Friday, February 27, 2009

ദ്രോണഭാരതം

ധര്‍മ്മജന്റെ നുണ നിറഞ്ഞ
‘സത്യ‘ത്തില്‍ ചിരിച്ച കൃഷ്ണനെ-
നോക്കി യാത്രയായ ദേഹി
ചിരംജീവിയാം മകനെ തേടി
കാട്ടില്‍ അലയുന്ന നേരം
മുറിച്ചെടുത്ത പെരുവിരലില്‍നി-
ന്നൂറിവീണ രക്തബിന്ദുക്കള്‍
ഇലത്തുമ്പുകളില്‍ കട്ടപിടിച്ച്
‘ഗുരുദക്ഷിണ‘യെന്നെഴുതിച്ചേര്‍ത്തു.

വ്യൂഹം ഭേദിച്ചകത്തുവന്ന്
പാതിയറിവില്‍ മരണം തേടി-
പ്പോയവന്‍ പുഞ്ചിരിക്കുന്നു.
ഉത്തരയും സുഭദ്രയും വ്യൂഹം
ചമച്ചവനെ പഴിയ്ക്കുമ്പോള്‍
കൃഷ്ണന്‍, നല്‍കാത്ത അറിവിനെ-
യോര്‍ത്ത് പുഞ്ചിരിക്കുന്നു!

അരിപ്പൊടിപ്പാല്‍ കുടിച്ചുവളര്‍ന്ന
ദരിദ്രപുത്രന്, ചോരയും ചലവും
നിറഞ്ഞ, ‘പക‘യുടെ കനല്‍യാത്ര,യേകി
കൃഷ്ണന്‍ വീണ്ടും ചിരിച്ചു!!!

പുതിയ ‘ഭാരതം‘ തുടങ്ങുന്നത്
നൂറ്റുവരെത്തേടുന്ന അമ്മയും
മകനെ തേടുന്ന പിതാവും
കണ്ടുമുട്ടുന്നിടത്താണ്!
ഹേ കൃഷ്ണാ, സൂത്രധാരനായി
നീയില്ലാത്ത നാടകമാവട്ടെയീ ഭാരതം!!!

Monday, February 23, 2009

ഇരിക്കപ്പിണ്ഡം

പണിതീരാത്ത വീട്ടില്‍
ഉറങ്ങിപ്പോയ
അച്ഛനെക്കാത്ത്,
വാടകവീട്ടില്‍
ഉണ്ണാതെ കാത്തിരുന്ന
അമ്മ അറിഞ്ഞില്ല
വിളമ്പിയ ചോറിലെ
ഇരിക്കപ്പിണ്ഡം!

അച്ഛന്റെ ആത്മാംശമുള്ള
ഭൂമിയെ ഒരുതുള്ളി
മിഴിനീരിലടച്ചുവെച്ച്
നഗരം പൂകുമ്പോള്‍
കുഴിമാടത്തില്‍
വിളക്കുവെയ്ക്കുന്ന
മിന്നാമിനുങ്ങുകള്‍
അമ്മയുടെ സ്വപ്നത്തില്‍
നിറഞ്ഞു‍ നിന്നിരുന്നു!

ഫ്ലാറ്റിന്റെ മുകളിലെ
നിലയില്‍ നിന്നും
വൈദ്യുതീകരിച്ച ‘ശ്മശാന‘-
യാത്രയില്‍പോലും
ഭൂമിയെ സ്പര്‍ശിക്കാനാവാതെ
അമ്മ എരിഞ്ഞുതീരും.

ആണ്ടറുതികളില്‍,
ചോറുണ്ണാന്‍ വരുന്ന
കാക്കക്കൂട്ടങ്ങളില്‍
കാലം ചെയ്തു പോയ
മാതാപിതാക്കളെ കണ്ട്
നിര്‍വൃതിയടഞ്ഞ മകന്‍
ബലിച്ചോറിലെ അന്നദാനത്തെപ്പറ്റി
കവിതയെഴുതുമ്പോള്‍
കുഴിമാടത്തില്‍ വിളക്കുകൊളുത്തുന്ന
മിന്നാമിനുങ്ങുകളെയോര്‍ത്ത്
പുഴയിലൊഴുകുന്ന
മണ്‍കുടത്തിലിരുന്ന്, അമ്മ
വിങ്ങിക്കരയുന്നുണ്ടാകാം.

Saturday, February 21, 2009

ആത്മഹത്യാമുനമ്പ് വെളിപ്പെടുത്തുന്നത്...

