Saturday, November 28, 2009

വൃദ്ധസദനങ്ങള്‍ പറയാതിരിക്കുന്നത്...

നിറമിഴികള്‍ തുടയ്ക്കാതെ
മൂകയാത്രാമൊഴി നേരുന്ന‍ അച്ഛന്‍
പിന്‍വിളി വിളിക്കാതെ തേങ്ങി!
ഉപേക്ഷിക്കപ്പെടുന്നവന്റെ ചങ്കിടിപ്പറിയാത്ത
മക്കള്‍, പിന്നിടുന്ന നീണ്ട വഴികളില്‍
അച്ഛനെ‍ ഓര്‍മ്മകളായ് എഴുതിച്ചേര്‍ക്കും!

ജീവിതപ്പാത്രത്തില്‍ വരകളും കുറികളും
നിറങ്ങളും ചാര്‍ത്തി, തലമുറകള്‍
'ആധുനികകല'യുണ്ടാക്കി രസിക്കുംനേരം
പിന്നിക്കീറിയ ഓര്‍മ്മക്കടലാസിലെ
മങ്ങിയ അക്ഷരങ്ങള്‍ക്ക് അര്‍ത്ഥം
തുന്നിച്ചേര്‍ക്കുകയായിരുന്നു,
രക്തം വിറ്റ് ജീവിതം കരുപ്പിടിച്ചവന്‍!

വയോജനശാലകളില്‍ മരിച്ചുവീഴുന്ന
ദു:ഖകണങ്ങള്‍ പെറുക്കിയെടുത്ത്
ആവര്‍ത്തനചരിതമെഴുതാന്‍
അവതാരങ്ങള്‍ മറന്നുപോകുംകാലം
കൃത്രിമക്കൂട്ടുകള്‍ ചാലിച്ചുചേര്‍ത്ത
വലിയ കൊളാഷുകളിലെ
തമോഗര്‍ത്തങ്ങളില്‍ പണിതുയര്‍ത്തും
'വിരമിക്കല്‍ വീടു'കളില്‍
ആധുനികതയെ ചില്ലിട്ടുമൂടി
'അത്യന്താധുനികം' പല്ലിളിക്കും.

Friday, November 13, 2009

പ്രണയം പുഷ്പിക്കുന്ന വഴിത്താരകള്‍

പഴകിദ്രവിച്ച ഗോവണി കയറി
പ്രണയഹാരം അണിയാന്‍ നേരം
ഒരു കാലിടറലില്‍ വീണുപോയേക്കാവുന്ന
ആഴങ്ങളെക്കുറിച്ചായിരുന്നു
അവരുടെ ചിന്ത!

സ്നേഹത്തിന്റെ ഉത്തുംഗതയിലും
പിന്‍തുടരുന്ന വേര്‍പാടിന്റെ ഭയം
അരിച്ചെത്തുന്ന തണുപ്പായി
മനസ്സിനെ മരവിപ്പിച്ച്നേരം
ചോര്‍ന്നുപോകുന്ന പ്രണയത്തിന്റെ
ചോര കാണാനാവാതെ
വിപരീതദിശകളിലേക്ക്
അവര്‍ നടന്നു.

പെയ്ത മാനം ചാലിക്കുന്ന
നിറക്കൂട്ടുകള്‍ കണ്ട്
പെയ്യാത്ത മാനത്തിന്റെ
ഉരുണ്ടുകൂടിയ ദു:ഖം ചിരിച്ചോതി-
''നീണ്ടുപോകുന്നതെങ്കിലും
ഉരുണ്ട ഭൂമിയിലെ വഴികള്‍ക്ക്
കൂട്ടിമുട്ടാതിരിക്കാനാവില്ല...!''

പ്രണയം പുഷ്പിക്കുന്നത്
കൈകോര്‍ത്തുപിടിച്ച് നടന്നു-
നീങ്ങുന്ന വഴിത്താരകളിലല്ല;
വേര്‍പാടിന്റെ ഏകാന്തവിജന-
താഴ്വരകളിലത്രെ!