Thursday, December 16, 2010

നിറഭേദങ്ങള്‍

നിറം മാറ്റിയ ചോരത്തുള്ളികള്‍
ധവളപക്ഷത്തില്‍ ചേര്‍ത്തുവെച്ച്
വിധിയുടെ ലിറ്റ്മസ്, തീക്ഷ്ണമാം
'മോഹ'ത്തെ ഒഴുക്കിക്കളഞ്ഞുവോ...!

വൈദ്യം തേടിയലഞ്ഞ നാളുകളില്‍
സ്വരുക്കൂട്ടിയ പാവക്കുഞ്ഞുങ്ങള്‍ക്കരികെ,
പ്രിയനേകിയ വെളുത്ത മാത്രകള്‍ക്ക്
ദുഷിച്ച ചുവപ്പില്‍ സമാധിയൊരുങ്ങി!

പിറവിയറിയാതെ 'മരിച്ച' ജീവകണിക‍
വികൃതഗര്‍ഭപാത്രത്തില്‍ ചുവപ്പായനേരം,
ചുരന്ന മാറിടം തുടയ്ക്കാത്ത ‘അമ്മ'യ്ക്കരികില്‍
അനാഥമായുറങ്ങുന്ന പാവക്കുഞ്ഞിന്
ജീവനേകാന്‍ ദൈവം വീണ്ടും മറക്കും!

മാറ്റിയ നിറത്തിന്‍ പൊരുളറിയില്ലെങ്കിലും
പ്രിയലിറ്റ്മസ്, നീ നരച്ചുപോകാതിരിക്കട്ടെ....!

Sunday, September 26, 2010

മരുഭൂമി പറയാതിരിക്കുന്നത്...

ആഴങ്ങളില്‍ വന്യമായ്പെയ്തിറങ്ങിയ മഴ,
ആസക്തിയില്‍ പ്രജ്ഞയറ്റ് മേഘമായുറഞ്ഞു.
ജീവന്റെ ആദ്യതുടിപ്പിന്‍ നിര്‍വൃതിയിലും
മഴയുടെ വരവും കാത്ത് മരുഭൂവിരുന്നു.

മഴയുടെ തുറക്കാ‍ത്ത ജനാലച്ചില്ലുകളില്‍
തട്ടി,ച്ചിന്നിച്ചിതറിയ മിഴികള്‍ നിറഞ്ഞ്
പാതയറിയാതെ ചാലിട്ടൊഴുകിയ രക്തം
മരീചികയുടെ പുതപ്പില്‍ അഭയം തേടുന്നനേരം
സ്വപ്നങ്ങളില്‍ മരുഭൂ ചോദിക്കുന്നുണ്ടാവും;

ഇരുളും വെളിച്ചവും കാലവുമുറങ്ങി,
അച്ഛനെകാണാതെ അകത്തേതൊട്ടിലില്‍
ഉണ്ണിയുമുറങ്ങി; ദൂരെയൊരു നിഴലായി
ജനാലച്ചില്ലിന്നപ്പുറം ഉറങ്ങാത്തതെന്തേ നീ?

മരുഭൂവിന്റെ വരണ്ട ചുണ്ടുകളില്‍
വിരിയുന്ന പുഞ്ചിരിയില്‍, തലമുറകളുടെ
സ്നേഹം ചാലിച്ചുചേര്‍ത്തത് മഴയറിയുക;
അനിവാര്യവിധിയുടെ കൂട്ടിച്ചേര്‍ക്കലിലാവും!

അന്ന്, അതിതീക്ഷ്ണമായ്പെയ്താലും മരുഭൂ
അറിഞ്ഞേക്കില്ല, മഴയുടെ ആസക്തി!

Saturday, August 7, 2010

രക്തവര്‍ണ്ണപ്പൂക്കള്‍

ആഴ്ന്നിറക്കിയ ആയുധത്തിന്റെ
മൂര്‍ച്ചയുള്ള തണുപ്പില്‍ വിറച്ച മരം
ഭൂമിയ്ക്കുമ്മയേകിയുറങ്ങുന്ന നേരം
ദാനമേകും രക്തവര്‍ണ്ണപ്പൂക്കള്‍!

