Friday, April 24, 2009

നിദ്ര പുല്‍കുന്ന ദിനങ്ങള്‍

അമ്മയേകിയ കോപ്പ
ചുണ്ടോടടുപ്പിച്ച നേരം
നിശ്ശബ്ദയായി പുഞ്ചിരിച്ച
ചേച്ചി പറഞ്ഞില്ല,
നീണ്ട നിദ്രയുടെ സുഖം!

കായ്കളരച്ചുചേര്‍ത്ത പാല്‍
ശരീരം പുറന്തള്ളവേ ചോര-
യൊഴുകിയ അമ്മയുടെ ചുണ്ടിലും
പുഞ്ചിരിയുടെ മൌനം!

കരിഞ്ഞുപോയ വയലിനിപ്പുറം
ചോര്‍ന്നൊലിച്ച കൂരയില്‍
തണുത്തുവിറച്ച കിടാങ്ങള്‍!
ഇന്നലെ, മുറ്റത്തെ മാവിന്‍ചില്ലയില്‍
ഊയലാടിയ അച്ഛന്റെ തുറിച്ച മിഴികളില്‍,
നിദ്ര പുല്‍കിയിരുന്നുമില്ല!

ജീവിച്ചുതീര്‍ത്ത ജീവിതം
മനസ്സിലിരുന്ന് പറയുന്നു:
മരിയ്ക്കാന്‍ കാരണങ്ങള്‍ തേടുന്നവര്‍,
ജീവിയ്ക്കാന്‍ കാരണങ്ങള്‍ തേടുന്ന ദിനം
ദൈവം ഭൂമിയില്‍ അവതരിയ്ക്കും!!
നാളെയിലെ നന്മയോര്‍ത്ത്
ഭൂമിദേവിയുമുറങ്ങും!!!

Saturday, April 18, 2009

കിനാക്കള്‍ക്കപ്പുറം

മോഹങ്ങളുടെ കുന്നിമണികള്‍
ചേര്‍ത്തുവെച്ചുണ്ടാക്കിയ
കിനാക്കള്‍ക്ക് നാരങ്ങാമിഠായി-
കളുടെ രൂപമായിരുന്നു അന്ന്...

കാലം, വ്രണത്തിലെ പൊറ്റന്‍-
പോല്‍ അടര്‍ന്നുവീണപ്പോള്‍
കുന്നിമണികള്‍ മഴത്തുള്ളികളായി..
പിന്നെ, പ്രണയം പുഴയായൊഴുകി...

മഴ നനഞ്ഞ്, പുഴയിലൊഴുകി
വേനലില്‍ ജലം തേടി നടന്ന്...

ഇന്നലെയുടെ ചിത്രങ്ങള്‍ മാഞ്ഞ
വെള്ളപൂശിയ ചുമരുകള്‍ക്കകം
ജനാലച്ചില്ലിലൂടെ ദൂരെ,നോക്കി
അവനെ കാത്തിരിക്കുന്ന നേരം
പെട്ടിയിലെ കുന്നിമണികളുടെ
നിറം മാഞ്ഞുകൊണ്ടേയിരുന്നു.

വിണ്ണിന്റെ സ്വപ്നങ്ങളാം മഴവില്ലിനെ
സ്വന്തമാക്കാന്‍ മോഹിച്ച മഴയുടെ;
മരിച്ചുവീഴുന്ന കിനാവത്രേ,
നാളെയുടെ വിണ്ണിന്റെ പ്രതീക്ഷ!!!

Monday, April 13, 2009

വിഷുവര്‍ണ്ണങ്ങള്‍

ഇനിയും പൂക്കാത്ത മരമേ,
വസന്തം വരാത്ത വഴിയില്‍
ഋതുക്കള്‍ വരില്ലെന്നറിയുക!

ആഴ്ന്നിറക്കിയ ആയുധം നനച്ചൊ-
ഴുകിയ ചോര മായ്ക്കാനാവാതെ
തേങ്ങിക്കരയുന്ന കൊന്നയ്ക്കരികില്‍
പരാഗരേണുക്കള്‍ മരിച്ചുവീണു...

എരിഞ്ഞുതീര്‍ന്ന പൂത്തിരികള്‍
വരവേറ്റ വിഷുപ്പുലരിയില്‍
പീതാംബരമഴിച്ചുവെച്ച് കണ്ണന്‍
കറുത്ത വസ്ത്രമണിഞ്ഞു!

