Sunday, November 30, 2008

ശിഥിലചിത്രങ്ങള്‍

അവന്‍ മൊഴിഞ്ഞു, പ്രണയം
നേടുക കഠിനം
ക്ഷണമെന്‍ മനമോതി
പ്രണയം സൂക്ഷിക്കുക
അതികഠിനം.

അവനോതി, പ്രണയമൊരു
മണ്‍ചെരാത്.
അഗ്നിയില്‍ വെന്തുനീറും.
കെട്ടടങ്ങി തണുത്തുറയു-
മെന്നു ഞാനും.

കാലാന്തരേ അറിഞ്ഞു;
ഞാന്‍
അവന്‍ കുലച്ച വില്ലിലെ
വെറും അമ്പ്
വൈകുന്നതെന്തേ,
മാറോടുചേര്‍ത്തു-
വലിച്ചുപിടിച്ചെന്നെ
ദൂരേയ്ക്കയച്ച് സ്വതന്ത്രയാക്കുക.

നാളെ നീ
കളിപ്പാട്ടം കളഞ്ഞുപോയ
കുട്ടിയാകും
നിന്റെ കരച്ചില്‍ തുടരും;
അടുത്ത കളിപ്പാട്ടം
തേടിയെത്തുംവരെ... ..

Thursday, November 27, 2008

വിശാലമനസ്കത

വിഷം ചേര്‍ത്ത
കഞ്ഞി വായിലൊഴിച്ചത്
രുചിയോടെ കഴിച്ച
അച്ഛന്റെ ആനന്ദത്തില്‍
പുഞ്ചിരിച്ചത്
എന്തിനായിരുന്നു?

തുച്ഛമായ ശമ്പള-
പ്പാതി മരുന്നുശാലകള്‍
തിന്നുന്നു,
ജീവനുള്ള ശവം
അന്നം മുടക്കുന്നു.

ദയാവധം യാചിച്ച
അച്ഛന്റെ
തളര്‍ന്ന വിരലുകളില്‍
മഷി പുരട്ടി
ആധാരക്കെട്ടുകളില്‍
പതിപ്പിച്ചത്
മിഴിനീരില്‍ നനഞ്ഞില്ല

ഉമ്മറച്ചുമരിലെ
ആണിയില്‍
വിശ്രമിക്കാം,
റേഷന്‍ കാര്‍ഡിലെ
വെട്ടിമാറ്റാത്ത പേരില്‍
പഞ്ചസാരയും അരിയും
വാങ്ങി അച്ഛനെ
''ജീവിപ്പിക്കുന്ന''
മക്കളുടെ
സ്നേഹത്തില്‍
അഭിമാനിക്കാം.

Monday, November 24, 2008

സിംഫണി

തംബുരുവില്‍
പരതിയ വിരലുകളില്‍
പൊട്ടിയ തന്ത്രി-
കള്‍ തേങ്ങി,
അപശ്രുതി.
ശേഷിച്ച കാലം
ഇരുണ്ട മൂലകളില്‍
വിശ്രമം.

പൊടി പുരണ്ട
മാറാല പിടിച്ച
മൂലകളില്‍
ജരാനരകളില്‍ ജീര്‍ണ്ണിച്ച
വയലിന്‍ സാനന്ദം
സംഗീതമുതിര്‍ത്തു-
വരവേറ്റു.

പാടീ അവര്‍
മേഘമല്‍ഹാര്‍
മാനം ചിരിച്ചു,
മഴയിറ്റിറ്റുവീണു,
പ്രകാശത്തില്‍ ഇരുട്ട്
മരിച്ചു.
വെളിച്ചത്തിന്‍ വാതില്‍
തുറന്ന് ബീഥോവന്‍!

വീണ്ടും ഒരുങ്ങി-
സിംഫണി!!
സ്വസൃഷ്ടിയുടെ
ശ്രവണസുഖത്തില്‍
ബീഥോവന്‍
നിത്യതയിലലിഞ്ഞു-
അവസാനമരണം,
മോക്ഷം!
ജരാനരകള്‍
കൊഴിഞ്ഞു
പുതിയ തന്ത്രികള്‍
കിളിര്‍ത്തു.

