Thursday, May 27, 2010

പെയ്തൊഴിഞ്ഞ മഴയില്‍....

പാതകള്‍ മഴയെയറിയുമെന്നൊരു മൊഴി
വഴിയറിയാതാരെയോ കാത്തിരിക്കുന്നു!

പെരുമഴ പെയ്തുപോയ മനസ്സിന്റെ നനഞ്ഞ
ജനാലച്ചില്ലുകളില്‍ ദു:ഖങ്ങള്‍ ഇപ്പോള്‍
മുട്ടിവിളിക്കാറില്ല, തുറന്നിട്ട വാതായനങ്ങള്‍ കടന്ന്
വരാറുമില്ല; ദു:ഖങ്ങള്‍ക്കും മടുത്തിരിക്കണം...

നിന്നെപ്പുണരാന്‍ എനിക്ക് കൈകളില്ലല്ലോ എന്ന് ചൊല്ലി
കവിതകളുടെ കാറ്റ് ഇനി എന്നെ തേടിയെത്തില്ല;
കവിതകള്‍ക്ക് എന്നെ വേണ്ടാതായിരിക്കുന്നു...

പൂജ്യത്തില്‍ നിന്ന് പൂജ്യമെടുത്താലും
പൂജ്യത്തിനോട് പൂജ്യം കൂട്ടിവെച്ചാലും
ഉത്തരം പൂജ്യമെന്ന അറിവിന്റെ നിറവില്‍
മുറുകുന്ന പൂജ്യത്തില്‍ തലപൂഴ്ത്തിയുറങ്ങണം!

ഏറ്റവും പ്രിയപ്പെട്ടത് കൂടെയുണ്ടായിട്ടും ഏകാന്തത
മാത്രം പ്രണയിച്ച എന്റെ രാവുകളില്‍ ചിന്തകളെ വഞ്ചിച്ച്,
അക്ഷരങ്ങളില്‍‍ ഊതിയൂതിമിനുക്കിപ്പണിത കവിതകളില്‍
കൂടുകൂട്ടിയത് അര്‍ത്ഥങ്ങളോ അര്‍ത്ഥമില്ലായ്മയോ...?

ഒരുപക്ഷേ, ഉരുണ്ടുകൂടിയ മിഴിനീര്‍കണങ്ങള്‍ വെറുതെ അക്ഷരങ്ങളായതാവാം;
അല്ലെങ്കില്‍, ഒരു കരള്‍ പിളരും കാലത്തിന്റെ നേര്‍ക്കാഴ്ചയില്‍ മനസ്സ്
പിടഞ്ഞതാവാം, അതുമല്ലെങ്കില്‍ സ്മൃതികള്‍, ചിരംജീവികള്‍ ചിരിക്കുന്നതാവാം!
ഒരിക്കല്‍ക്കൂടി,യൊരു വായനയില്‍, ഒരു പിന്‍നടത്തത്തില്‍ ചികഞ്ഞിട്ടും
അറിയാനാവുന്നില്ല എന്തിനു വേണ്ടിയായിരുന്നു ഈ‍ വെറും കവിതകള്‍...?

കവിതകളിലെ 'വിത' തേടി വന്ന്, സ്നേഹം വിതച്ചവന്‍,
എന്റെ ദു:ഖങ്ങളുടെ വീതം പിടിച്ചുവാങ്ങിയവന്‍
പിന്‍വിളിയരുതെന്ന അന്ത്യശാസനത്തില്‍ തിര്‍ഞ്ഞുനോക്കാതെ
അനന്തമായ പാതയില്‍ അകന്നുപോവുന്നു.......എന്തേ,
തളര്‍ന്നുപോയ മനസ്സിനെയാശ്വസിപ്പിക്കാന്‍ ചിലയക്ഷരങ്ങളെങ്കിലും..?