വരണ്ടുണങ്ങിയ ഭൂമിയില്‍
നിപതിച്ച പരാഗരേണുക്കള്‍
പ്രജ്ഞയറ്റ് ഒഴുകിയനേരം
നിലാവിന്റെ ജലച്ചായത്തില്‍
മിഴിനീര്‍ ചാലിച്ചുചേര്‍ത്ത്,
രാത്രിയുടെ പ്രതലത്തില്‍
ചുമര്‍ചിത്രങ്ങള്‍ രചിച്ച്
മുറിവില്‍ മരുന്നു പുരട്ടുന്നു
കൊഴിഞ്ഞയിലകള്‍!

ചതഞ്ഞരഞ്ഞ പൂക്കളിലെ
കട്ടപിടിച്ച ചോരയില്‍
മുങ്ങിമരിച്ച പരാഗരേണു
ഉയിര്‍ത്തേഴുന്നേല്‍ക്കുംവരെ
മാരുതന്‍ വിരുന്നെത്തില്ല;എങ്കിലും,

മനോവീണയില്‍ സ്മൃതിതന്ത്രികള്‍ മീട്ടി
പാതിരാമഴയില്‍ നീലാംബരി മൂളി
ചുംബിച്ചുണര്‍ത്താന്‍ അവന്‍ വരുന്നദിനം
കാഴ്ചവയ്ക്കണം ഒരുനുള്ളുപൂമ്പൊടി‍!

Thursday, May 27, 2010

പെയ്തൊഴിഞ്ഞ മഴയില്‍....

പാതകള്‍ മഴയെയറിയുമെന്നൊരു മൊഴി
വഴിയറിയാതാരെയോ കാത്തിരിക്കുന്നു!

പെരുമഴ പെയ്തുപോയ മനസ്സിന്റെ നനഞ്ഞ
ജനാലച്ചില്ലുകളില്‍ ദു:ഖങ്ങള്‍ ഇപ്പോള്‍
മുട്ടിവിളിക്കാറില്ല, തുറന്നിട്ട വാതായനങ്ങള്‍ കടന്ന്
വരാറുമില്ല; ദു:ഖങ്ങള്‍ക്കും മടുത്തിരിക്കണം...

നിന്നെപ്പുണരാന്‍ എനിക്ക് കൈകളില്ലല്ലോ എന്ന് ചൊല്ലി
കവിതകളുടെ കാറ്റ് ഇനി എന്നെ തേടിയെത്തില്ല;
കവിതകള്‍ക്ക് എന്നെ വേണ്ടാതായിരിക്കുന്നു...

പൂജ്യത്തില്‍ നിന്ന് പൂജ്യമെടുത്താലും
പൂജ്യത്തിനോട് പൂജ്യം കൂട്ടിവെച്ചാലും
ഉത്തരം പൂജ്യമെന്ന അറിവിന്റെ നിറവില്‍
മുറുകുന്ന പൂജ്യത്തില്‍ തലപൂഴ്ത്തിയുറങ്ങണം!

ഏറ്റവും പ്രിയപ്പെട്ടത് കൂടെയുണ്ടായിട്ടും ഏകാന്തത
മാത്രം പ്രണയിച്ച എന്റെ രാവുകളില്‍ ചിന്തകളെ വഞ്ചിച്ച്,
അക്ഷരങ്ങളില്‍‍ ഊതിയൂതിമിനുക്കിപ്പണിത കവിതകളില്‍
കൂടുകൂട്ടിയത് അര്‍ത്ഥങ്ങളോ അര്‍ത്ഥമില്ലായ്മയോ...?

