Tuesday, June 23, 2009

സ്വപ്നത്തിന്റെ നിറഭേദങ്ങള്‍

ജനാലയ്ക്കപ്പുറം പൂക്കുന്ന വെയില്‍
ജനാലയോളമെത്തി മടങ്ങിപ്പോകുന്നു;
ഇരുട്ടുവീഴുന്ന മിഴികളില്‍
സ്വപ്നങ്ങള്‍ പുഴുക്കളായിഴയുന്നു!

ഒഴിഞ്ഞ മരുന്നുകുപ്പികളും
ഉരുണ്ട ‘മാത്ര’കളും നിറഞ്ഞ
ബഹുവര്‍ണ്ണകൊളാഷില്‍
ഒരു കുഞ്ഞ് നിലവിളിക്കുന്നത്
എന്തേ, കേട്ടില്ലയാരും?...

തളര്‍ന്നയെന്‍ കാലുകള്‍ക്കരികില്‍
റെറ്റിനയില്‍ തട്ടി മരിച്ചുവീഴുന്ന-
കെണിയില്‍ അകപ്പെട്ട
എലിയുടെ മിഴികളിലെ
‘പരിഹാസം‘, ദീനതയിലും
ഉയിര്‍ത്തെഴുന്നേറ്റ് ചിരിക്കുന്നു!

കനലെരിയുന്ന മനസ്സില്‍
വാക്കുകളുടെ വര്‍ഷപാതമായി
കവിതകള്‍ പിറക്കുന്നനേരം,
എന്റെ പുഞ്ചിരിയിലെ
കാപട്യത്തിന്റെ നിറച്ചാര്‍ത്ത്
ആത്മാഹുതിയടയുന്നു!

തളര്‍ന്ന കാലുകളില്‍ മുളവെച്ചുകെട്ടി
ഇനിയും, പെയ്യാത്ത മഴക്കാറിനൊപ്പം
നടന്നുനീങ്ങണം-പ്രണയമിനി കാണാതെ വയ്യ!

Monday, June 8, 2009

കറുപ്പുമൂടിയ അഗ്നിച്ചിറകുകള്‍

അഗ്നി നോക്കിനില്‍ക്കെയെന്‍
വിരലുകളില്‍ മുറുകെപിടിച്ച്
ജീവിതത്തിന്‍ വാതായനങ്ങള്‍
മലര്‍ക്കെതുറന്നവന്‍ അഗ്നിയുടെ
സ്നേഹം തേടി യാത്രപോകുന്നു!

തുളുമ്പാത്ത സ്നേഹനിറകുടം
നിറയാതെ സൂക്ഷിച്ചത്
നിനക്കുവേണ്ടിയായിരുന്നു!
അഗ്നിവിഴുങ്ങുന്ന ഓര്‍മ്മപ്പൂവിലെ
നിന്റെ മുഖത്തിന് അണഞ്ഞ
അഗ്നിയുടെ കറുപ്പുനിറം!

‘എന്റെ ഹൃദയത്തോളം
നിന്നെ ഞാന്‍ സ്നേഹിക്കുന്നു‘
ചുംബനാന്ത്യം, ഒരു മൊഴി
ഹൃദയശിലയില്‍ തട്ടി
ഇന്നും മരിച്ചുവീണത്
നിന്നെക്കുറിച്ചോര്‍ത്തായിരിക്കും.