Thursday, May 21, 2009

കാറ്റു വന്നുപറഞ്ഞത്...

പാതിചാരിയ ജനാല കടന്ന്
കാറ്റുമായവള്‍ വന്നത്
അവനെ തേടിയായിരുന്നു.
എന്നെ തഴുകാതെ മടങ്ങിയ
കാറ്റിന് നിശയുടെ ഗന്ധം!

അടഞ്ഞ ജനാലച്ചില്ലുകളില്‍
മുഖംചേര്‍ത്ത് കരയാതെ
കരയുന്നവന്‍ അറിഞ്ഞില്ല
എന്റെ നിര്‍മ്മലപ്രണയം!

ഡയറിയില്‍ അവന്‍
കോറിയിട്ട കവിതകള്‍,
നേര്‍ത്ത വിഷം ഹൃത്തിലേക്ക്
പതിയെ പകര്‍ന്ന് എന്റെ
വേദനയില്‍ ചിരിക്കുന്നു-
അറിയുന്നു, പാതിമാത്രം ചാരിയ
ജനാലയിലൂടെ ഇന്നലെ
വന്നത് പ്രണയമായിരുന്നു!

പ്രണയം, വേര്‍പാടിന്റെ
കവിതകളാവുന്നനേരം
എന്നെത്തേടിയും അവള്‍ വരും!
അന്ന്‍, നീയും ഒഴുക്കുക
മിഴിനീര്‍കണങ്ങള്‍;
എന്റെ കവിതകളിലെ
അഗ്നി അണഞ്ഞുപോവട്ടെ!

Sunday, May 17, 2009

ഇരുട്ടുവീഴുന്ന പകലുകളോട്.....

കാതില്‍ അവന്‍ മൊഴിഞ്ഞു-
വെട്ടം വീഴാതിരുന്നെങ്കില്‍!
മരണം കാത്ത നിശയുടെ
നൊമ്പരം നിറച്ച മിഴികള്‍
ആത്മസമര്‍പ്പണമേകിയവന്
നഷ്ടപ്രണയത്തിന്‍ അശ്രു!

പ്രണയക്കൈമാറ്റത്തിന്‍
നിത്യസാക്ഷിയാം നിശ
ജീവിതത്തില്‍ പടരും
ഇരുട്ടിനെ മായ്ക്കുവാന്‍,
അവന്റെ മിഴികളിലെ
മറ നീക്കാന്‍ വന്നതേയില്ല പകല്‍!

ഇരുട്ടുവീഴുന്ന വീഥികളില്‍
പകലുകള്‍ക്കും ഇരുട്ടത്രെ!
ഇന്നില്‍ തുടങ്ങി, നാളെവരെ
നടക്കുക നാല്‍ക്കാലിയെപ്പോല്‍.

നാളെകളിലത്രേ ജീവിതം,
ഇനിയും ജനിക്കാനിരിക്കുന്ന,
ഇന്നുകളുടെ വീഴ്ചയില്‍
ചിരിക്കുന്ന നാളെകളില്‍!

Monday, May 11, 2009

കാഴ്ചയ്ക്കപ്പുറം

മനസ്സിന്റെ കാഴ്ച മറച്ച്
മിഴികള്‍ കാണുന്നു-
കണ്ടിട്ടും കാണാതെപോകുന്നു!

മനസ്സ് കാണുന്നത്
കാണാതിരിക്കുന്ന
മിഴികള്‍ മനോഹരമത്രെ!

കണ്ടത് മിഴികളുടെ
കര്‍ത്തവ്യം,
കാണേണ്ടത്
മനസ്സിന്റെ സൃഷ്ടി.
ഇനി മിഴികളെന്തിന്?

ചൂഴ്ന്ന മിഴികളിലെ
അന്ധത, മനസ്സ് സൃഷ്ടിച്ച
വെളിച്ചത്തുരുത്തോര്‍ത്ത്
പുഞ്ചിരിച്ചു-

കാഴ്ച മനസ്സെന്നുമറിയുക!