ഒരുപക്ഷേ, ഉരുണ്ടുകൂടിയ മിഴിനീര്‍കണങ്ങള്‍ വെറുതെ അക്ഷരങ്ങളായതാവാം;
അല്ലെങ്കില്‍, ഒരു കരള്‍ പിളരും കാലത്തിന്റെ നേര്‍ക്കാഴ്ചയില്‍ മനസ്സ്
പിടഞ്ഞതാവാം, അതുമല്ലെങ്കില്‍ സ്മൃതികള്‍, ചിരംജീവികള്‍ ചിരിക്കുന്നതാവാം!
ഒരിക്കല്‍ക്കൂടി,യൊരു വായനയില്‍, ഒരു പിന്‍നടത്തത്തില്‍ ചികഞ്ഞിട്ടും
അറിയാനാവുന്നില്ല എന്തിനു വേണ്ടിയായിരുന്നു ഈ‍ വെറും കവിതകള്‍...?

കവിതകളിലെ 'വിത' തേടി വന്ന്, സ്നേഹം വിതച്ചവന്‍,
എന്റെ ദു:ഖങ്ങളുടെ വീതം പിടിച്ചുവാങ്ങിയവന്‍
പിന്‍വിളിയരുതെന്ന അന്ത്യശാസനത്തില്‍ തിര്‍ഞ്ഞുനോക്കാതെ
അനന്തമായ പാതയില്‍ അകന്നുപോവുന്നു.......എന്തേ,
തളര്‍ന്നുപോയ മനസ്സിനെയാശ്വസിപ്പിക്കാന്‍ ചിലയക്ഷരങ്ങളെങ്കിലും..?

അന്ന്, ചിലയറിവുകളുടെ നീറുന്ന വേദനയില്‍ കുറിച്ചത് വീണ്ടുമോര്‍ക്കുന്നു-

ദൂരെ, അനാഥയുടെ
സനാഥമായ കാലം!

സര്‍പ്പക്കാവില,ന്തിയില്‍
വിളക്കുവെയ്ക്കുന്ന
അനിയത്തി, രണ്ടുതുള്ളി
ഉപ്പുചേര്‍ത്ത ജലം നല്‍കി
നടന്നുപോകുന്നു.

ഓര്‍മ്മകളില്‍ എന്റെ അക്ഷരങ്ങളെ വെറുതെ‍ വിട്ട് മറയട്ടെ-
ഒരുപിടി നന്മകള്‍, ചിലപേരുകള്‍, നല്ല മനസ്സുകള്‍, സ്നേഹം....
എന്നുമോര്‍മ്മയുണ്ടാവും....

എന്നില്‍ ചലനമുണ്ടാക്കിവരോട് സന്തോഷത്തോടെ നന്ദി പറയട്ടെ-
ചെറിയനാടന്‍ ചേട്ടന്‍, ചേട്ടന്റെ ഇമ്പ്രൂസ്, മാണിക്യം ചേച്ചി, ഹേനാ, സിജി, സെറിനേച്ചി, സംഗീതേച്ചി, നജീമിക്ക, സുല്‍, അഞ്ജു, തള്ളശ്ശേരി, യൂസുഫിക്ക, ലക്മ്യേച്ചി, അനുപമ, പകല്‍, സുനില്‍, രഞ്ജിത്ത്, പല്ലശ്ശന, അജിത്തേട്ടന്‍, അനൂപ് - മറക്കാനാവാത്ത ധാരാളം പേരുകള്‍....

പെയ്ത മാനം ചാലിക്കുന്ന
നിറക്കൂട്ടുകള്‍ കണ്ട്
പെയ്യാത്ത മാനത്തിന്റെ
ഉരുണ്ടുകൂടിയ ദു:ഖം ചിരിച്ചോതി-
''നീണ്ടുപോകുന്നതെങ്കിലും
ഉരുണ്ട ഭൂമിയിലെ വഴികള്‍ക്ക്
കൂട്ടിമുട്ടാതിരിക്കാനാവില്ല...!''

പക്ഷേ, പ്രതീക്ഷകള്‍ക്ക് ചിറക് കരിഞ്ഞ ഒരുകാലത്ത്
പിന്‍വിളി വിളിക്കാനാവാത്തയകലത്തില്‍ നടക്കേണ്ടതുണ്ട്;
ഒന്നുകൂടി, ഒരിക്കല്‍ക്കൂടി പറയട്ടെ,
ആത്മാര്‍ത്ഥമായ നന്ദി!