അന്ന്, ചിലയറിവുകളുടെ നീറുന്ന വേദനയില്‍ കുറിച്ചത് വീണ്ടുമോര്‍ക്കുന്നു-

ദൂരെ, അനാഥയുടെ
സനാഥമായ കാലം!

സര്‍പ്പക്കാവില,ന്തിയില്‍
വിളക്കുവെയ്ക്കുന്ന
അനിയത്തി, രണ്ടുതുള്ളി
ഉപ്പുചേര്‍ത്ത ജലം നല്‍കി
നടന്നുപോകുന്നു.

ഓര്‍മ്മകളില്‍ എന്റെ അക്ഷരങ്ങളെ വെറുതെ‍ വിട്ട് മറയട്ടെ-
ഒരുപിടി നന്മകള്‍, ചിലപേരുകള്‍, നല്ല മനസ്സുകള്‍, സ്നേഹം....
എന്നുമോര്‍മ്മയുണ്ടാവും....

എന്നില്‍ ചലനമുണ്ടാക്കിവരോട് സന്തോഷത്തോടെ നന്ദി പറയട്ടെ-
ചെറിയനാടന്‍ ചേട്ടന്‍, ചേട്ടന്റെ ഇമ്പ്രൂസ്, മാണിക്യം ചേച്ചി, ഹേനാ, സിജി, സെറിനേച്ചി, സംഗീതേച്ചി, നജീമിക്ക, സുല്‍, അഞ്ജു, തള്ളശ്ശേരി, യൂസുഫിക്ക, ലക്മ്യേച്ചി, അനുപമ, പകല്‍, സുനില്‍, രഞ്ജിത്ത്, പല്ലശ്ശന, അജിത്തേട്ടന്‍, അനൂപ് - മറക്കാനാവാത്ത ധാരാളം പേരുകള്‍....

പെയ്ത മാനം ചാലിക്കുന്ന
നിറക്കൂട്ടുകള്‍ കണ്ട്
പെയ്യാത്ത മാനത്തിന്റെ
ഉരുണ്ടുകൂടിയ ദു:ഖം ചിരിച്ചോതി-
''നീണ്ടുപോകുന്നതെങ്കിലും
ഉരുണ്ട ഭൂമിയിലെ വഴികള്‍ക്ക്
കൂട്ടിമുട്ടാതിരിക്കാനാവില്ല...!''

പക്ഷേ, പ്രതീക്ഷകള്‍ക്ക് ചിറക് കരിഞ്ഞ ഒരുകാലത്ത്
പിന്‍വിളി വിളിക്കാനാവാത്തയകലത്തില്‍ നടക്കേണ്ടതുണ്ട്;
ഒന്നുകൂടി, ഒരിക്കല്‍ക്കൂടി പറയട്ടെ,
ആത്മാര്‍ത്ഥമായ നന്ദി!

മുന്‍പ് കുറിച്ചിട്ട ചിലവരികളുടെ അര്‍ത്ഥം എന്നെനോക്കിച്ചിരിക്കുന്നു ഇപ്പോള്‍-

‘മരിച്ച‘ ഓര്‍മ്മകളില്‍
അക്ഷരങ്ങളായുറഞ്ഞവരും,
‘ജീവിക്കുന്ന‘ ഓര്‍മ്മകളില്‍
വര്‍ഷപാതമായി വന്ന്
വേനലിന്റെ കൊടുംചൂട്
തേടി യാത്ര നടത്തുന്നവരും
മറവിയില്‍ വിലീനമാകുന്നു!

എങ്കിലും, മിണ്ടിയും മിണ്ടാതിരുന്നും എപ്പോഴെങ്കിലും
ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ മാപ്പ്...

ഒരു അമാവാസിയില്‍ കുറിച്ച കവിതയിലെ
അവന്‍ തിരുത്തിയ അക്ഷരങ്ങള്‍ പാടുന്നു-

പറയാതെ പോയ
വാക്കുകളുടെ
പുണ്യമാവും
നിന്റെ സ്വര്‍ഗ്ഗം!!

