Saturday, January 31, 2009

നിഴലുകള്‍ സ്വതന്ത്രരാകുമ്പോള്‍...

ഇന്നലെ രാത്രി
മുഴുവന്‍
വീടിന്റെ ടെറസിലിരുന്നു-
കൂട്ടിന് അമാവാസി.
ഊഴമിട്ട്
കൃത്യമായി
തോല്‍ക്കുകയും
തോല്‍പ്പിക്കപ്പെടുകയും
ചെയ്യുന്ന നല്ല
ഹൃത്തുള്ളവന്‍‍-
കറുത്ത സുന്ദരനെന്‍
പ്രിയതോഴന്‍.

നിറങ്ങളാവാഹിച്ച്
സാര്‍വ്വത്രിക-
സോഷ്യലിസം
നടപ്പാക്കുന്നവന്‍‍-
ലോകത്തിന്റെ
അഴുകിയ മിഴികളില്‍നിന്നും
എന്റെ സൌന്ദര്യം
രക്ഷിക്കുന്നവന്‍
നല്‍കിയത്രെ,
നിഴലിനും ശാപമോക്ഷം

‘’പ്രണയം ഒന്നും
നേടുന്നുമില്ല-
നഷ്ടപ്പെടുത്തുന്നുമില്ല‘’
ജിബ്രാന്റെ ഓര്‍മ്മ-
പ്പെടുത്തല്‍.

യാത്ര തുടങ്ങിയ
നിമിഷം മിന്നിയ
ദൈവവെളിച്ചത്തില്‍
ലോകം വീണ്ടും
നിറങ്ങളണിഞ്ഞു.
പുറകിലെന്തോ
തിരഞ്ഞ് തപ്പിത്തടയുമ്പോള്‍
ജിബ്രാന്‍ ശാസിച്ചു-
‘’പ്രണയം വിളിയ്ക്കുമ്പോള്‍
പോവുക;
വഴികള്‍ കഠിനമേറിയതെങ്കിലും!‘’

നാളെ വീടിന്‍ മുറ്റത്ത്
ഞാനുറങ്ങുമ്പോള്‍
നോക്കുക,
നിഴലെന്നെ വിട്ടുപോയിരിക്കും.
എന്റെ നിശ്ശബ്ദതയില്‍
അമാവാസി എന്നെ
ചൂഴ്ന്നുനില്‍ക്കും-
സഫലമായ പ്രണയത്തിന്റെ
നിശ്ചലചിത്രം പോല്‍!

Friday, January 30, 2009

മതേതരം.

നാം...
ഉല്‍കൃഷ്ട‘മത‘-
ചിന്തയില്‍
ഉന്മാദനൃത്തമാടി
പൊതുമുതല്‍
നശിപ്പിക്കുന്നവര്‍.

സര്‍വ്വമത-
ശാന്തിയാത്രകളില്‍
ശിലാവര്‍ഷം
നടത്തുന്നവര്‍.

ചോര നല്‍കി
ജീവന്‍ രക്ഷിച്ചവന്റെ
മതം ചോദിക്കുന്നവര്‍.

ചോര വാര്‍ന്ന്
ബോധമറ്റവന്റെ
‘മത‘മറിഞ്ഞ്
ചോര നല്‍കുന്നവര്‍.

കണ്ടിരിക്കില്ല
ചോര പടര്‍ന്ന്
ചുവന്ന മുംബൈ,
നന്ദിഗ്രാമം, മാറാട്..

അമ്മയുടെ
മൃതശരീരത്തില്‍
അമ്മിഞ്ഞ
തേടുന്ന ബാല്യം
വിശപ്പില്‍
അലമുറയിടുന്നു.
വെന്തെരിഞ്ഞ
ശരീരത്തില്‍
അന്നം തേടിയ
തെരുവുപട്ടികളിലേക്ക്
നീളുന്ന പാതിമരിച്ച
മിഴികളില്‍
ഇരകളുടെ
ദൈന്യത.

പിഞ്ചുബാല്യ-
കബന്ധങ്ങളിലാര്‍ത്ത
ഈച്ചകളെ ആട്ടി-
യോടിച്ച ദൈവം
സൃഷ്ടിയോര്‍ത്ത്
ചിരിച്ചു-പിന്നെ
കരഞ്ഞു,
ഓടിയൊളിച്ചു.