നേടിയ പ്രണയാന്ത്യം
അകന്നുപോയ മിഴികളിലെ
ആഴമേറിയ പ്രകാശം,
മോണകാട്ടി ചിരിച്ച
കുഞ്ഞിനെ മൂടിയ
വെള്ളത്തുണി മറച്ച
പ്രകാശമറ്റ മിഴികള്‍...
ആത്മഹത്യാമുനമ്പിലെ
മഞ്ഞുമൂടിയ ആഴങ്ങളില്‍
നിന്നൊരുപിഞ്ചുകൈ
കവിളിലുമ്മ വെയ്ക്കുന്നു.

ഒരു വഴുതലില്‍
സ്വന്തമാക്കാവുന്ന
ഭഗ്നസ്വപ്നങ്ങളുടെ
നിശ്ചലചിത്രം പിന്നിലാക്കി
എല്ലിന്‍ കഷ്ണവുമായി
പോകുന്ന തള്ളപ്പട്ടിയ്ക്കു-
പുറകില്‍ ഒരു കുഞ്ഞും
സ്വന്തം നിഴലിനെ കടിയ്ക്കുന്ന
മറ്റൊന്നും കടന്നുപോയി.

പ്രണയയൌവ്വനം
നിഴലിനെ കടിച്ചുതിന്നു-
വലിച്ചെറിഞ്ഞ
ജീവിതത്തിന്‍ ഉച്ഛിഷ്ടം,
ആത്മഹത്യാമുനമ്പിലെ
ശ്വാനരുടെ വായിലിരിപ്പുണ്ട്.
ജീവിയ്ക്കാന്‍ പലതവണ
മരിച്ചവര്‍ ഇനി കുഞ്ഞുപട്ടികളായി
പുനര്‍ജ്ജനിച്ചേയ്ക്കാം.

പ്രണയം തേടി, വിധി തേടി
ആത്മഹത്യാമുനമ്പില്‍ വരുന്നവരേ;
വായിലെ എല്ലിന്‍ കഷ്ണങ്ങള്‍
എടുത്തുകൊണ്ടെന്നെ
താഴേയ്ക്ക് തള്ളിയിട്ടുകൊള്‍ക!!!

Thursday, February 19, 2009

അവതാരങ്ങള് തിരിച്ചുപോകുമ്പോള്‍.....‍

മരണമടഞ്ഞ
ഒരു മേഘം
ദേഹം വെടിഞ്ഞ്
മഴയായി
പുഴയില്‍
മോക്ഷം തേടിയെത്തി.

യന്ത്രഭൂതങ്ങള്‍
ശവക്കുഴികള്‍
മാന്തുന്ന പുഴ സ്വയം
കുളങ്ങളായി
ചുരുങ്ങുന്നു;
അകലെ ഒരമ്മ
പുഴയുടെ
വരവും കാത്ത്
മിഴിനീര്‍ വീഴ്ത്തുന്നു.

വര്‍ത്തമാന-
ചിത്രങ്ങളില്‍
മനംനൊന്ത്
മഴയാത്മാവ്
തിരിച്ചുനടന്നു.
ദേഹം കാണാതെ
കുഴങ്ങിയ
ആത്മാവിന്
മരിക്കാന്‍
ഇനി മരണമില്ല-
ജനിക്കാന്‍ ജനനവും.

അമ്മയെത്തേടി
പുഴ യാത്രയാകു-
ന്നതും കാത്ത്
മഴയാത്മാവ്
നീണ്ട നെടുവീര്‍പ്പിട്ട്
പതുങ്ങിയിരിപ്പുണ്ട്.

പുഴയും മഴയും
മോക്ഷം തേടി
യാത്രപോകുന്ന
കാലമോര്‍ത്ത്
മാതൃഹൃദയം
സുനാമികള്‍
സൃഷ്ടിച്ചുകരയുന്നു
പുഴയും മഴയും
സുനാമിയും ആഴിയും
ഒന്നിന്റെ നിറവില്‍
പൂര്‍ണ്ണമാകുന്നു;
അവതാരങ്ങള്‍
തിരിച്ചുപോകുന്നു.

Tuesday, February 17, 2009

ചിത്രശലഭങ്ങളെ സ്നേഹിക്കുന്നവരോട്....

കാഴ്ചയ്ക്കപ്പുറം യാത്ര പോയ,
സ്നേഹിക്കാന്‍ മാത്രമറിയാമായിരുന്ന
പ്രിയചിത്രശലഭത്തെ തേടി
ഒരുപറ്റം ഹൃദയങ്ങള്‍
ജീവിതസമുദ്രതീരങ്ങളിലൂടെ അലയുന്നു ഇന്നും...
മൃത്യുവിനെ പ്രണയിച്ച നീ വന്നില്ല,
നിന്നെ പ്രണയിച്ച മൃത്യുവും!!!