പറയാതെ പോയ എന്റെ വാക്കുകളുടെ പുണ്യത്തില്‍ ഇനി തിരിഞ്ഞുനടത്തം-
വിട.......

Friday, May 21, 2010

അമാവാസി

ഇരുട്ടുമൂടിയ ആശുപത്രിവരാന്തകളില്‍
മറ്റൊരു ശില്പമായ് ഇരുന്നവന്റെ
നിറഞ്ഞ മിഴികളില്‍തങ്ങാതെ വീണുടഞ്ഞ
നിമിഷങ്ങള്‍ക്ക്, ആയുസ്സ് ഇത്തിരിദൂരം!

ഇറ്റുവീഴുന്ന നിമിഷത്തുള്ളികളില്‍
ജീവിതം ജീര്‍ണ്ണിച്ചുപോവുമെന്നു നീ!
മരുന്നുകുപ്പികള്‍ നിറഞ്ഞ കിടക്കയില്‍
കൊഴിയുന്ന നിമിഷങ്ങളുടെ വിലാപം!

സ്നേഹമഴയുടെ അക്ഷരങ്ങള്‍കുറിച്ച്
എന്റെ മരണാഭിരതിയുടെ ഇരുട്ടിലേയ്ക്ക്
മിന്നലിന്‍ വെളിച്ചമായ് വന്ന നീയറിഞ്ഞീല,
‘ഇടി‘യുടെ ജീവിതാഭിരതിയെന്നെ കരയിപ്പിച്ചത്!

ജന്മദിനങ്ങളിലെന്നെ തേടിയെത്തിയ
അക്ഷരങ്ങളിലെന്നും തേടിയത് നിന്നെ;
വന്നില്ല നീ; സ്നേഹത്തിന്റെ മധുരം
പുരണ്ട നിന്റെ ശബ്ദവും അക്ഷരങ്ങളും!

നിന്റെ മിഴികളില്‍ എന്നോ നിറഞ്ഞ ജലം
ജന്മാന്തരങ്ങളുടെ ജന്മദിനമൊരുക്കുന്നുവിന്നും!
ഇടിമിന്നല്‍വെളിച്ചത്തില്‍ ഇരുട്ടുചാലിക്കുന്ന
ഏതോ രാത്രികളില്‍ മഴ തേങ്ങുന്നു;

താരയെ സ്നേഹിക്കാനാവാത്ത സൂര്യന്
സ്നേഹിക്കാനാവുമോ അമാവാസിയെ?

മഴയുടെ ആര്‍ത്തനാദമിരമ്പിയ ഒരു
അമാവാസിയില്‍ ജനിച്ചവള്‍ക്ക് കൂട്ട്;
മാനത്തെ വെളിച്ചത്തുരുത്തിന്‍ ജനാല
തുറക്കാന്‍ വൃഥാ ശ്രമിക്കും താരകള്‍ മാത്രം‍!

Thursday, May 13, 2010

ശൂന്യതയുടെ ഗണിതം

ചതുഷ്ക്രിയകളുടെ മാസ്മരികതയ്ക്കപ്പുറം
തുടക്കത്തില്‍ ഒടുങ്ങി, തുടക്കവും ഒടുക്കവും
നഷ്ടമാവുന്ന പൂജ്യമെന്ന പ്രഹേളികയിലായിരുന്നു
എന്റെ ചിന്തകള്‍ എന്നും വീണുടഞ്ഞിരുന്നത്.

കഴുത്തിനുപുറകില്‍‍ ജീവിതം കൊരുത്ത‍
സ്വര്‍ണ്ണനൂലില്‍ അവന്‍ കൊളുത്തിടുന്നനേരം
സങ്കലനനിയമത്തിന്റെ സരളസൂത്രവാക്യങ്ങള്‍
നമ്രമുഖിയാമെന്‍ മനതാരില്‍ കലപിലകൂട്ടി!