മുന്‍പ് കുറിച്ചിട്ട ചിലവരികളുടെ അര്‍ത്ഥം എന്നെനോക്കിച്ചിരിക്കുന്നു ഇപ്പോള്‍-

‘മരിച്ച‘ ഓര്‍മ്മകളില്‍
അക്ഷരങ്ങളായുറഞ്ഞവരും,
‘ജീവിക്കുന്ന‘ ഓര്‍മ്മകളില്‍
വര്‍ഷപാതമായി വന്ന്
വേനലിന്റെ കൊടുംചൂട്
തേടി യാത്ര നടത്തുന്നവരും
മറവിയില്‍ വിലീനമാകുന്നു!

എങ്കിലും, മിണ്ടിയും മിണ്ടാതിരുന്നും എപ്പോഴെങ്കിലും
ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ മാപ്പ്...

ഒരു അമാവാസിയില്‍ കുറിച്ച കവിതയിലെ
അവന്‍ തിരുത്തിയ അക്ഷരങ്ങള്‍ പാടുന്നു-

പറയാതെ പോയ
വാക്കുകളുടെ
പുണ്യമാവും
നിന്റെ സ്വര്‍ഗ്ഗം!!

പറയാതെ പോയ എന്റെ വാക്കുകളുടെ പുണ്യത്തില്‍ ഇനി തിരിഞ്ഞുനടത്തം-
വിട.......

Friday, May 21, 2010

അമാവാസി

ഇരുട്ടുമൂടിയ ആശുപത്രിവരാന്തകളില്‍
മറ്റൊരു ശില്പമായ് ഇരുന്നവന്റെ
നിറഞ്ഞ മിഴികളില്‍തങ്ങാതെ വീണുടഞ്ഞ
നിമിഷങ്ങള്‍ക്ക്, ആയുസ്സ് ഇത്തിരിദൂരം!

ഇറ്റുവീഴുന്ന നിമിഷത്തുള്ളികളില്‍
ജീവിതം ജീര്‍ണ്ണിച്ചുപോവുമെന്നു നീ!
മരുന്നുകുപ്പികള്‍ നിറഞ്ഞ കിടക്കയില്‍
കൊഴിയുന്ന നിമിഷങ്ങളുടെ വിലാപം!

സ്നേഹമഴയുടെ അക്ഷരങ്ങള്‍കുറിച്ച്
എന്റെ മരണാഭിരതിയുടെ ഇരുട്ടിലേയ്ക്ക്
മിന്നലിന്‍ വെളിച്ചമായ് വന്ന നീയറിഞ്ഞീല,
‘ഇടി‘യുടെ ജീവിതാഭിരതിയെന്നെ കരയിപ്പിച്ചത്!

ജന്മദിനങ്ങളിലെന്നെ തേടിയെത്തിയ
അക്ഷരങ്ങളിലെന്നും തേടിയത് നിന്നെ;
വന്നില്ല നീ; സ്നേഹത്തിന്റെ മധുരം
പുരണ്ട നിന്റെ ശബ്ദവും അക്ഷരങ്ങളും!

നിന്റെ മിഴികളില്‍ എന്നോ നിറഞ്ഞ ജലം
ജന്മാന്തരങ്ങളുടെ ജന്മദിനമൊരുക്കുന്നുവിന്നും!
ഇടിമിന്നല്‍വെളിച്ചത്തില്‍ ഇരുട്ടുചാലിക്കുന്ന
ഏതോ രാത്രികളില്‍ മഴ തേങ്ങുന്നു;

താരയെ സ്നേഹിക്കാനാവാത്ത സൂര്യന്
സ്നേഹിക്കാനാവുമോ അമാവാസിയെ?

മഴയുടെ ആര്‍ത്തനാദമിരമ്പിയ ഒരു
അമാവാസിയില്‍ ജനിച്ചവള്‍ക്ക് കൂട്ട്;
മാനത്തെ വെളിച്ചത്തുരുത്തിന്‍ ജനാല
തുറക്കാന്‍ വൃഥാ ശ്രമിക്കും താരകള്‍ മാത്രം‍!