ഇനി
നാം സ്വതന്ത്രരാകും-
ദൈവമില്ലെങ്കില്‍
മതങ്ങളില്ലല്ലോ.

Tuesday, January 27, 2009

രതി മരണമടയുന്ന നേരം...

പുതപ്പിനുള്ളിലെ-
യനക്കത്തില്‍
ഞെട്ടിയെഴുന്നേറ്റതു-
മൊരു സര്‍പ്പം
പത്തിവിടര്‍ത്തി
പുഞ്ചിരിക്കുന്നു.
ഭയത്തിലുച്ചമൊരു
നിലവിളി മരിച്ചുവീഴവേ
ആര്‍ദ്രമായി
സര്‍പ്പം പറഞ്ഞു;
ഞാന്‍ രതി.
കവിസ്വാതന്ത്ര്യമെന്ന
ഭ്രമാത്മക
കാല്പനികചിന്ത-
കളില്‍ മേയാന്‍വിട്ട്
നീയെന്നെ
പാതിവ്രത്യത്തിന്റെ
പുറന്തോടില്‍
ചങ്ങല്യ്ക്കിടുന്നു-
പാപചിന്തയില്‍
പത്തിമേല്‍
ആഞ്ഞുചവിട്ടുന്നു.

നിന്റെ കാല്‍പ്പനി-
കതയില്‍,
കവിതകളില്‍
ഇനി നീ
രതിമൂര്‍ച്ചയട-
ഞ്ഞുകൊള്‍ക.

മരിച്ചുവീണ
സര്‍പ്പത്തെ നോക്കി
ഗര്‍ഭപാത്രത്തിലെ
അണ്ഡങ്ങള്‍ കരഞ്ഞു-
മഷി തീര്‍ന്ന
പേന കൊണ്ടെഴുതിയ
കവിതയിലെ
അക്ഷരങ്ങളെപ്പോല്‍.

ശീതീകരിച്ച മുറിയിലെ
യന്ത്രവല്‍ക്കൃത-
ജനനസുഖമോര്‍ത്ത്
ഒരുപക്ഷേ,
എഴുതിയ ഈ
കവിതയെയോര്‍ത്ത്
ചിരിക്കുകയാവും
അവയിപ്പോള്‍.

Monday, January 26, 2009

അമ്മ....

ബാല്യം വരച്ച
അമ്മയുടെ
രേഖാചിത്രത്തില്‍
ചായംതേച്ച
സ്മൃതികളിലിരുന്ന്
സര്‍ക്കാര്‍ ആശു-
പത്രിയുടെ
പൊറ്റനടര്‍ന്ന
ചുമരുകള്‍
വിങ്ങിക്കരഞ്ഞു.

ഏകാന്തബാല്യത്തില്‍
താരാട്ടുപാടിയ
മരണമടുത്ത പങ്കയുടെ
വിലാപത്തില്‍
വാരിയണച്ചുനല്‍കിയ
ചക്കരയുമ്മകള്‍
മരുന്നിന്‍ വിഷ-
സൂചികളായി
നാസിക തുളച്ചത്.

അമ്മിഞ്ഞപ്പാലിന്
ചെന്നിനായകത്തിന്‍
രുചിയെന്ന അറിവിലും
അമ്മിഞ്ഞപ്പാലിന്‍
മാധുര്യവും അമ്മയുടെ
വാത്സല്യവും നിറഞ്ഞ
കവിതകള്‍ ചൊല്ലി-
പ്പഠിച്ചത്.

അയലത്തെവീട്ടിലെ
കുഞ്ഞിനോടുള്ള
സ്നേഹത്തിന്‍ വില-
യറിയാതെ കൌമാരം
അമ്മയുടെ മരണം
തേടിയപ്പോഴും
അമ്മയെ വെറുത്തിരുന്നില്ല.

സര്‍ക്കാര്‍ വക
വിശപ്പടക്കാന്‍ കിട്ടിയ
ഉണക്കറൊട്ടി
സൂക്ഷിച്ചുവെച്ചു-
നല്‍കിയ ഒരമ്മയെ
വെറുക്കാന്‍
ആര്‍ക്കാവും?

Sunday, January 25, 2009

പൂരിപ്പിക്കപ്പെടേണ്ടത്...

