Sunday, January 17, 2010

അനാഥ!

കരിഞ്ഞുപോയ വയലിന്നിപ്പുറം
അരിയിടാത്ത കലത്തില്‍
തിളച്ചുമറിയുന്ന ജലം തൂവി
അടുപ്പിലെ തീയണഞ്ഞനാള്‍
മാവിന്‍ചില്ലയില്‍ ഊയലാടിയ
അച്ഛന്റെ തുറിച്ച മിഴികളില്‍
അനാഥമാകുന്ന വീടിന്നപ്പുറം
വായ്പകളുടെ ഗണിതം!

കായകളരച്ചുചേര്‍ത്ത കാപ്പി
വിയര്‍പ്പായി ശരീരം പുറന്തള്ളവേ
ചോരയൊഴുകിയ അമ്മയുടെ
ചുണ്ടിലും പുഞ്ചിരിയുടെ മൌനം!

ഇരുട്ടിന്‍ നഖക്ഷതങ്ങളില്‍ പൊടിഞ്ഞ
നൊമ്പരമഷി പുരണ്ട വര്‍ത്തമാനചിത്രങ്ങള്‍ക്ക്
അമ്മയുടെ പുഞ്ചിരിയുടെ ആര്‍ദ്രതയോ
അച്ഛന്റെ മിഴികളിലെ ഭീതിയോ?

ഇവിടെയെന്‍ ഏകാന്തമുറിയില്‍
മരണത്തിനും ഭയമത്രെ,യെത്തിനോക്കാന്‍!
മരിയ്ക്കാന്‍ കാരണം‍ തേടുന്നവരേ,
എന്നെ സ്വന്തമായെടുത്തുകൊള്‍ക!

Tuesday, January 12, 2010

അധിനിവേശം

നിന്റെ അധിനിവേശം
വന്ധ്യമാക്കിയ എന്നിലെ കവിത,
ഒഴിഞ്ഞ മഷിക്കുപ്പിയില്‍
മൃതിതേടിയിന്നലെയകന്നു.

എഴുതാത്ത പേന കൊണ്ടെഴുതിയ‍
കവിതയിലെ അക്ഷരങ്ങള്‍ തേടി
പാതയോരത്തെ ചാലുകളില്‍
ഉന്മാദിയായലഞ്ഞ നീയിന്നലെ,

ഇരുട്ടിന്‍ കറുത്തവസ്ത്രമണിഞ്ഞ്
അടയ്ക്കാത്ത പൂമുഖവാതിലില്‍
നിശ്ശബ്ദം പെയ്യുന്ന മിഴികള്‍
അടയുന്ന നേരം മാത്രമണഞ്ഞു!

ചന്ദനമുട്ടികളില്‍ പടര്‍ന്ന് നീ
മനസ്സിന്റെ ചുണ്ടുകളില്‍
പ്രണയവിഷം ഇറ്റുവീഴ്ത്തി
നോവുമാത്മാവില്‍ നഖങ്ങളാഴ്ത്തി
പുണര്‍ന്നെന്നെ സ്വന്തമാക്കുക!

നിന്റെ അധിനിവേശത്തില്‍
ഞാന്‍ ഇനി നീയാവട്ടെ!‍