Thursday, May 13, 2010

ശൂന്യതയുടെ ഗണിതം

ചതുഷ്ക്രിയകളുടെ മാസ്മരികതയ്ക്കപ്പുറം
തുടക്കത്തില്‍ ഒടുങ്ങി, തുടക്കവും ഒടുക്കവും
നഷ്ടമാവുന്ന പൂജ്യമെന്ന പ്രഹേളികയിലായിരുന്നു
എന്റെ ചിന്തകള്‍ എന്നും വീണുടഞ്ഞിരുന്നത്.

കഴുത്തിനുപുറകില്‍‍ ജീവിതം കൊരുത്ത‍
സ്വര്‍ണ്ണനൂലില്‍ അവന്‍ കൊളുത്തിടുന്നനേരം
സങ്കലനനിയമത്തിന്റെ സരളസൂത്രവാക്യങ്ങള്‍
നമ്രമുഖിയാമെന്‍ മനതാരില്‍ കലപിലകൂട്ടി!

സ്വപ്നങ്ങളുടെ പൊട്ടിച്ചിതറിയ വളപ്പൊട്ടുകളില്‍
പുരണ്ട ചോര ചേര്‍ത്ത് ഒട്ടിച്ചുണ്ടാക്കിയ കൈവള‍
ചന്തമുള്ള പൂജ്യമായി സ്വയമുരുണ്ട് ദൂരെയകന്നുമാറി
ഉച്ചത്തില്‍ ചിരിച്ചനേരവും മിഴികള്‍ നനഞ്ഞില്ല;
ശൂന്യതയുടെ ഗണിതമായിരുന്നു എന്റെ ഇഷ്ടവിഷയം!

ഒന്നിനോടൊന്നുചേരുമ്പോള്‍ രണ്ടില്ല,
'ഒന്നുമാത്രം!' എന്നു ചൊല്ലിയവന്‍ പറഞ്ഞില്ല;
ഒന്നില്‍ നിന്നും 'ഒന്ന്' അകന്നുപോവുമ്പോള്‍
'ഒന്ന്' പിന്നെയും ശേഷിക്കുമെന്ന ജീവിതഗണിതം! ‍

പൂജ്യത്തില്‍ നിന്ന് പൂജ്യമെടുത്താലും
പൂജ്യത്തിനോട് പൂജ്യം കൂട്ടിവെച്ചാലും
ഉത്തരം പൂജ്യമെന്ന അറിവിന്റെ നിറവില്‍
മുറുകുന്ന പൂജ്യത്തില്‍ തലപൂഴ്ത്തിയുറങ്ങണം!

'ശൂന്യതയുടെ ഗണിതം തേടിയവള്‍ക്കിവിടെ വിശ്രമം'
ഒരുതുള്ളി മിഴിനീരിറ്റിച്ച് പഴകിയ വാക്കുകളടര്‍ത്തിമാറ്റുക,
സ്വര്‍ണ്ണനൂലില്‍ കൊളുത്തിയ പരസ്പരവിശ്വാസം
പൂജ്യമായി അനാദിയായ്, അനന്തമായുറങ്ങുന്നുണ്ടാവും!

Saturday, May 1, 2010

മിഴിനീര്‍മഴപ്പൂക്കള്‍

മേഘമല്‍ഹാര്‍ സംഗീതമുതിര്‍ത്ത
ഇടവപ്പാതിരാത്രികളില്‍
വേനലില്‍ വറ്റാതെ സൂക്ഷിച്ച
പ്രണയത്തിന്റെ സമര്‍പ്പണം!

വിങ്ങുന്ന മാനം പൊഴിച്ച
ഉപ്പുകലരാത്ത മിഴിനീര്‍
ഭ്രാന്തമായ് രമിച്ച്, കുഴികളില്‍
നിറഞ്ഞൊഴുകിയൊരു പുഴയാ-
യൊടുങ്ങി,യാഴിയില്‍ ചേരും!