പൌലോ കെയ്ലോയും
അയ്യപ്പേട്ടന്റെ കവിത-
കളിലെ വിഷവീര്യവും
മാര്‍ക്കേസും
പാണ്ഡവപുരത്തെ
കാമുകിമാരും
ഇതിഹാസത്തിലെ
രവിയും
മനസ്സില്‍
നൃത്തമാടിയ നേരം
കാമുകന്‍
ക്ലാസ് ഫോര്‍
ജീവനക്കാരി
കാമുകിയോട്
മൊഴിഞ്ഞു;
നീ വെറുമൊരു
മൂളിപ്പാട്ട് മാത്രം.

അറിയാത്ത
വരികളുടെ
പൊരുള്‍ തേടാന്‍
മിനക്കെടാതെ
മൂളുന്ന പാട്ടിനെ
ജനിമൃതികളുടെ
ബാന്ധവം തേടി-
യെത്താറില്ല.
മഴ തേടി
മേഘം വരാത്ത-
തുപോലെ.

ഇടവേളകളിലെ
അര്‍ത്ഥശൂന്യ-
മൂളലില്‍
അര്‍ദ്ധമാം
വരികള്‍
പൂരണം നേടുന്നു-
വെങ്കിലും
ചായം തേച്ച
അക്ഷരങ്ങള്‍ മങ്ങി-
മറയുന്നുണ്ടാവു-
മെന്നറിയുക.

മൂളുന്ന
പാട്ടുകള്‍ക്ക്
ഈണം മാത്രം
സ്വന്തം;
അര്‍ത്ഥവും
വാക്കുകളും
അക്ഷരങ്ങളുമില്ല-
സ്വത്വവും.

നീ വെറുമൊരു
മൂളിപ്പാട്ടുമാത്രം...
ആര്‍ക്കും എപ്പോഴും
പാടി വലിച്ചെറിയാവുന്ന
വെറും മൂളിപ്പാട്ട്.

Thursday, January 22, 2009

സ്നേഹബലി

അമ്മയുടെ
ശ്രാദ്ധത്തിന്
ബലിക്കാക്കകളെ
വിളിക്കവേ
കല്ലെറിഞ്ഞകറ്റുന്ന
കാക്കയെ വിരുന്നു-
വിളിക്കുന്ന
കൈയടിയുടെ
യുക്തിയെന്തെന്ന്
ഒന്‍പതുകാരി
മകള്‍ ചോദിച്ചു

‘’മരിച്ചുപോയവര്‍ക്ക്
ചോറുനല്‍കല്‍-
ബലിയിടല്‍’‘
ഉത്തരത്തില്‍
പിന്നെയും ചോദ്യം;
അച്ചമ്മക്കാക്കയ്ക്ക്
എല്ലാകൊല്ലോം
ചോറുനല്‍ക്വോ?

ഗൌരവം വിടാതെ
അച്ഛന്‍ പറഞ്ഞു;
സ്നേഹമുള്ളവര്‍
എല്ലാ വര്‍ഷവും
ബലിയിടും,
ചോറുനല്‍കും.

ആട്ടിവിടുന്ന മക്കളില്ലാ-
കാക്കകളുടെ
അനാഥദു:ഖത്തില്‍
മനംനൊന്ത്
മോള്‍ പറഞ്ഞു;
എല്ലാ കൊല്ലോം
ഞാനും തരും
അച്ഛന്‍കാക്കയ്ക്ക് ചോറ്.
എനിക്കച്ഛനെ-
യാണേറെയിഷ്ടം.

Monday, January 19, 2009

ചില്ലുകളില്‍ പെയ്യുന്ന മഴ
ചില്ലുകളില്‍ പെയ്യുന്ന
മഴയുടെ നിറം
കറുപ്പെന്നോതി
ചുംബിച്ച എന്റെ
കൂട്ടുകാരനെ
തടയാതെ ചില്ലിന്‍-
കറുപ്പിലെ മഴയില്‍
വെറുതെ ദൂരേയ്ക്ക്
നോക്കിയിരുന്നു.

വായനശാലാ-
മുറ്റത്തെ
ആല്‍മരത്തില്‍
ചിറകുവിടര്‍ത്തി
കുഞ്ഞിനുമീതെ
കുടയാക്കുന്ന
അമ്മക്കിളിയുടെ
വിഫലശ്രമത്തില്‍
ചോര്‍ന്നൊലിക്കുന്ന
വീട്ടില്‍ ഒരമ്മ
വായില്‍ വീണ
വെള്ളം
തുപ്പിക്കളയാനാകാതെ
വിതുമ്പി.

