Tuesday, March 31, 2009

യാത്ര

മരണം ഒരു കയര്‍തുമ്പില്‍കെട്ടി,
എത്തിപ്പിടിക്കാന്‍ കഴിയാത്ത
പ്ലാവിലകളില്‍ ജീവിതം തൂക്കി,
പ്രിയതമന്റെ ചോരമണമുള്ള
വഴിയിലൂടെന്നെ നയിക്കുന്ന നേരം
ധൃതിയേറിയ യാത്ര മരണത്തി-
ലേക്കെന്നോതി അവന്‍ ചിരിച്ചു...

പറമ്പിലെ മൂലയിലൊരു മേശ
അലങ്കരിച്ച പ്രിയമുഖത്തിലെ
ഒഴുകുന്ന ചോരത്തുള്ളികള്‍
കട്ടപിടിക്കാന്‍ മടിച്ച് രമിക്കുന്നു!

ഇനി നിന്റെ ഊഴം!
വലിയ കത്തി രാകിമിനുക്കി
മൂര്‍ച്ച കൂട്ടിയവന്‍ ചിരിച്ചു.
കൈകാല്‍ ബന്ധിച്ച് വായില്‍
നീരൊറ്റിച്ച്, കഴുത്തില്‍ കത്തി
വെക്കുന്നനേരം മതിവരാത്ത
ജീവിതക്കൊതിയില്‍ ദീനമായി
നോക്കും, അവന്‍ ചിരിക്കും!

കത്തിയുടെ വായ്ത്തലതിളങ്ങി,
ച്ചിരിക്കുന്ന നേരമോര്‍ത്തു:
കഴുത്തില്‍ കത്തിയാഴ്ത്താന്‍
നല്ല നേരം നോക്കുന്നവനും
ജീവിതം നല്‍കുന്നത്, മരണം!

Wednesday, March 25, 2009

സെമിത്തേരിയിലെ പൂക്കള്‍

സെമിത്തേരിയിലെ
ഏകാന്തമീ,യൊറ്റമുറി-
വാസി തന്‍ മാറില്‍
വേരാഴ്ത്തി വളരുന്ന
ചെടികള്‍ക്ക് പുഷ്പിക്കാ-
തിരിക്കാനാവില്ല!

ചോര വലിച്ചെടുത്ത്
ചുവന്ന മന്ദഹാസം
പൊഴിക്കുന്ന
റോസാച്ചെടിയുടെ
തായ്‌വേര്, എന്റെ
ഹൃത്തിന്റെ നിലച്ച
സ്പന്ദനങ്ങളില്‍ നിന്നാ-
ണുല്‍ഭവിക്കുന്നത്.

(എന്റെ) പ്രിയതമന്‍
നിനക്കുനല്‍കിയ
ചോര മണക്കുന്ന
പ്രണയോപഹാരമൊരു
പൂക്കൂടയാക്കി,
എന്റെ തടവറയുടെ
കവാടത്തിലര്‍പ്പിച്ചു നീ,
നിത്യശാന്തി പ്രാര്‍ത്ഥിക്കുക!

ശിലയിലെ പേരുറക്കെ
വായിക്കാതിരിക്കുക;
പ്രതിദ്ധ്വനി നിന്റെ
പേരു വിളിച്ചേയ്ക്കാം!
ശിലയിലെ നാമം കുനിഞ്ഞു-
നോക്കാതെയുമിരിക്കുക;
പ്രതിബിംബത്തില്‍ നീ
നിറഞ്ഞേയ്ക്കാം!

Monday, March 23, 2009

മാതൃത്വമുണരുമ്പോള്‍.....

നിരത്തിലുപേക്ഷിച്ച
ചോരക്കുഞ്ഞിനെ
കടിച്ചുകീറുന്ന
നായ്ക്കള്‍ക്കരികില്‍
ഒരമ്മ, മുലയില്‍
നിറഞ്ഞ മാതൃത്വം
ഓടയില്‍ കളയുന്നു!

പേറ്റുനോവില്‍
അലറി,യന്ത്യമവള്‍
പൊക്കിള്‍ക്കൊടിയറുത്ത്
വേര്‍പാടിന്‍ ശിലയില്‍
ശവകുടീരം പണിതു!

ഒരു മരണത്തില്‍ ജീവിതം
പണിതുയര്‍ത്തിയ
അമ്മ, നടന്ന വഴികള്‍
തിരിച്ചുനടക്കവേ
പാതയോരത്തെ
വിസര്‍ജ്ജ്യത്തില്‍
കുഞ്ഞ് നിലവിളിക്കുന്നു!