നിത്യപ്രണയം തേടിപ്പോയ കവിയത്രിയ്ക്ക്...





മുറ്റത്തുപാറിപ്പറന്ന
സുന്ദരചിത്രശലഭത്തെ
പ്രണയിച്ച്
അവള്‍ സ്വന്തമാക്കിയ
ദിനമായിരുന്നു
എന്റെ പൂന്തോട്ടത്തില്‍
കയറാതെ വസന്തം
യാത്ര പോയത്.

ദു:ഖം പുരണ്ട ഇലകള്‍
സ്വയം കൊഴിഞ്ഞു
ഇത്തിരി തുളുമ്പാതെ
മഞ്ഞ് പോയി
കറുത്തിരുണ്ട മേഘം
കരയാതെ പിണങ്ങിനിന്നു
മണ്ണ് വരണ്ടുണങ്ങി,
വിണ്ടുകീറി.
വസന്തം വന്നതുമില്ല.

ഞാന്‍ സ്നേഹിച്ച ചിത്രശലഭം
സ്വന്തമാക്കിയവളെ പ്രണയിച്ച്
സ്നേഹം സ്വന്തമാക്കാം.
പക്ഷേ, പ്രണയമറിഞ്ഞ നിമിഷം
സ്മൃതികളുടെ ഏകാന്തത്തുരുത്തില്‍
എന്നെ മറന്നുവെച്ച്
അവള്‍ മറഞ്ഞുപോയി.

പിണങ്ങിനിന്ന മേഘം
കരഞ്ഞൊഴിഞ്ഞ,
മണ്ണ്, നനഞ്ഞ മേലങ്കിയുടുത്ത
പൂന്തോട്ടത്തില്‍ ഇന്ന്
വസന്തം വിരുന്നുണ്ട്.
എന്നിട്ടും, അവള്‍ വന്നില്ല.

ചിലപ്പോള്‍, അവള്‍
പുതിയ ചിത്രശലഭത്തെ
പ്രണയിക്കുകയാവും.
നിങ്ങളെത്തേടി
അവള്‍ വരും,
വരുമ്പോള്‍ പറയുക;
ഒരായുഷ്കാലത്തിന്റെ
പ്രണയവുമായി
ഞാന്‍ കാത്തിരിക്കുന്നുവെന്ന്.

Saturday, February 14, 2009

പറയാതെ പോയത്..

മനസ്സിന്റെ
ആഴങ്ങളില്‍ ജനിച്ച്
നാവിന്‍ തുമ്പത്ത്
മരിച്ചുവീഴാന്‍ കൊതിച്ച
പറയാതെ പോയ
എന്റെ വാക്കുകള്‍ക്കിന്നും
പാരതന്ത്ര്യമത്രെ.

കിടക്കയില്‍ മൃത്യു
കെട്ടിപ്പുണരുമ്പോള്‍
അരുളപ്പാട് തേങ്ങി-
മനം ച്ഛര്‍ദ്ദിച്ച
വാക്കുകളിലെ
പതിര്, നിന്റെ നരകം
വിഴുങ്ങിയ ലോകവും
നീയുമറിഞ്ഞില്ല.

പറയാതെ പോയ
വാക്കുകളുടെ
പുണ്യമാവും
നിന്റെ സ്വര്‍ഗ്ഗം!!

Wednesday, February 11, 2009

ആവര്‍ത്തനം

പ്രമാണങ്ങള്‍ കീറിമുറിച്ച്
ഹൃദയങ്ങള്‍ക്കിടയില്‍
വരമ്പുകള്‍ പണിയുന്ന മക്കളെ
വയോജനശാലകളില്‍
ഏകാന്തതയൊരുക്കി
പൌത്രര്‍ കാത്തിരിക്കുന്ന
ദിനമോര്‍ത്തു തേങ്ങി,
പത്തുമക്കളെ പെറ്റ,
‘’കളങ്കമറിയാക്കുഞ്ഞിന്റെ
വായില്‍ തിരുകിയ
ചെന്നിനായകം തേച്ച മുല
അര്‍ബ്ബുദച്ചിതല്‍ കയറി-
നശിക്കു‘’മെന്നുപാടിയ
മുത്തശ്ശി യാത്രയായി.

വിമാനത്തിന്റെ കുഞ്ഞുജാലക-
വാതില്‍ തുറന്ന്
മേഘങ്ങളെനോക്കി
കുഞ്ഞുചോദിക്കുന്നു-
ദൈവമിരിക്കുന്നതിവിടെയല്ലേ?