നിനക്ക്
മഴയില്‍
കവിതയും കാമവും
കാല്പനികതയും
വിരിയും.
എന്റെ
കവിതകളില്‍
മഴ ഭയവും
തേങ്ങലുമുതിര്‍ത്ത്
വിങ്ങിപ്പൊട്ടുന്നു.
മഴനിലയ്ക്കും മുന്‍പെ
വീടെത്തണം.
എന്റെ പ്രണയത്തിന്
ഞാന്‍ ചൊല്ലിത്തന്ന
എന്റെ കവിതകള്‍ക്ക്
ചുട്ടുപൊള്ളുന്ന
അക്ഷരങ്ങള്‍ക്ക്
വില നല്‍കുക.

പെയ്തൊഴിയുന്ന
വേനല്‍മഴയില്‍
നനഞ്ഞ മിഴികളില്‍
വിങ്ങിപ്പൊട്ടുന്ന നിന്റെ
പ്രണയം എന്നെ
തേടി നടക്കും.
അന്ന് മഴ പെയ്യാത്ത
എന്റെ ഋതുഭേദങ്ങളില്‍
മഴ ചില്ലിലൊഴുകുന്ന
കറുപ്പില്‍ നിനക്ക്
കവിതയെഴുതാം-
ഓര്‍മ്മക്കുറിപ്പായി.

Friday, January 16, 2009

പ്രണയം സൂക്ഷിക്കുന്നത്...

പ്രണയം മന്ത്രിച്ചു-
നമ്മളൊന്ന്.
മിന്നുകെട്ടിയനേരം
അച്ചനും ചൊല്ലി-
നിങ്ങള്‍ രണ്ടല്ല,
ഇനി ഒന്നുമാത്രം.

സാമ്പാറില്‍ ഉപ്പില്ല;
ചായ കടുപ്പമില്ല
പരാതികളില്‍
ഒന്നെന്ന തോന്നല്‍
പൊട്ടിത്തെറിച്ചു-
അകന്നുമാറിയ
പകുതിക്കിടക്കയില്‍
വികാരിയച്ചന്‍ ചൊല്ലിത്തന്ന
വാചകം ഞെളി-
പിരികൊണ്ടു, മരിച്ചു.

നഗ്നതയില്‍ നാഗമിഴഞ്ഞ
ഒരു ദുസ്സ്വപ്നത്തിനന്ത്യം
പകച്ചെണീറ്റ എന്റെ
മിഴികളില്‍ നോക്കാതെ
മാപ്പുചോദിച്ച്
സ്വന്തം
കിടക്ക തേടി അവന്‍
നടന്നു.
വെള്ള പുതച്ച
പാതിക്കിടക്കയില്‍
പടര്‍ന്ന ശോണിമ
എന്നിലെ എന്നെ
വെറുത്തു.
അഭയം ലഭിക്കാത്ത
എന്റെ ദേഹി
ദേഹം
വെറുത്ത്
പിന്നെയും
നാടുവിട്ടു.

‘സ്നേഹിക്കുന്നവര്‍
സ്വര്‍ഗ്ഗം നേടുന്നു‘

വെറുങ്ങലിച്ച
ദേഹത്തില്‍ ചുംബിച്ചു-
കരഞ്ഞ അവന്റെ
വിലാപത്തില്‍
വികാരിയച്ചന്റെ വാക്കുകള്‍
അലിഞ്ഞുചേര്‍ന്നത്
ആരും കേട്ടില്ല.

Tuesday, January 13, 2009

പെയ്യാത്ത മേഘങ്ങള്‍

മനസ്സ് പണിത
അമ്പലത്തില്‍
അവന്റെ
പ്രണയമായിരുന്നു
പ്രതിഷ്ഠ.

തുറക്കാത്ത
അമ്പലപ്പടിയിലെ
അടഞ്ഞ നടയില്‍
തട്ടി പ്രതിദ്ധ്വനിച്ച
കാലവീചിയില്‍
പ്രതിഷ്ഠയുടെ
അധരക്കോണില്‍
പുഞ്ചിരി വിടര്‍ന്നു-
ഓര്‍ത്തു;
അവനര്‍പ്പിച്ച
പൂക്കള്‍ ഇനിയും
വാടിയിട്ടില്ല

വാടാമലരില്‍
ചുംബിച്ച ശലഭം
ഉദ്ധരിച്ച
മുള്ളുകളില്‍ തട്ടി
ചിറകൊടിഞ്ഞുവീണു.
പ്രണയം
ആര്‍ത്തുചിരിച്ചു.