മൂല്യനിര്‍ണ്ണയം

പേരു നഷ്ടപ്പെട്ട,
മുഖങ്ങളില്ലാതെയലഞ്ഞ രാത്രികളില്‍,
വിശപ്പിന്റെ വിളിയില്‍,
കടുത്ത ജ്വരത്തില്‍
അഴിയുന്ന ചേലകള്‍
മിഴിനീരില്‍ നനഞ്ഞത്....
നനഞ്ഞ നഗ്നതയില്‍
ആസക്തിയുടെ തുഷാരബിന്ദുക്കള്‍
പുരണ്ട നോട്ടുകള്‍ വീണത്..

അന്നമായി,
മരുന്നായി,
അക്ഷരങ്ങളായി
വസ്ത്രമായി
അവ ഒരിക്കല്‍
അവനെ തേടിയെത്തും;
അതില്‍ പറ്റിപ്പിടിച്ചിരുന്ന
പിറക്കാതെപോയ ഉണ്ണികള്‍
അവനെ നോക്കിച്ചിരിക്കും;
ചിരിയിലന്ത്യം വന്ധ്യയായ
വാമഭാഗം സ്വയമെരിയും.
അവ യാത്ര തുടരും;
ദുഷിച്ചചോര
പുരളാന്‍...

മൂല്യം നിര്‍ണ്ണയിക്കുന്നത്
താണ്ടിയ വഴികളും
ഉപയോഗവുമല്ല;
അക്കങ്ങള്‍, വെറും
അക്കങ്ങള്‍
മാത്രം.

Sunday, November 23, 2008

രുചികളുണ്ടാകുന്നത്...

സന്തോഷം പച്ചമാങ്ങ
പോലെയത്രെ
അകക്കാമ്പിലേ അറിയൂ
ദു:ഖത്തിന്‍ പുളിരസം

ദു:ഖം നാളികേരം
പോലെയത്രെ
അകക്കാമ്പിലെ സന്തോഷത്തിന്‍
രുചിയറിയാന്‍ ആയുധം
വേണം

ഇന്നലെ വരെ
പൊതിയ്ക്കാത്ത നാളികേരവുമായി
ആയുധം തേടി നടന്നു
വിശപ്പടക്കാന്‍ കിട്ടിയതോ,
മാങ്ങയുടെ അകക്കാമ്പും

രണ്ടും ഒടുങ്ങുന്നത്
ഒരേ വികാരത്തിലെന്നിരിക്കെ
രണ്ടുമുപേക്ഷിച്ചട്ടഹസിച്ചു
എന്റെ രുചികളില്‍ ഇന്ന്
മാങ്ങയും തേങ്ങയുമില്ല

Wednesday, November 19, 2008

വേണു പറയാതിരുന്നത്.....

അമ്മയില്‍നിന്ന്
അറുത്തുമാറ്റുമ്പോള്‍
കരഞ്ഞില്ല,
ആയുധമുനകള്‍ മാറില്‍
സുഷിരങ്ങള്‍ വീഴ്ത്തുമ്പോള്‍
തേങ്ങിയില്ല.

ഹേ കൃഷ്ണാ,
എന്നിട്ടും നീ
ചോര കട്ടപിടിച്ച
മുറിവുകളില്‍
ചുംബിച്ചത്,
നേര്‍ത്ത തേങ്ങല്‍
ഹൃദയസ്പര്‍ശിയായ
സംഗീതമായ് പൊഴിഞ്ഞത്...

മരവിച്ച ശരീരത്തിന്
ശ്വാസമേകി നീ-
യുതിര്‍ത്ത നാദം, അന്ന്
‘’ഉപേക്ഷിയ്ക്കപ്പെടലിന്റെ’‘
ഇരുണ്ട മൂലകളില്‍
നേര്‍ത്തുനേര്‍ത്ത് ഇല്ലാതാ-
കുമായിരുന്നു.

കരുവാളിച്ച ചുണ്ടുകളുടെ
വരണ്ട ചുംബനം, ഇന്ന്
ഒട്ടിയ പിഞ്ചുവയറുകള്‍ക്ക്
പാഥേയം.
‘നാളത്തെ അന്ന‘ചിന്ത
മുഷിഞ്ഞുനാറിയ തുണിസഞ്ചിയില്‍
ശയ്യയൊരുക്കുന്നു, എങ്കിലും
എന്നെയോര്‍ത്ത് നെടുവീര്‍പ്പിടാന്‍
അവര്‍ക്കാവില്ല;
ദ്വാപരയുഗത്തില്‍ നിനക്കുമായില്ലല്ലോ......