ഇനിയെന്റെ മാടത്തില്‍
വിഷു പിറക്കുന്ന ദിനം
പൂക്കള്‍ കറുക്കും, കറുത്ത
വസ്ത്രത്തില്‍ കണ്ണന്‍ ചിരിക്കും!

ഇരുട്ടിന്‍ ഓട്ടവീണ പ്രാര്‍ത്ഥനാ-
മുറികളില്‍ വളര്‍ന്നൊടുങ്ങുന്ന വിഷു
നല്ലകാലമോര്‍ത്ത് പുനര്‍ജ്ജനിക്കുന്ന
ദിനമായിരിക്കും, കണിക്കൊന്ന പൂക്കുക!!!

Thursday, April 9, 2009

വിലാസം നഷ്ടപ്പെടുന്നവര്‍

മേല്‍ വിലാസമില്ലാത്ത
ഭ്രൂണത്തില്‍ ജനിച്ച്
സര്‍ക്കാര്‍ മോര്‍ച്ചറിയിലെ
പെട്ടികളില്‍ ഉറങ്ങുന്നവര്‍,
നീര്‍ക്കുമിളപോല്‍ അനാഥര്‍!

കവിത ചൊല്ലിത്തീര്‍ന്നനേരം
അനാഥത്വത്തിലുറങ്ങുന്ന
പ്രിയതമന്‍ കാറ്റായിപ്പറഞ്ഞു-
നീര്‍ക്കുമിളകള്‍, ജലം
ഗര്‍ഭംധരിച്ച വായു!
സ്നേഹിച്ചുതുടങ്ങിയത്
മരണമെന്നറിഞ്ഞ്, അലഞ്ഞു-
തിരിഞ്ഞ് പൊട്ടിപ്പോവുന്ന
കുമിള തന്നെ നീയും!

ഞാനുറങ്ങുന്നിടത്തേക്കു-
നീളുന്ന പാതകള്‍ നിനക്ക്
അന്യമായത് നീയറിഞ്ഞുവോ?
കാലം കീറിക്കളയുന്ന
പ്രണയാദ്ധ്യായങ്ങള്‍
വീഴുന്ന കല്ലറകള്‍
മൂളുന്നു നീലാംബരി-

സ്നേഹിക്കുന്ന നിമിഷം
അകലാന്‍ തുടങ്ങി,
മരണമടയാന്‍ ജനിയ്ക്കുന്ന
നീര്‍ക്കുമിള പോലനാഥ-
മാകുന്നതാണ് പ്രണയം!

Sunday, April 5, 2009

ചതഞ്ഞരഞ്ഞ പൂക്കള്‍ക്ക്...

ഇന്നലെ നീ
ആദവും, ഞാന്‍
ഹവ്വയുമായിരുന്നു!

അന്നുപെയ്ത മഴ,
മണ്ണിനോടിണ-
ചേരുന്ന നേരം
അവന്‍ പറഞ്ഞു-
മഴയ്ക്ക്
നിന്റെ ഗന്ധം!...

പുതിയ ഗന്ധംതേടി
മഴയില്‍ യാത്രയായ
നീ, ആദിനാരിയുടെ
കാത്തിരിപ്പറിഞ്ഞില്ല!

രണ്ടാമന്‍
അഴിച്ചുവെക്കുന്ന
വേഷം കാത്ത്
യുഗങ്ങള്‍ക്കിപ്പുറം,

ഇടനാഴിയില്‍
പതുങ്ങിനില്‍ക്കുന്ന
അനുജനോടുള്ള
പ്രണയമോഹത്തില്‍

വിരിഞ്ഞ താമരപ്പൂവിന്‍
സുഗന്ധത്തില്‍
മരിച്ചുവീഴുന്ന
വിരഹം കടന്ന്

ഒന്നാമനേയും
രണ്ടാമനേയും കടന്ന്-

നാളെയൊരിക്കല്‍കൂടി
വരുന്ന നിനക്ക്
വിരുന്നു നല്‍കുന്നത്,
ചാപിള്ളകളെ
പെറ്റുകൂട്ടിയ
പ്രണയത്തില്‍ മരിച്ചു-
വീഴുന്ന താമരപ്പൂ-
ക്കളായിരിക്കും,

മഴ മണ്ണിനോടു
ചേരുന്ന ഗന്ധംതേടി
യാത്ര തുടരുമ്പോള്‍
നിന്റെ പാദത്തിനടിയില്‍
ചതഞ്ഞരഞ്ഞ പൂക്കള്‍ക്ക്
എരിയുന്ന പച്ചയിറച്ചിയുടെ
ഗന്ധമായിരിക്കും...!