പ്രണയം
സൂക്ഷിക്കുന്നതും
വലിച്ചെറിയുന്നതും
നഷ്ടപ്പെടുന്നതും
ഓര്‍ക്കുന്നതും
മറക്കുന്നതും
ദു:ഖം.

ആനന്ദമില്ലാ-
വികാരത്തെ
വിണ്ണിലേയ്ക്ക്
വലിച്ചെറിഞ്ഞവള്‍
പൊട്ടിച്ചിരിച്ചു.
വാനമത്
ഖനീഭവിപ്പിച്ച്
ഒരിക്കലും പെയ്യാത്ത
മേഘമാക്കി
സൂക്ഷിക്കുന്നു-
പെയ്യുമെന്ന
പ്രതീക്ഷയുടെ
പെയ്യാമേഘങ്ങള്‍!

Monday, January 12, 2009

അനാഥര്‍ സനാഥരാവുന്ന നേരം

ഗര്‍ഭധാരണ-
നിര്‍വൃതിയില്‍
അവള്‍, കൃഷ്ണഭക്ത
പറഞ്ഞു-
കുഞ്ഞിനെ
കണ്ണനെന്നു
വിളിക്കാം.
അവന്റെ
ചിന്തകളില്‍
വല നെയ്ത
സംശയചിലന്തികള്‍
ചൊല്ലീ-
അവര്‍ണ്ണനീയം ഈ
പ്രണയം,
‘’പേരി‘‘ലും
പ്രണയം നിറയുന്നു.

ഒരു കോപ്പ
നന്നാരിനീരില്‍
അരച്ചുചേര്‍ത്ത
പച്ചമരുന്നില്‍ ഒരു
ജീവന്‍
അവനി കാണാതെ
പൊലിഞ്ഞു;
ജനിക്കാത്ത
കുഞ്ഞുങ്ങള്‍ക്ക്
പിതൃത്വം തേടി-
യലയേണ്ടതില്ല,
അമ്മയുടെ
കളങ്കത്തിന്‍
പാപഭാരമാ-
വേണ്ടതുമില്ല.

അനാഥാലയത്തിലെ
ദൈവവചന-
പ്പൊരുള്‍ തേടി
അവന്‍ നടന്നു-
അനാഥരെ
സനാഥരാക്കുക
പരമപുണ്യം.

Friday, January 9, 2009

മഴയില്‍ ഒഴുകുന്ന പൂക്കള്‍

അന്ന്
മിഴികളില്‍ മഴ
നിറഞ്ഞൊഴുകിയ
ബാല്യത്തില്‍
പഴകിദ്രവിച്ച
കുപ്പായത്തിന്‍
ഈറന്‍ നാറ്റത്തില്‍
സഹപാഠികള്‍
ദൂരെയൊരു
ബഞ്ചില്‍ അഭയം
തേടി
ചിരിച്ചത്...

മേയാപ്പുരയിലെ
കീറിയയോലയില്‍
പെയ്ത്
ഇന്നലെ
അമ്മയുടെ ദാഹം
തീര്‍ത്ത മഴ
അടഞ്ഞ മിഴികളില്‍
തങ്ങി,
ചാലിട്ടൊഴുകി
അച്ഛനുറങ്ങിയ മണ്ണ്
നനച്ച്
ചെളിയാക്കി
മണ്ണിരകളെ
പ്രസവിച്ചു.

ഇന്ന്
ഗന്ധര്‍വ്വനിറങ്ങുന്ന,
പാല പൂക്കുന്ന,
നനഞ്ഞൊട്ടിയ
വസ്ത്രങ്ങളില്‍
രതിയുണര്‍ത്തുന്ന
മഴയുടെ രാത്രി.
നിശയുടെ
അന്ത്യയാമ-
മഴയില്‍
പ്രേമം പങ്കു-
വെയ്ക്കപ്പെടും,
പാലപ്പൂ ഒഴുകും.

നാളെ
മൃത്യു പ്രേമപൂര്‍വ്വം
ചിരിക്കും
ശവക്കുഴികളില്‍
ശവം നാറിപ്പൂക്കള്‍
എന്റെ സ്വപ്നങ്ങളെ
പ്രസവിക്കും.
പിന്നെയും മഴ തുടരും-
കുഴിയില്‍ നിറഞ്ഞ്
ചീഞ്ഞഴുകിയ ശരീരം
വഹിച്ച്
ഒഴുകിത്തീരും.