വറ്റിവരളുന്ന നീറുന്ന വേദനയില്‍
മാനം കൈകള്‍ നീട്ടിവിളിക്കുന്നു,
പിന്നെയും! യാത്രയാവാതെ വയ്യ-
പ്രണയം വിളിക്കുന്ന നേരം; പോവുക...!

വീണ്ടുമൊരു പ്രണയകാലം തേടി
ഈറന്‍ മാറാതെ, രതിയുണര്‍ത്തി
കുഴികളില്‍ ഉഴറാതൊഴുകീടും മഴ
അറിഞ്ഞീടുമോ താണ്ടുന്ന പാതകള്‍‍..?

പാതകള്‍ മഴയെയറിയുമെന്നൊരു മൊഴി
വഴിയറിയാതാരെയോ കാത്തിരിക്കുന്നു!

Tuesday, April 20, 2010

ചില ശിഥിലചിത്രങ്ങള്‍

കൈത്തണ്ടയിലെ പോറലില്‍
തലോടി അവന്‍ മൊഴിഞ്ഞു,
പ്രണയം നേടുക കഠിനം!

ജീവിതം വേലികെട്ടിപ്പകുത്ത
കിടക്കയില്‍ നിദ്രതഴുകാത്ത
രാത്രികളില്‍ ഓര്‍ത്തു-
പ്രണയത്തീ അണയാതെ
സൂക്ഷിക്കുക അതികഠിനം.

അവനോതി, പ്രണയമൊരു
മണ്‍ചെരാതുപോല്‍;
അഗ്നിയില്‍ വെന്തുനീറി
പ്രകാശമേകി ചിരിക്കും.

കെട്ടടങ്ങി തണുത്തുറയു-
മെന്നോതി അണഞ്ഞ
ചെരാതിലെ കറുപ്പില്‍
സുറുമയെഴുതി ഞാനും!

ഞാന്‍, അവന്‍ കുലച്ച
വില്ലിലെ വെറുമൊരമ്പ്;

വൈകുന്നതെന്തേ നീ,
മാറോടുചേര്‍ത്ത്
വലിച്ചുപിടിച്ചെന്നെ
ദൂരേയ്ക്കയച്ച്
സ്വതന്ത്രനാവുക...!

Thursday, April 15, 2010

വിഷുച്ചിത്രങ്ങള്‍

കൂടിച്ചേരാനാവാതെ മുറിഞ്ഞുപോകുമൊരു-
സ്വപ്നത്തില്‍ തുന്നിച്ചേര്‍ക്കുന്ന പുത്തനുടുപ്പില്‍
സമ്പല്‍സമൃദ്ധിയുടെ കിന്നരം ചേര്‍ക്കുന്നനേരം,
കൈനീട്ടം കിട്ടിയ നാണയത്തുട്ടില്‍ അമ്മയുടെ
വിയര്‍പ്പിന്റെ മണമെന്ന് ചൊല്ലീ അനിയത്തി!

വെന്തുരുകിക്കരയുന്ന പൂത്തിരികളുടെ
ദൈന്യത മുറ്റിയ മൗനസംഗീതത്തില്‍
അയലത്തെ കുട്ടികള്‍ 'തീ'യില്‍ കളിക്കവേ
'തീ'യില്ലാത്തയടുപ്പിലെ വെണ്ണീറില്‍ ഒരു വിഷു!
അച്ഛന്റെ കുഴിഞ്ഞ മിഴികളില്‍ ഇടറുന്ന
മൊഴികളുടെ ഉരുണ്ടുകൂടിയ വര്‍ഷപാതം!‍

സ്വരുക്കൂട്ടിയ മോഹമഞ്ചാടിമണികള്‍
പലതായ് പകുത്ത് കൈനീട്ടം നല്‍കിയൊരമ്മ
സങ്കടമണിച്ചെപ്പില്‍ സ്നേഹം നിറച്ച്
മഞ്ഞനിറം പൂശി വിഷുക്കണിയൊരുക്കുന്നു!