ശുഷ്കിച്ച മാറിടത്തില്‍
നിന്നിറ്റുവീണ രക്തത്തുള്ളി
കുഞ്ഞിന്റെ കിടക്കയില്‍
കുരുത്ത റോസാപ്പൂവില്‍
വീണ് ചിതറുന്നു-
മാതൃത്വം നിര്‍വൃതിയടയുന്നു!

Thursday, March 19, 2009

എന്റെ മരണം!

ഉറക്കഗുളികകള്‍ക്കൊടുവില്‍
രാത്രികളില്‍ മരിച്ചുവീഴുന്ന
സ്വപ്നങ്ങളുടെ കരച്ചിലില്‍,
ഉറങ്ങുന്ന ആത്മാവിനെ
പുണര്‍ന്നു, തോളിലേറ്റിയാരോ
നടക്കുമ്പോള്‍, പുറകില്‍
ആര്‍ത്തനാദങ്ങള്‍ വീണുടയുന്നു;
രാമായണപാരായണം ഇടറുന്നു,
ചന്ദനത്തടികള്‍ വരവേല്‍ക്കുന്നു!

നിലവിളക്കില്‍ മരണം കാത്ത്
സ്വയം എരിയുന്ന അഗ്നിക്ക്
കൂട്ടായി, പ്രാണന്റെ പുകച്ചിലില്‍
മരണമൊരറിയിപ്പാക്കി
ചന്ദനത്തിരികളുടെ ഗന്ധം!

ശാന്തയായി കിടക്കവേ വെറുതെ
ചിരിച്ചു- മരിച്ചത് ഞാനെങ്കില്‍,
കിടക്ക തയാറാക്കിയ ചന്ദനവും
ബലാല്‍ക്കാരം ചെയ്യുന്ന അഗ്നിയും
സുഷുപ്തിയില്‍ ജനിക്കുന്ന സ്വപ്നവും
എന്റെ മരണത്തില്‍ മരണമടയും!!!

Wednesday, March 18, 2009

സങ്കരം

അച്ഛനുമമ്മയും
ഋജുരേഖകളിലെ
സമാന്തരയാത്രയില്‍
നട്ട മാവിന്‍ തൈ
പൂത്തു, കായ്ച്ചു-
അഴകുള്ള ഒരു ചക്ക.

പീതവര്‍ണ്ണച്ചുളകള്‍ക്ക്
പുളിരസമായിരുന്നത്രെ.

ഋജുരേഖകള്‍
വളച്ചടുത്തുവന്ന്
അച്ഛന്‍ അമ്മയേയും,
അമ്മ തിരിച്ചും
വഴക്കുപറഞ്ഞുരസിച്ചു.

മാവിന്‍തൈയില്‍
പ്ലാവിന്‍തൈ ചേര്‍ത്ത്
ഒട്ടുമാവുണ്ടാക്കിയത്
അച്ഛനറിഞ്ഞില്ല.

നല്ലയഴകും സ്വാദുമുള്ള
മാങ്ങയെന്ന ചക്ക,
(ചക്കയെന്ന മാങ്ങയോ)
അടുത്ത തലമുറയുടെ
ജാതിക്കോളത്തില്‍ എഴുതേണ്ട
വാക്കിനെക്കുറിച്ചോര്‍ത്ത്
ആര്‍ക്കും വേണ്ടാതെ
മരച്ചോട്ടില്‍ കിടന്നുറങ്ങി.

Saturday, March 14, 2009

ചായം തേയ്ക്കുന്ന മുഖങ്ങള്‍

സന്നിപാതത്തില്‍ വിറയ്ക്കുന്ന
അമ്മയുടെ വരണ്ട ചുണ്ടുരുവിട്ട
ഭഗവതീനാമത്തില്‍, ആയുധം
ചോദ്യചിഹ്നമായി വിങ്ങിയനേരവും
ഭക്തരുടെ ഭ്രാന്താവേശത്തില്‍
വാങ്ങേണ്ട മരുന്നോര്‍ക്കാതെ-
യുറഞ്ഞുതുള്ളിയാ തെയ്യം!!!

അകലെയൊരു മണ്‍കുടിലില്‍
വേനല്‍ച്ചൂടിന്റെ പെയ്ത്തില്‍
അച്ഛന്‍ യാത്ര പോകുന്നത്
പ്രവചിക്കാത്ത ഭഗവതിയെ
തന്നിലേക്കാവേശിച്ച ദിനം
വാളൊരു ചോദ്യചിഹ്നമായിരുന്നില്ല!

