ്ങിപ്പോയ
അച്ഛനെക്കാത്ത്,
വാടകവീട്ടില്‍
ഉണ്ണാതെ കാത്തിരുന്ന
അമ്മ അറിഞ്ഞില്ല
വിളമ്പിയ ചോറിലെ
ഇരിക്കപ്പിണ്ഡം.

അച്ഛന്റെ ആത്മാംശമുള്ള
ഭൂമിയെ ഒരുതുള്ളി
മിഴിനീരിലടച്ചുവെച്ച്
നഗരം പൂകുമ്പോള്‍
കുഴിമാടത്തില്‍
വിളക്കുവെയ്ക്കുന്ന
മിന്നാമിനുങ്ങുകള്‍
അമ്മയുടെ സ്വപ്നത്തില്‍
നിറഞ്ഞു!

ഫ്ലാറ്റിന്റെ മുകളിലെ
നിലയില്‍ നിന്നും
വൈദ്യുതീകരിച്ച ‘ശ്മശാന‘-
യാത്രയില്‍പോലും
ഭൂമിയെ സ്പര്‍ശിക്കാനാവാതെ
അമ്മ എരിഞ്ഞുതീരും.

ആണ്ടറുതികളില്‍
ചോറുണ്ണാന്‍ വരുന്ന
കാകരില്‍
മാതാപിതാക്കളെ കണ്ട്
നിര്‍വൃതിയടഞ്ഞ മകന്‍
ബലിച്ചോറിലെ അന്നദാനത്തെക്കുറിച്ച്
കവിതയെഴുതുമ്പോള്‍
കുഴിമാടത്തില്‍ വിളക്കുകൊളുത്തുന്ന
മിന്നാമിനുങ്ങുകളെയോര്‍ത്ത്
പുഴയിലൊഴുകുന്ന
മണ്‍കുടത്തിലിരുന്ന് അമ്മ
വിങ്ങിക്കരയും.