കൃത്രിമപ്പൂക്കളില്‍ പുലരിയുണരാത്ത,
ആശംസാപത്രങ്ങള്‍ അക്ഷരങ്ങള്‍ തുപ്പാത്ത
അന്നത്തെയന്നം തേടുന്ന കുടിലുകളില്‍
'മറ്റേതോ' ദിനംപോല്‍ പോവാറില്ല വിഷു!

ലോകമീയരങ്ങില്‍ വേഷമാടിത്തീര്‍ക്കാന്‍
പുതിയ ചായമിടുന്ന വിഷുദിനത്തില്‍
കണ്ണന്‍ പീതാംബരമണിഞ്ഞ് വിരുന്നുവരും;
മറവിയുടെ ആഴിയില്‍ ദു:ഖങ്ങള്‍ മറയും!

Thursday, April 8, 2010

പാദമുദ്രകള്‍

അച്ഛന്റെ നനഞ്ഞ കാല്‍പ്പാടുകളില്‍
നോവുപടര്‍ത്താതെ നടന്ന നിഴല്‍
കറുപ്പുപുരട്ടി സ്വന്തമാക്കാന്‍
അന്ധകാരം അണഞ്ഞനേരവും
മായാതെനിന്ന കുഞ്ഞുപാദചിത്രങ്ങള്‍
മേഘം പൊഴിച്ച ചുടുമിഴിനീര്‍-
പ്പൂക്കള്‍ വീണായിരിക്കും
കരിഞ്ഞുപോയിരിക്കുക!

സ്നേഹത്തിന്റെ പൂക്കാലം കൊരുത്ത്
അനിയത്തി കോര്‍ത്ത മാലചൂടി
ഒന്നിച്ചുറങ്ങിയ രാത്രികളിലൊന്നില്‍
യാത്രപോയ കുന്നിമണികള്‍ നോക്കി
കുമ്മായമടര്‍ന്നുപോകുന്ന ചുമരിന്റെ
വേദനയില്‍, മനസ്സ് മറവിയില്‍ മുങ്ങിമരിച്ചു!

നിന്റെ വലിയ മിഴികളില്‍
പ്രണയത്തിന്റെ ആഴിയിരമ്പുമ്പോള്‍
തനുവിലുണരുന്ന കാമനദികള്‍
മൃത്യുവടയുന്നെന്ന് ചൊല്ലിയവന്‍
കനവില്‍ നിനച്ചിരിക്കാത്തനേരം
ഉണ്ണാതെയുറങ്ങാതെ തേടിവരുന്നു!

മിഴികളിലിരമ്പുന്ന ആഴി മറച്ച്
കൊട്ടിയടച്ച വാതായനങ്ങള്‍ക്കിപ്പുറം
വെളുത്ത ശീലക്കുടയില്‍ അവനെചേര്‍ത്ത്
നനഞ്ഞ മണ്ണില്‍ നടക്കുന്നനേരം
ആരെയോകാത്ത് പാദമുദ്രകള്‍
അനാഥമായി സമാന്തരമായിക്കിടന്നു!

Saturday, March 27, 2010

സഹയാത്രിക

എന്റെ പ്രണയത്തിന്റെ നീറുന്ന
മുറിവില്‍ ഉപ്പുപുരട്ടി ഏകനായി
യാത്രപോയ നിന്റെ പുറകില്‍
വരാതിരിക്കാന്‍ എനിക്കാവില്ല!

പാദമുദ്രകള്‍ അവശേഷിക്കാത്ത
യാത്ര നിറഞ്ഞ നിന്‍ കവിതകള്‍
മരിച്ചുവീഴില്ല; പക്ഷേ, നിന്റെ
പാദമുദ്രകളില്‍ വഴിയറിഞ്ഞവളുടെ
നഷ്ടപാതകളില്‍ അക്ഷരങ്ങള്‍
എരിഞ്ഞുതീര്‍ന്നേയ്ക്കാം!

വഴി(തെറ്റി)തേടിയെത്തിയ നീണ്ട
സമാന്തരരേഖകളിലൂടെ നടക്കവേ
തട്ടിവീഴ്ത്തിയെന്നെ പ്രാപിച്ച്
ആരവമുണര്‍ത്തി അവനും കടന്നുപോയി.

