Friday, December 26, 2008

ഇലകളോട് മരം പറയുന്നത്...

വന്മരത്തില്‍
നിന്നുതിര്‍ന്ന
കൊഴിഞ്ഞയിലകളോട്
കൊഴിയായിലകള്‍
ചോദിച്ചു;
കൊഴിയുന്നതിനു-
മുന്‍പോ ശേഷമോ
ഏറ്റവും വേദന...?

കൊഴിഞ്ഞയിലകള്‍
ഭൂമിയിലലിഞ്ഞു-
ഫോസിലുകളായി.
കൊഴിയായിലകള്‍
തേങ്ങിക്കരഞ്ഞ്
മരത്തെ കെട്ടിപ്പിടിച്ചു

ഫോസിലുകളില്‍
വേരൂന്നി ജീവരക്ത-
മാവാഹിച്ച്
സൂര്യനോടും
കാറ്റിനോടും
ശയ്യ പങ്കിട്ട്
മരം
വീണ്ടും ഇലകളെ
പ്രസവിച്ചു.

മരണം കടന്ന
മഹാതാപസിയായ മരം
ശാന്തിമന്ത്രങ്ങള്‍ക്കിടയില്‍
സ്വയം ശപിച്ചു;
കൊഴിഞ്ഞയിലകള്‍
ചിന്തുന്നത്
പ്രാണരക്തം
കൊഴിയായിലകള്‍
ബാധ്യതയും.

5 comments:

തേജസ്വിനി said...

വന്മരത്തില്‍
നിന്നുതിര്‍ന്ന
കൊഴിഞ്ഞയിലകളോട്
കൊഴിയായിലകള്‍
ചോദിച്ചു;
കൊഴിയുന്നതിനു-
മുന്‍പോ ശേഷമോ
ഏറ്റവും വേദന...?

കൊഴിഞ്ഞുപോയതും
കൊഴിയാനുള്ളതും
മനസ്സിനെ മുറിവേല്‍പ്പിക്കുമ്പോള്‍
അറിയുന്നു-
നൊമ്പരങ്ങളുടെ ഒഴിയാത്ത
ആവനാഴിയുമായി വിധി
തൊട്ടുപുറകിലുണ്ട്...

യാരിദ്‌|~|Yarid said...

Gud one..:)

ഭൂമിപുത്രി said...

മരത്തിനെ മരമാക്കുന്നത് കൊഴിയാത്തിലകളല്ലേ?

തേജസ്വിനി said...

ഭൂമിപുത്രി,

കൊഴിയാത്തിലകള്‍ക്കും
ഒരിക്കല്‍ കൊഴിയേണ്ടിവരും
മരത്തിനു വേദനിക്കേണ്ടിയും വരും.

മരം നിലനില്‍ക്കെ
രണ്ടും കാണേണ്ടിവരുന്നു എന്നത്
മരത്തിന്റെ നിയോഗം
എന്നും പറയാം...
വാക്കുകള്‍ക്ക് അര്‍ത്ഥം കല്‍പ്പിച്ച്
നാം സ്വയം രക്ഷപ്പെടുന്നു...

Ranjith chemmad / ചെമ്മാടൻ said...

വായിക്കുന്നുണ്ട് എല്ലാം...
ശക്തമായ നിരീക്ഷണങ്ങള്‍...
ലളിതമായ ഭാഷ...
വേറിട്ടു നില്‍ക്കുന്ന രൂപഭംഗി..
ആശംസകള്‍...തുടരൂ...