Monday, November 17, 2008

മനുസ്മൃതിക്ക് പറയാനാവാത്തത്.....

ആദ്യരാത്രിയില്‍
അവന്‍ പുരുഷമേധാ-
വിത്വത്തിന്റെ
വക്താവായിരുന്നു.
ഒരു ചുംബനാന്ത്യം
മനുസ്മൃതിസൂക്തങ്ങള്‍ക്കി-
ടയില്‍ അവനോതി;
നീയൊരു വെറും മഴ.

അനാദിയായ മഴ
അറിഞ്ഞിരിക്കീല അതിന്റെ
പാരതന്ത്ര്യം:
മഴ
പെയ്യുന്നതുവരെ
മേഘത്തിനു സ്വന്തം
മേഘം മുതല്‍ ഭൂമി വരെ
വായുവിനു സ്വന്തം
പെയ്തുകഴീഞ്ഞാല്‍
ഭൂമിയുടെ സ്വന്തം.

വൃദ്ധസദനത്തിലെ
ഇടനാഴിയില്‍ അവളുടെ
മടിയില്‍ തലവെച്ച്
പിന്നീടെന്നോ അവന്‍ തിരുത്തി;
വിട്ടുപോകുന്ന മഴ
മേഘത്തിനു മരണം,
വായുവിന് മഴ
വേവുന്ന ചൂടില്‍ സാന്ത്വനം,
ഭൂമിക്ക് മഴ
ജീവനും.

Friday, November 14, 2008

വൈകാരികം

ചാരായം മോന്തിമയങ്ങിയ
അച്ഛന്റെ മൌനത്തില്‍
അമ്മയുടെ മാനം
ബലമായ്കവര്‍ന്ന കൂട്ടുകാരന്‍
എറിഞ്ഞ ആദ്യവേതനം
ചാരായഷാപ്പിലെ കടം തീര്‍ത്തത്.

പാരലല്‍കോളേജിലെ ക്ലാസിനു-
പുറത്ത് തലതാഴ്ത്തിനിന്ന് ക്ലാസു-
കേള്‍ക്കവെ ആരോ മന്ത്രിച്ചു;
പ്രിന്‍സിപ്പാളാവും ഇന്ന്
അമ്മയുടെ വിരുന്നുകാരന്‍.

തലയില്‍ മുണ്ടിട്ടുവന്ന
നേതാവിന് ബീഡിനല്‍കിയ
അച്ഛന്റെ ആതിഥേയഭാവം
അമ്മയുടെ സ്വേദകണങ്ങളില്‍
മുങ്ങിമരിച്ചില്ല.

മകളുടെ പിതൃത്വം ആരാഞ്ഞ
അച്ഛന്റെ ചോറില്‍
വിഷം ചേര്‍ത്ത് അച്ഛനെയൂട്ടി
അമ്മ പാതിയുണ്ടത്
ആരോടുള്ള പ്രതികാരം...?

ചുവന്നതെരുവിലെ നഗ്നതകളില്‍
രാത്രിയുണരുമ്പോള്‍
അമ്മയുടെ മടിക്കുത്തിലെ
വിയര്‍പ്പുപുരണ്ട നോട്ടുകള്‍
ഒരുപിടിചോറായി
പരിഹസിച്ചുചിരിക്കുന്നു;
കാമം മരിക്കുന്നു, വിശപ്പു-
ണരുന്നു.

Wednesday, November 12, 2008

മഴക്കാഴ്ചകള്‍

വേര്‍പാടുചിന്തയില്‍
വിങ്ങുന്ന മാനം
കറുക്കുന്നു
തേങ്ങുന്നു
പൊട്ടിക്കരയുന്നു
പെയ്തൊഴിയുന്നു

മഴ ചാലുകളാകും,
അരുവികളാകും
നദികളാകും;
ഭ്രാന്തമായോടി
ആഴിയില്‍ ലയിക്കും
സ്വയം നഷ്ടപ്പെട്ട്
മേഘമാകും-
വേര്‍പാടിന്‍ നൊമ്പ-
രമറിഞ്ഞ് പെയ്തൊ-
ഴിയാന്‍...

