Sunday, July 10, 2011

മൂളിപ്പാട്ടുകള്‍ പറയാതിരിക്കുന്നത്....

മുന്നിലെ പിരിയുന്ന പാതകളില്‍
വിടപറയാതെ മറുവഴിതേടിയവന്‍
തൊണ്ടയില്‍ മരിച്ചുവീണ നിലവിളിപോല്‍
സ്മൃതികളില്‍ ജനിച്ച്, മൃതിയടയുന്നനേരം
മനതാരില്‍ ആരോ തേങ്ങുന്നു;
'നീയൊരു മൂളിപ്പാട്ടുമാത്രം!'

അറിയാത്ത വരികളുടെ
പൊരുള്‍ തേടാതെ മൂളുന്ന
പാട്ടിനെ ജനിമൃതികളുടെ
ബാന്ധവം തേടിയെത്താറില്ല!

മൂളുന്ന പാട്ടുകള്‍ക്ക്
ഈണം മാത്രം സ്വന്തം;
അര്‍ത്ഥവും അക്ഷരങ്ങളും
വികാരവുമില്ല; സ്വത്വവും!

ഇടവേളകളിലെ അര്‍ത്ഥശൂന്യ-
മൂളലില്‍ അര്‍ദ്ധമാം വരികള്‍
പൂരണം നേടുന്നു;വെങ്കിലും
ചായം തേച്ച അക്ഷരങ്ങള്‍
മങ്ങിമറയുന്നുണ്ടാവുമെന്നറിയുക!

പാടട്ടെയിനിയൊരു മേഘമല്‍ഹാര്‍
കറുത്ത പ്രണയമേഘം പെയ്തൊഴിഞ്ഞ്
വെളിച്ചത്തുരുത്തുകള്‍ പരക്കട്ടെ;
പ്രണയം മൂളിപ്പാട്ടായ് പിന്നെയും പടരുവോളം!

Thursday, February 17, 2011

ചിതലരിക്കുവോളം

തളര്‍ന്ന ശരീരത്തിലെ തളരാത്ത
മനസ്സില്‍ ചേര്‍ത്തുവെച്ച ഗണിത-
പുസ്തകത്തിലെ ചിലയേടുകളില്‍
ചിതലരിച്ചത് അച്ഛനറിഞ്ഞുകാണില്ല;

തളര്‍ന്ന പെരുവിരലില്‍ ജീവിത-
ശേഷിപ്പായി മക്കള്‍ പുരട്ടിയ മഷി
കറുത്തുണങ്ങിയനേരം ഇറ്റുവീണ ഉപ്പുനീര്‍
നേര്‍ത്ത ശ്വാസം വിഴുങ്ങുവോളം!

വിഷം ചേര്‍ത്ത കഞ്ഞി മോന്തിയ
അച്ഛന്റെ ആനന്ദത്തില്‍ അമ്മ ചിരിച്ചത്
ചിതലരിച്ചിട്ടും നശിക്കാത്ത മന-
ക്കണക്കോര്‍ത്തായിരിക്കണം!

ഉമ്മറച്ചുമരിലെ ചെമ്മണ്ണുമറച്ച്
പരുപരുത്ത ക്യാന്‍വാസില്‍
വര്‍ണ്ണചിത്രമായിനി വിശ്രമിച്ചീടാം-
മുഖത്ത് സുഷിരങ്ങള്‍ വീഴ്ത്തി
ചുവപ്പുചാലിച്ച്, ചിതലരിക്കുവോളം!