Thursday, July 30, 2009

കറുപ്പിന്റെ നിറക്കൂട്ടുകള്‍

മാലാഖമാര്‍ കാവലില്ലാത്ത
അമാവാസിയില്‍, ഒരു
മണ്‍ചെരാതുവെട്ടത്തില്‍
പിറന്നതുകൊണ്ടത്രെ
ഞാന്‍ കറുത്തുപോയത്.

എന്റെ നിറത്തില്‍ സുന്ദരിയായ
കാര്‍കൂന്തല്‍ വെട്ടിമാറ്റിയ ഞാന്‍
കണ്ട കണ്ണാടിയും അന്ധമായിരുന്നു!

ഉടഞ്ഞ ചില്ലുകളില്‍ പതിഞ്ഞ
ചിതറിയ പ്രതിബിംബക്കറുപ്പില്‍
പടര്‍ന്ന ചോരയില്‍, തിഥികള്‍
അടര്‍ന്നുവീണ് അഗ്നിശുദ്ധി വരുത്തി,
ഈറന്‍ മാറ്റി തിരിച്ചുപോയി!

അമ്മയുടെ, അച്ഛന്റെ
ഹൃദയത്തിന്‍ നെരിപ്പോടില്‍
വെന്ത സ്വപ്നങ്ങളുടെ വെളുപ്പ്
കൈകൊട്ടി വിളിക്കുന്നു-
കറുപ്പ്, കറുത്തുസുന്ദരമാകുന്നു!

Sunday, July 26, 2009

മറവി സ്മൃതികളോട് പറയുന്നത്...

മനസ്സ് മുന്‍പേ നടന്ന പാതകളില്‍
മാര്‍ഗ്ഗം തേടിയ വര്‍ഷാദ്യപാദങ്ങളെ
കളിയാക്കിച്ചിരിച്ച കാലവും,
വര്‍ഷാന്ത്യങ്ങളായി മറവിയില്‍
കൊഴിഞ്ഞുവീഴുന്നു!

‘മരിച്ച‘ ഓര്‍മ്മകളില്‍
അക്ഷരങ്ങളായുറഞ്ഞവരും,
‘ജീവിക്കുന്ന‘ ഓര്‍മ്മകളില്‍
വര്‍ഷപാതമായി വന്ന്
വേനലിന്റെ കൊടുംചൂട്
തേടി യാത്ര നടത്തുന്നവരും
മറവിയില്‍ വിലീനമാകുന്നു!

മറവിയുടെ ആഴങ്ങളില്‍,
വാക്കുകളില്‍ വേനല്‍മഴ നിറച്ച്
ഏകാന്തരാവിലുറക്കുപാട്ടായി
സ്മൃതികള്‍ സംഗീതമുതിര്‍ക്കുന്ന നേരം
കൊഴിഞ്ഞുവീണ വര്‍ഷാന്ത്യങ്ങള്‍
വര്‍ഷാദ്യങ്ങളായി തിരിച്ചുവരും!

ഇത് മോക്ഷത്തിന്റെ ദിനം-
മനസ്സിന് ശരീരത്തില്‍ നിന്നും;
ഓര്‍മ്മകള്‍ക്ക് മറവിയില്‍ നിന്നും!

Thursday, July 9, 2009

മഴ മൂളാത്ത മേഘമല്‍ഹാര്‍

നിരത്തിലെ മൂലയില്‍
കിടന്ന അച്ഛന്റെ
കോടിയ വായില്‍
നിറഞ്ഞ മഴ, ഒരുപിടി
സ്വപ്നങ്ങള്‍ നനച്ചു-
കുതിര്‍ത്ത് ഒഴുകി.

ഓട്ടിന്‍പുറത്ത്
തിമിര്‍ത്ത മഴയോടൊപ്പം
മേഘമല്‍ഹാര്‍
മൂളിയ അമ്മയുടെ
നെറ്റിയിലൂടെ ഒഴുകി
ഒരു മഴത്തുള്ളി
സിന്ദൂരം മായ്ച്ച്
മരിച്ചു വീണു.

നിലയ്ക്കാത്ത മഴയുടെ
സംഗീതത്തില്‍ സ്വന്തം താളം
അറിയാതെ കുഴങ്ങിയ
അമ്മയെ തേടി, പുറത്ത്
മഴ നനഞ്ഞുമയങ്ങിയ
അച്ഛന്റെ മൂകതയില്‍
‘പായ‘യില്‍ വീഴുന്ന
മഴയുടെ സംഗീതം വിറച്ചു!

മഴയെ പ്രണയിച്ചു നടന്ന
അമ്മയുടെ വഴികള്‍
സിന്ദൂരം വീണ്
ചുവന്നിരിക്കുന്നു!
ലോകം കാണാതെ
തിരിച്ചുപോയ
കുഞ്ഞുസ്വപ്നങ്ങളുടെ
ചോര വീണു ചുവന്ന
വഴികളില്‍ ഇനിയും മഴ പെയ്യും-
മേഘമല്‍ഹാര്‍ ഇല്ലാത്ത
വെറും മഴത്തുള്ളികള്‍!

മഴ മൂളാത്ത മേഘമല്‍ഹാര്‍

നിരത്തിലെ മൂലയില്‍
കിടന്ന അച്ഛന്റെ
കോടിയ വായില്‍
നിറഞ്ഞ മഴ, ഒരുപിടി
സ്വപ്നങ്ങള്‍ നനച്ചു-
കുതിര്‍ത്ത് ഒഴുകി.

ഓട്ടിന്‍പുറത്ത്
തിമിര്‍ത്ത മഴയോടൊപ്പം
മേഘമല്‍ഹാര്‍
മൂളിയ അമ്മയുടെ
നെറ്റിയിലൂടെ ഒഴുകി
ഒരു മഴത്തുള്ളി
സിന്ദൂരം മായ്ച്ച്
മരിച്ചു വീണു.

നിലയ്ക്കാത്ത മഴയുടെ
സംഗീതത്തില്‍ സ്വന്തം താളം
അറിയാതെ കുഴങ്ങിയ
അമ്മയെ തേടി, പുറത്ത്
മഴ നനഞ്ഞുമയങ്ങിയ
അച്ഛന്റെ മൂകതയില്‍
‘പായ‘യില്‍ വീഴുന്ന
മഴയുടെ സംഗീതം വിറച്ചു!

മഴയെ പ്രണയിച്ചു നടന്ന
അമ്മയുടെ വഴികള്‍
സിന്ദൂരം വീണ്
ചുവന്നിരിക്കുന്നു!
ലോകം കാണാതെ
തിരിച്ചുപോയ
കുഞ്ഞുസ്വപ്നങ്ങളുടെ
ചോര വീണു ചുവന്ന
വഴികളില്‍ ഇനിയും മഴ പെയ്യും-
മേഘമല്‍ഹാര്‍ ഇല്ലാത്ത
വെറും മഴത്തുള്ളികള്‍!