സ്വപ്നങ്ങളുടെ പൊട്ടിച്ചിതറിയ വളപ്പൊട്ടുകളില്‍
പുരണ്ട ചോര ചേര്‍ത്ത് ഒട്ടിച്ചുണ്ടാക്കിയ കൈവള‍
ചന്തമുള്ള പൂജ്യമായി സ്വയമുരുണ്ട് ദൂരെയകന്നുമാറി
ഉച്ചത്തില്‍ ചിരിച്ചനേരവും മിഴികള്‍ നനഞ്ഞില്ല;
ശൂന്യതയുടെ ഗണിതമായിരുന്നു എന്റെ ഇഷ്ടവിഷയം!

ഒന്നിനോടൊന്നുചേരുമ്പോള്‍ രണ്ടില്ല,
'ഒന്നുമാത്രം!' എന്നു ചൊല്ലിയവന്‍ പറഞ്ഞില്ല;
ഒന്നില്‍ നിന്നും 'ഒന്ന്' അകന്നുപോവുമ്പോള്‍
'ഒന്ന്' പിന്നെയും ശേഷിക്കുമെന്ന ജീവിതഗണിതം! ‍

പൂജ്യത്തില്‍ നിന്ന് പൂജ്യമെടുത്താലും
പൂജ്യത്തിനോട് പൂജ്യം കൂട്ടിവെച്ചാലും
ഉത്തരം പൂജ്യമെന്ന അറിവിന്റെ നിറവില്‍
മുറുകുന്ന പൂജ്യത്തില്‍ തലപൂഴ്ത്തിയുറങ്ങണം!

'ശൂന്യതയുടെ ഗണിതം തേടിയവള്‍ക്കിവിടെ വിശ്രമം'
ഒരുതുള്ളി മിഴിനീരിറ്റിച്ച് പഴകിയ വാക്കുകളടര്‍ത്തിമാറ്റുക,
സ്വര്‍ണ്ണനൂലില്‍ കൊളുത്തിയ പരസ്പരവിശ്വാസം
പൂജ്യമായി അനാദിയായ്, അനന്തമായുറങ്ങുന്നുണ്ടാവും!

Saturday, May 1, 2010

മിഴിനീര്‍മഴപ്പൂക്കള്‍

മേഘമല്‍ഹാര്‍ സംഗീതമുതിര്‍ത്ത
ഇടവപ്പാതിരാത്രികളില്‍
വേനലില്‍ വറ്റാതെ സൂക്ഷിച്ച
പ്രണയത്തിന്റെ സമര്‍പ്പണം!

വിങ്ങുന്ന മാനം പൊഴിച്ച
ഉപ്പുകലരാത്ത മിഴിനീര്‍
ഭ്രാന്തമായ് രമിച്ച്, കുഴികളില്‍
നിറഞ്ഞൊഴുകിയൊരു പുഴയാ-
യൊടുങ്ങി,യാഴിയില്‍ ചേരും!

വറ്റിവരളുന്ന നീറുന്ന വേദനയില്‍
മാനം കൈകള്‍ നീട്ടിവിളിക്കുന്നു,
പിന്നെയും! യാത്രയാവാതെ വയ്യ-
പ്രണയം വിളിക്കുന്ന നേരം; പോവുക...!

വീണ്ടുമൊരു പ്രണയകാലം തേടി
ഈറന്‍ മാറാതെ, രതിയുണര്‍ത്തി
കുഴികളില്‍ ഉഴറാതൊഴുകീടും മഴ
അറിഞ്ഞീടുമോ താണ്ടുന്ന പാതകള്‍‍..?

പാതകള്‍ മഴയെയറിയുമെന്നൊരു മൊഴി
വഴിയറിയാതാരെയോ കാത്തിരിക്കുന്നു!