ദൈവങ്ങള്‍ കുടിയേറുന്ന നിമിഷം
മുഖവും മനസ്സും നഷ്ടപ്പെടുന്നവര്‍
ചിന്തകളില്‍ വാളുകൊണ്ട്
സ്വയം ആഞ്ഞുവെട്ടും; മനസ്സില്‍,
ചോരവാര്‍ന്ന് ഭഗവതി മരണമടയും!

മുഖത്തുതേച്ച ചായക്കൂട്ടിലെ
സ്ത്രൈണതയ്ക്ക്,
മറയ്ക്കാനാവുമോ
മനസ്സിലെ വികാരപ്രതിഫലനങ്ങള്‍...‍?

Wednesday, March 11, 2009

പിന്‍വിളികള്‍ക്ക് കാതോര്‍ക്കാതെ...

രണ്ടു സമാന്തരരേഖകള്‍ക്ക് കുറുകെ
മലര്‍ന്നുകിടക്കുമ്പോള്‍
നക്ഷത്രങ്ങളും നിലാവും
കളിയാക്കിച്ചിരിയ്ക്കുന്നതിനെ മറച്ച്
ഇരുട്ട് കൂട്ടുവന്നു.

തലഭാഗത്തെ രേഖ ചൊല്ലി;
ഉടലും തലയും വേറിടുന്ന നിമിഷം
എന്റെ ആത്മാവും വേറിട്ടുപോകും;
സ്മൃതികളില്‍ തലയില്ലായുടലും
ഉടലില്ലാതലയുമായി വരാതിരിക്കുക!
എന്റെ കുഴിഞ്ഞ കണ്ണുകളില്‍
ഉരുണ്ടുകൂടിയ മിഴിനീര്‍ തുടയ്ക്കുവാന്‍
ഇനി നിന്റെ പ്രണയത്തിനാവില്ല, വിട!!!

അടുത്ത സമാന്തരരേഖ ചൊല്ലി;
മുറിനിറഞ്ഞ പാവക്കുഞ്ഞുങ്ങളില്‍
നിന്നിലെയമ്മ ആനന്ദവതിയായ നേരം
പൈതൃകം നോവിക്കുന്നതറിഞ്ഞില്ല നീ.
കൊലചെയ്യപ്പെടുന്ന നിന്റെ പാവക്കുഞ്ഞുങ്ങളുടെ
കണ്ണുനീരൊപ്പാന്‍ നിന്റെ കബന്ധത്തിനുമാവില്ല.

തലയ്ക്കല്‍ കാമുകനും,
കാല്‍ക്കല്‍ ഭര്‍ത്താവും
സ്നേഹത്തിന്‍ അര്‍ത്ഥതലങ്ങള്‍
മത്സരിച്ചു മന്ത്രിക്കുമ്പോള്‍
ജീവിതം ചൂളംവിളിച്ച്
വരുന്നതിനെതിരെ
സമാന്തരരേഖകള്‍ക്ക് നടുവിലൂടെ
പിന്‍വിളികള്‍ക്ക്
കാതോര്‍ക്കാതെ നടന്നു...

Saturday, March 7, 2009

കറുപ്പ് പടരുന്ന മഞ്ചാടിമണികള്‍...

സ്വത്വമില്ലാത്ത
പ്രതലത്തില്‍ വരച്ച
വര്‍ണ്ണചിത്രത്തില്‍,
പോയകാലത്തിന്‍
കരിനിഴല്‍!
എന്റെ മറവിയുടെ
മണ്‍പുറ്റില്‍, സ്മൃതികള്‍
സര്‍പ്പങ്ങളായി
ദ്വാരമുണ്ടാക്കുന്നു.
ദൂരെ, അനാഥയുടെ
സനാഥമായ കാലം!

സര്‍പ്പക്കാവില,ന്തിയില്‍
വിളക്കുവെയ്ക്കുന്ന
അനിയത്തി, രണ്ടുതുള്ളി
ഉപ്പുചേര്‍ത്ത ജലം നല്‍കി
നടന്നുപോകുന്നു.

ജയിച്ചു നേടിയ
മഞ്ചാടിമണികളും
വളപ്പൊട്ടുകളും
കളിപ്പാത്രത്തിലാക്കി
എന്റെ നെഞ്ചിന്‍കൂടില്‍
അച്ഛന്‍ മറന്നുവെച്ചത്
അവളറിഞ്ഞിരിക്കും!