Wednesday, January 7, 2009

ആത്മാഹുതി

കഴുത്തില്‍ മുറുകിയ
സാരിത്തുമ്പിന്‍
ഊഞ്ഞാല്‍
പൊട്ടിവീണ്
കിടക്കയിലായത്
ആത്മാഹുതി
അന്യമാക്കി.

‘കോമ‘യെന്ന
ശിലാവസ്ഥയില്‍
പൂര്‍ണ്ണവിരാമം കാത്ത്
സമയം കൊല്ലുമ്പോള്‍,
കരയുന്ന മനസ്സിന്
നനയ്ക്കാനാവാത്ത മിഴികള്‍
സ്വയം തേങ്ങുമ്പോള്‍
പടിപ്പുരവാതിലില്‍ മുട്ടി
തിരിഞ്ഞുനടന്ന മൃത്യു
കൊഞ്ചനംകുത്തുമ്പോള്‍
തളര്‍ന്ന ശരീരം
മറക്കുന്നു ആത്മാഹുതി.

ചാരേയിരുന്ന്
കിടക്ക സമ്മാനിച്ച
വ്രണങ്ങളില്‍
വെറുതെ തഴുകി,
മിഴിനീര്‍ വീഴ്ത്താതെ
നടന്നുപോയവനെ-
യോര്‍ത്ത് ഹൃദയം
അനുസ്യൂതം
മിടിയ്ക്കുമ്പോള്‍
വെറുക്കുന്നു
ആത്മാഹുതി.

ആത്മാവ് യാത്രപോയ
ശരീരം ഇന്നും
കേഴുന്നു-
ആത്മാവ് തിരിച്ചുവരുന്നു
ആത്മാഹുതി
മരണം തേടുന്നു.

Friday, January 2, 2009

കല്‍ഹൃദയങ്ങള്‍

എന്റെ ഹൃദയത്തില്‍
ആഴ്ന്ന മഴുവില്‍ പടര്‍ന്ന
രക്തത്തില്‍ നീ എഴുതി;
‘മരം ഒരു വരം.’

ചോരവറ്റിയ എന്റെ
ശവത്തില്‍ നീ പണിയിച്ച
വാതിലില്‍ കൊത്തിവച്ചത്
താമരക്കണ്ണനോ സരസ്വതിയോ?

എന്റെ പട്ടടച്ചൂടില്‍ വെന്ത
ചോറില്‍ നീ വളരും,
കൈകള്‍ ഛേദിച്ച്
നീ ‘പിടി‘യിട്ട മഴു ഹൃദയങ്ങള്‍
കീറിമുറിക്കും,

ആ ചോരയില്‍ നീ പിന്നെയും
എഴുതിച്ചേര്‍ക്കും;
‘മരം ഒരു വരം.’

ശൂര്‍പ്പണഖ

ഇരുണ്ട രാത്രിയിലെ
വരണ്ട നിലാവില്‍
ഉദ്ധൃതവികാരങ്ങള്‍
പൊരുള്‍ തേടിയലയവേ
അഴിഞ്ഞ ചേലത്തുമ്പിലൊ-
രൊറ്റനാണയം

മരവിച്ച കൈകളില്‍
ഛേദിച്ച കുചങ്ങളിലെ
കൊഴുത്ത രക്തം;
തേങ്ങലില്‍ കണ്ട മുഖം
ബീഭത്സം, മുറിഞ്ഞ നാസിക.

അവള്‍ പറഞ്ഞു
ഞാന്‍ ശൂര്‍പ്പണഖ,
നീയറുത്തുമാറ്റി-
യതെന്‍ സ്ത്രീത്വം
നിന്നെ പിന്‍തുടരുക
എന്റെ ജീവിതം.

അവതാരങ്ങളിറങ്ങാത്ത
രാത്രികളില്‍
അഴിഞ്ഞ മടിക്കുത്തില്‍
ആയുസ്സെത്താതെ മരിച്ചു
വീണ വികാരങ്ങളില്‍
നീയണഞ്ഞുപോകും;
എന്‍ മാറിടത്തില്‍ നിന്നുതിര്‍ന്നു
വീഴുന്ന രക്തത്തുള്ളികള്‍പോല്‍...