ഹൃദയങ്ങളില്‍നിന്നും
ദൈവത്തിലേയ്ക്കുള്ള ദൂരം
അമ്പലത്തോളമോ പള്ളിയോളമോ അല്ല,
ഒരു ദൂരദര്‍ശിനി,
വിമാനത്തിന്റെ കുഞ്ഞുജനല്‍-
അത്രയേ വരൂ.

Sunday, February 8, 2009

നഷ്ടപ്പെട്ട കളിപ്പാട്ടങ്ങള്‍

കളിപ്പാട്ടങ്ങള്‍
സൂക്ഷിക്കുന്ന
ഇരുമ്പുപെട്ടിയിന്നലെ
മോഷണം പോയി.
തെരയാനിനി ഇടമില്ല;
ഏകാന്തമീയിരുട്ടില്‍
വെട്ടം പകരേണ്ടയാളെയും
കാത്ത് ഉണ്ണാതെ,
യുറങ്ങാതെ വിതുമ്പി.

അങ്ങകലെ
ചില സ്നേഹിതര്‍,
ചിലയാത്മാക്കള്‍
കളിപ്പാട്ടങ്ങളില്‍
ആണിയടിച്ചും
സൂചികയറ്റിയും
ഉരച്ചുനോക്കിയും
മാറ്റും നിര്‍മ്മിതകേന്ദ്രവും
തിരയുന്നതറിയാതെ
അഭയം തേടിച്ചെന്നു-
കിട്ടീല കളിപ്പാട്ടങ്ങള്‍.

ലോകമീയുദ്യാനത്തിലെ
തൊട്ടാവാടിയാകാന്‍
കൊതിച്ച മനസ്സ്
ഹൃദയത്തില്‍
ഒരാല്‍മരം നട്ടു-
ആല്‍മരമിളക്കാന്‍
ആര്‍ക്കുമാവില്ലെന്ന
തോന്നലായിരുന്നു കൂട്ട്.

മഴുവേന്തിയ കൈകള്‍
തേടിയെത്തുന്ന
നിമിഷംവരെ മാത്രം
സ്വസ്ഥമീയുറക്കമെന്ന്
നിങ്ങളും, ഒരുപക്ഷേ
പറയാനിടയില്ല.

Monday, February 2, 2009

കവിത്വം!

കോപ്പിയടിച്ചും
പ്രണയവും മൃത്യുവും
കൂട്ടിക്കുഴച്ചും
‘’ക്ലീഷേ‘’ എഴുതിയും
മടുത്തു-
ശബ്ദതാരാവലിയിലെ
ഏടുകള്‍ കീറി
വിഴുങ്ങിയനന്തരം
ദന്തപ്രക്ഷാളനം നടത്തി
‘’ഘ്വാ‘’ യെന്ന് ച്ഛര്‍ദ്ദിച്ച്
ആധുനികകവിത-
യെഴുതാമിനി.

ശബ്ദതാരാവലിയിലെ
പഴകിയ ഏടുകള്‍ തേടി
തല മാന്തി നടക്കവേ,
അര്‍ത്ഥവും
അനര്‍ത്ഥവും
തേടിനടക്കുന്ന
ഒരു ഭ്രാന്തന്‍
കൈകൊട്ടിച്ചിരിച്ചു
ചോദിച്ചു-
‘രാവ്‘ എന്നാല്‍
രാത്രി.
‘രാവിലെ‘ എന്നാല്‍
രാത്രിയിലെ
എന്നാവ്വോ....

പുതിയ ‘’ത്രെഡ്‘’
(മലയാളഭാഷയത്ര പോരാ)
കിട്ടിയ,യാനന്ദത്തില്‍
അയാളുടെ പുറകെ
ഏന്തിവലിഞ്ഞുനടക്കുന്ന-
തിനിടെയോര്‍ത്തു
നൊബേല്‍സമ്മാനം
കിട്ടിയെന്നാല്‍
സമ്മാനത്തുകകൊണ്ട്
ആധുനികകവി(യത്രി)കള്‍ക്ക്
ശബ്ദതാരാവലി വാങ്ങി-
ക്കൊടുക്കാമായിരുന്നു.
‘’ഗോള്‍ഡന്‍ ഡേയ്സ്‘’
കഴിഞ്ഞാലും
രക്ഷപ്പെടട്ടെ
മലയാളക്കവിത!

അങ്ങകലെ
ഭ്രാന്തന്റെ ഒച്ച
നിലച്ചുപോയ
നിശ്ചലതയില്‍ പാടീ
സ്വന്തം കവിത;
‘രാവ്‘ എന്നാല്‍
രാത്രി.
‘രാവിലെ‘ എന്നാല്‍
രാത്രിയിലെ
എന്നാവ്വോ....