മഴ,
താണ്ടുന്ന വഴികള്‍
അറിയുന്നില്ല.
വഴികള്‍,
മഴ അറിയുന്നു.

ജനനത്തില്‍ വേര്‍പെട്ട്
മഴയൊഴുകുന്നു
മരണം വേര്‍പെടുത്തുന്നു.
ജനനവും മരണവും
വേര്‍പാടെന്നറിയുന്നു.

Tuesday, November 11, 2008

അനന്തരം നീ........

പിറന്നാളിന്
തേടിയെത്തിയ
മുഖങ്ങളില്‍,
വാക്കുകളില്‍
നിന്നെ തിരഞ്ഞു;
നീ വന്നില്ല.
നിന്റെ അക്ഷരങ്ങളില്‍
ആശംസകളുടെ തേന്‍
പുരളാറില്ലെങ്കിലും
നിനക്ക്
വരാമായിരുന്നു..

പിറന്നാളുകള്‍ കാലം
വിഴുങ്ങി.
തേടിയെത്തിയ
വാക്കുകള്‍,
മുഖങ്ങള്‍
കുറഞ്ഞു,
മാറിമറിഞ്ഞു
നീ വന്നില്ല.

ദുഷിച്ച രക്തത്തില്‍
സമ്പന്നതയലിഞ്ഞ്
ദരിദ്രനായവന്‍
സ്വന്തം കിടക്ക
തേടി
ആശുപത്രിവരാന്തകളില്‍
അഭയം നേടുന്നു;
പിറന്നാളുകള്‍
മരിച്ചുപോകുന്നു

വേവുന്ന വരണ്ട
മനസ്സില്‍
വാക്കുകള്‍ മഴയാക്കി
പെയ്ത്
ഇന്നലെ
നീ വന്നു.
നിന്റെ മിഴികളില്‍
നിറഞ്ഞ ജലം
ജന്മാന്തരങ്ങളുടെ
പിറന്നാള്‍ സമ്മാന-
മൊരുക്കുന്നു-
വീണ്ടും ജനിക്കുന്നു.

Monday, November 10, 2008

ആണ്ടറുതികള്‍...

പണിതീരാത്ത വീട്ടില്‍
ഉറങ്ങിപ്പോയ
അച്ഛനെക്കാത്ത്,
വാടകവീട്ടില്‍
ഉണ്ണാതെ കാത്തിരുന്ന
അമ്മ അറിഞ്ഞില്ല
വിളമ്പിയ ചോറിലെ
ഇരിക്കപ്പിണ്ഡം.

അച്ഛന്റെ ആത്മാംശമുള്ള
ഭൂമിയെ ഒരുതുള്ളി
മിഴിനീരിലടച്ചുവെച്ച്
നഗരം പൂകുമ്പോള്‍
കുഴിമാടത്തില്‍
വിളക്കുവെയ്ക്കുന്ന
മിന്നാമിനുങ്ങുകള്‍
അമ്മയുടെ സ്വപ്നത്തില്‍
നിറഞ്ഞു!

ഫ്ലാറ്റിന്റെ മുകളിലെ
നിലയില്‍ നിന്നും
വൈദ്യുതീകരിച്ച ‘ശ്മശാന‘-
യാത്രയില്‍പോലും
ഭൂമിയെ സ്പര്‍ശിക്കാനാവാതെ
അമ്മ എരിഞ്ഞുതീരും.

ആണ്ടറുതികളില്‍
ചോറുണ്ണാന്‍ വരുന്ന
കാകരില്‍
മാതാപിതാക്കളെ കണ്ട്
നിര്‍വൃതിയടഞ്ഞ മകന്‍
ബലിച്ചോറിലെ അന്നദാനത്തെക്കുറിച്ച്
കവിതയെഴുതുമ്പോള്‍
കുഴിമാടത്തില്‍ വിളക്കുകൊളുത്തുന്ന
മിന്നാമിനുങ്ങുകളെയോര്‍ത്ത്
പുഴയിലൊഴുകുന്ന
മണ്‍കുടത്തിലിരുന്ന് അമ്മ
വിങ്ങിക്കരയും.