Friday, December 5, 2008

അവസ്ഥാന്തരം

പത്രവാര്‍ത്ത:
‘’വിവാഹനാള്‍ രാവിലെ
ബൈക്കപകടത്തില്‍ വരന് മൃത്യു‘’
‌‌‌‌‌‌‌-‌-----------------------------------------------

വിവാഹമുഹൂര്‍ത്തം
തെറ്റുമെന്നോതി
നടന്നകന്ന നീ
അറിഞ്ഞില്ല
തെറ്റാത്ത മരണമുഹൂര്‍ത്തം
ധൃതിയില്‍ കണ്ടില്ല
എന്‍ മിഴികളിലെ
അവസാനവെട്ടം...

പ്രാണന്‍ എന്നെ
മറന്നത് നിന്റെ ‘ധൃതി‘യാലെന്ന-
റിഞ്ഞും നീ പറഞ്ഞു;
നിര്‍ത്താതെപോയ
വണ്ടിക്കാരന്റെ
തലയില്‍ ഇടിത്തീ വീഴട്ടെ.

വരന്റെ വിയോഗം
വധുവിന്‍ ജാതകദോഷ-
മെന്നോതിയ നീ
സദ്യയുണ്ടേമ്പക്ക-
ത്തില്‍ പറഞ്ഞു;
പേരുമാറിയെന്നാലും
സദ്യ
ബഹുകേമം.

കറുത്ത പാതയില്‍
പടര്‍ന്ന എന്റെ ചോരയില്‍
നനഞ്ഞ മുല്ലപ്പൂമാല വാടി-
ത്തുടങ്ങിയിട്ടില്ല
അവളുടെ പൊട്ടിയ
കുപ്പിവളകള്‍ തറച്ചു-
ചീറ്റിയ രക്തബിന്ദുക്കള്‍
ഉണങ്ങിയിട്ടുമില്ല.

പറയാതെ വയ്യ
പ്രിയസുഹൃത്തേ,
ആ വരന്‍ ഞാനായിരുന്നു.

3 comments:

തേജസ്വിനി said...

ഒരു പത്രവാര്‍ത്ത...

Ranjith chemmad / ചെമ്മാടൻ said...

പരലോകത്തുനിന്നൊരു പുനരെഴുത്ത്!!!!
കൂടുവിട്ടു കൂടുമാറിയ ചിന്തകള്‍...
വേറിട്ടു ചിന്തിക്കൂ ഇനിയും...

Sapna Anu B.George said...

അതിലും ദാരുണ സംഭവങ്ങള്‍ നടന്നു കഴിഞ്ഞില്ലെ!!!