Sunday, December 7, 2008

കറുപ്പ്

അന്നം തേടിയലഞ്ഞ
പിതാവിന്റെ
വിയര്‍പ്പിനും
രോഗം കാര്‍ന്ന
അമ്മയുടെ
ഹൃദയവേദനയ്ക്കും
ഇടയിലായിരുന്നു
എന്റെ പിറവി.

മണ്‍ചെരാതിന്‍
വെളിച്ചത്തില്‍
പിറന്നതുകൊ-
ണ്ടത്രെ ഞാന്‍
കറുത്തുപോയത്.
കൂരിരുട്ടിലെ
ജനനത്തിനു
സാക്ഷിയാകാന്‍
മാലാഖമാര്‍
വന്നീലയത്രെ;
പണം വെയ്ക്കുന്ന
കീശ വിറ്റത്
അറിഞ്ഞുകാണുമെന്ന-
ച്ഛനന്നേരം.

അണിയിയ്ക്കാന്‍
താലിയുമായി
വന്ന
ഒരു ഷണ്ഡന്‍;
വേറൊരു
വയോവൃദ്ധന്‍
പിറന്നേക്കാവുന്ന
കുഞ്ഞിന്റെ
നിറമോര്‍ത്ത്
കുടിച്ച ചായ
ഛര്‍ദ്ദിച്ച്
തിരിച്ചുപോയി.
പൂജാമുറിയിലെ അര്‍ദ്ധ-
നാരീശ്വരപ്രതിമ
നിലവിളിച്ചു,
തകര്‍ന്നുവീണു.

ഉടഞ്ഞ കണ്ണാടി-
ച്ചില്ലുകളില്‍ പതിഞ്ഞ
കറുത്ത പ്രതിച്ഛായകളില്‍
ചോര പടരുന്നു.
തിഥികള്‍ അടര്‍ന്നു-
വീണ് അഗ്നിശുദ്ധി
വരുത്തുന്നു.

അമ്മയുടെ,
അച്ഛന്റെ
നെരിപ്പോടില്‍
വെന്ത അരിയുടെ
വെളുപ്പ് കാകരെ
വിളിക്കുന്നു;
വീണ്ടും കറുക്കുന്നു.

11 comments:

tejaswini said...

അണിയിയ്ക്കാന്‍
താലിയുമായി
വന്ന
ഒരു ഷണ്ഡന്‍;
വേറൊരു
വയോവൃദ്ധന്‍
പിറന്നേക്കാവുന്ന
കുഞ്ഞിന്റെ
നിറമോര്‍ത്ത്
കുടിച്ച ചായ
ഛര്‍ദ്ദിച്ച്
തിരിച്ചുപോയി.
പൂജാമുറിയിലെ അര്‍ദ്ധ-
നാരീശ്വരപ്രതിമ
നിലവിളിച്ചു,
തകര്‍ന്നുവീണു.

വൈരൂപ്യം ഒരു കുറ്റമാണോ...?വേളി നടക്കാതെ പോയ സഹോദരിമാര്‍ക്ക്......

പുനര്‍ജ്ജനി said...

കവിത നന്നായിരിക്കുന്നു.
ഇതൊന്നു നോക്കു..

ചിത്രകാരന്‍chithrakaran said...

നിറം ഒരു
പ്രശ്നമായേക്കാം.
പക്ഷേ,ഇത്രക്കു പ്രശ്നമാക്കാനുണ്ടോ?
കരുത്തോടെ ജീവിക്കുക
എന്നാല്ലാതെ !

ഒരു സുഹൃത്തിന്റെ കാളി
എന്നൊരു കഥ ഇപ്പോള്‍
വായിച്ചതേയുള്ളു.
അതിലും പ്രശ്നം
കറുപ്പുതന്നെ!

മാണിക്യം said...

വായിച്ചു തീരുമ്പോള്‍
അതില്‍ നിന്ന് ഒരു തുണ്ട് മനസ്സില്‍
പറ്റി പിടിച്ചാല്‍ എഴുതിയ ആള്‍ വിജയിച്ചു....

നിറം, ധനം,ഒക്കെ സ്ത്രീക്ക് പോരായ്മകളാകും
പ്രത്യേകിച്ച് വിവാഹത്തിന്....

ചിത്രകാരന്‍ പറഞ്ഞപോലെ ‘കരുത്തോടെ’
ജീവിക്കുക.കറുപ്പിന്റെ കാഠിന്യം കരുത്താവട്ടെ !!
हम किसी से कम नहीं! എന്ന്
സ്ത്രീ തിരിച്ചറിയണ്ട സമയം അതിക്രമിച്ചു....
സ്ത്രീ ആയത്തില്‍ അഭിമാനിക്കുക.
സ്ത്രീ ശക്തിയാണന്നറിയുക.
മനസ്സിന് വൈരുപ്യം ബാധിക്കാത്തിടത്തോളം
കുറ്റമല്ല... ആശംസകള്‍..

..::വഴിപോക്കന്‍[Vazhipokkan] said...

karupporu preshnamaane, kalyana samayathe enkilum !!

അനൂപ് അമ്പലപ്പുഴ said...

‘ഞാന്‍‘ കവി ആണന്ന് ഇതിന് അര്‍ദ്ധമില്ല!

ജെപി. said...

കൊച്ചു കഥ കൊള്ളാം.
ആശംസകള്‍ നേരുന്നു..

tejaswini said...

നന്ദി....എല്ലാവര്‍ക്കും....

രണ്‍ജിത് ചെമ്മാട്. said...

തീവ്രമാകുന്നു കവിതകള്‍ പ്രതീക്ഷിക്കുന്നതിലപ്പുറം...
പുകഞ്ഞുകൊണ്ടിരിക്കുന്നു, നിന്റെ വരികള്‍....
ആശംസകള്‍....

Thallasseri said...

കറുപ്പ്‌ ഒരു നിറമല്ല എന്ന്‌ ജീവിതം കൊണ്ടറിഞ്ഞ എല്ലാവര്‍ക്കും വേണ്ടിയാണീ കവിത. കവിത പിറക്കുന്ന കറുപ്പില്‍ തീര്‍ച്ചയായും 'കറുപ്പി'ല്ല. ഇനിയും ശക്തമായ കവിതകള്‍ പിറക്കട്ടെ കറുപ്പില്‍നിന്ന്. പഴമ്പാട്ടുകാരന്‍ തള്ളശ്ശേരി. .

tejaswini said...

നന്ദി...തള്ളശ്ശേരിക്കും രണ്‍ജിത്തിനും....