എന്റെ അഴുകുന്ന
ഹൃദയത്തില്‍ ഒരു
ശിഥിലചിത്രമായി
അവള്‍ മായുന്ന ദിനം,
മഞ്ചാടിമണികളും
വളപ്പൊട്ടുകളും
കറുപ്പായി മാറും;
കളിപ്പാത്രം മണ്ണോടുചേരും!

Thursday, March 5, 2009

മിഠായിപ്പൊതികള്‍

പുറംവെളുത്ത കറുപ്പിലെ സഞ്ചാരികള്‍
തെരുവില്‍ ഇണചേരുന്ന നായ്ക്കളെയാട്ടി
അമ്മയ്ക്കു വിലപറയുന്ന നേരം
ഇരന്നുകിട്ടിയ ഒരുപിടിചോറ്
ഇരുളിലിരുന്നവളുണ്ണുകയായിരുന്നു.

ഇന്നലെ വിയര്‍പ്പാറ്റി തിരിച്ചുവന്ന
അമ്മയേകിയ കടലാസുമിഠായിയുടെ
മധുരം മനം നിറച്ചതോര്‍ത്ത്
അമ്മയുണ്ട ചോറിന്റെ ബാക്കിയുണ്ടു.

അച്ഛനെന്തേ വരാത്തൂ;
ഏകാന്തതയില്‍, ഉറങ്ങാതെ
വിതുമ്പിയ കുഞ്ഞിനെ താരാട്ടു-
പാടിയുറക്കി, ഒരു നിശാസംഗീതം.
പകലില്‍ നാട്ടുകാര്‍ കനിഞ്ഞു നല്‍കി
ജാതിമതഭേദമില്ലാതെ,യച്ഛന്മാരേയും...!

മുനിസിപ്പാലിറ്റിവണ്ടിയില്‍
അനാഥയായമ്മ പോയദിനവും
ഇരുളിലൊരാള്‍ വന്നു.
ബാല്യമൊരു നിലവിളി കേട്ട്,
ചുണ്ടില്‍ തേച്ച ചായം മുഖത്തു-
പടര്‍ന്നത്, ഹേ ഭാരതനാരീരത്നമേ
നീ ഓര്‍ക്കുന്നുണ്ടാവും....!!
നീ പരത്തിയ വിദേശ‘വിഷ’സുഗന്ധത്തില്‍,
അന്നു പബ്ബുകളില്‍ ദ്രുതതാളം ഉണര്‍ന്നിരിക്കും.

അച്ഛനെതേടുന്ന അനാഥമകളെ തേടി
ഇരുളില്‍, ആരോ ഒരാള്‍ ഒരു-
മിഠായിപ്പൊതിയുമായി കാത്തുനില്‍ക്കുന്നു.

Tuesday, March 3, 2009

കണ്ണാടിക്കാഴ്ചകള്‍

കുഴിഞ്ഞ കണ്ണുകളും
എല്ലുന്തിയ കവിളുകളും
മരവിച്ച ചുണ്ടുകളും
കണ്ടുമടുത്ത എന്റെ
കണ്ണാടിയുടെ കാഴ്ച
നഷ്ടപ്പെട്ട ദിനം മുതലായിരുന്നു
അന്ധതയെ ഇഷ്ടപ്പെട്ടു-
തുടങ്ങിയത്.

ആ ദിനങ്ങളില്‍
സൌന്ദര്യവതിയാക്കിയ
പ്രിയചങ്ങാതി,
നഷ്ടപ്രണയത്തില്‍ സ്മൃതികളെ
കൂട്ടുപിടിച്ച് മുഖം
വികൃതമാക്കുന്ന നേരം
വെളിച്ചത്തുരുത്തുകള്‍
ഇരുളിന്‍ സാമ്രാജ്യം
കീഴടക്കുകയായിരുന്നു.

സിന്ദൂരം മാഞ്ഞ
മുഖത്തെ വികാരങ്ങള്‍
കണ്ണാടിയിലിരുന്ന്‍
സ്വയം ചോദിച്ചു;
വെളിച്ചത്തുരുത്തുകളുടെ
വാതായനങ്ങള്‍ക്കപ്പുറം
ഇരുളോ വെളിച്ചമോ?

പ്രിയസുഹൃത്തേ, നിങ്ങള്‍
ഇരുളിലല്ലെന്നുറപ്പെങ്കില്‍
അന്ധമായ കണ്ണാടിയിലെ
അനന്തകോടിദൃശ്യങ്ങളില്‍
നിര്‍വൃതിയടയുക!