വീണ്ടും തെളിഞ്ഞ പാദമുദ്രകളില്‍
ചവിട്ടാതെ നടക്കട്ടെ‍ ഒരിക്കലെങ്കിലും!
തിരിച്ചുവരാനൊരു വഴിയൊരുക്കാം
ഇടമില്ലാത്തയിരുട്ടുമുറിയില്‍ നിന്നും...!

Saturday, March 20, 2010

വേര്‍പാടിന്റെ അരുളപ്പാടുകള്‍

ഹൃത്തില്‍നിന്നടര്‍ത്തിയെടുത്ത്
വലിച്ചെറിഞ്ഞ പ്രണയം
വിരിയിച്ച പുഞ്ചിരി, ഇന്നലെ
പെയ്ത മിഴികള്‍ സ്വന്തമാക്കി!

വേര്‍പെടാനെന്നറിഞ്ഞും
വലിച്ചടുപ്പിക്കുന്ന പ്രണയം
സ്മൃതികളായ് വേദന
പടര്‍ത്തും, മൃത്യുവോളം!

വാനത്തിന് ചന്തം നല്‍കി
വെളുത്ത മേഘങ്ങളായി
പുഞ്ചിരിച്ച പ്രണയമിനി
കറുത്തിരുളും വേര്‍പെടാന്‍;
വിരഹമറിയുന്ന നേരം, മാനം
മഴയായി പ്രണയം വീഴ്ത്തും!

പ്രണയമഴ വീണ്ടും തേടിവരും,
അതുവരെ ഉറങ്ങട്ടെ-യിനി
വ്രണിതമാവാന്‍ ഒരുക്കണം
മനവും ശരീരവും ഹൃത്തും!

ഒരുപക്ഷേ, മഴ തേങ്ങിപ്പറയും-
വേര്‍പാട് മൃത്യുവെന്നറിയുക!
കൈത്തണ്ടയിലെ നേര്‍ത്ത പോറലില്‍
പ്രണയം ചുവപ്പായി ഒഴുക്കുകയന്നേരം!

Sunday, January 17, 2010

അനാഥ!

കരിഞ്ഞുപോയ വയലിന്നിപ്പുറം
അരിയിടാത്ത കലത്തില്‍
തിളച്ചുമറിയുന്ന ജലം തൂവി
അടുപ്പിലെ തീയണഞ്ഞനാള്‍
മാവിന്‍ചില്ലയില്‍ ഊയലാടിയ
അച്ഛന്റെ തുറിച്ച മിഴികളില്‍
അനാഥമാകുന്ന വീടിന്നപ്പുറം
വായ്പകളുടെ ഗണിതം!

കായകളരച്ചുചേര്‍ത്ത കാപ്പി
വിയര്‍പ്പായി ശരീരം പുറന്തള്ളവേ
ചോരയൊഴുകിയ അമ്മയുടെ
ചുണ്ടിലും പുഞ്ചിരിയുടെ മൌനം!

ഇരുട്ടിന്‍ നഖക്ഷതങ്ങളില്‍ പൊടിഞ്ഞ
നൊമ്പരമഷി പുരണ്ട വര്‍ത്തമാനചിത്രങ്ങള്‍ക്ക്
അമ്മയുടെ പുഞ്ചിരിയുടെ ആര്‍ദ്രതയോ
അച്ഛന്റെ മിഴികളിലെ ഭീതിയോ?

ഇവിടെയെന്‍ ഏകാന്തമുറിയില്‍
മരണത്തിനും ഭയമത്രെ,യെത്തിനോക്കാന്‍!
മരിയ്ക്കാന്‍ കാരണം‍ തേടുന്നവരേ,
എന്നെ സ്വന്തമായെടുത്തുകൊള്‍ക!

Tuesday, January 12, 2010

അധിനിവേശം

നിന്റെ അധിനിവേശം
വന്ധ്യമാക്കിയ എന്നിലെ കവിത,
ഒഴിഞ്ഞ മഷിക്കുപ്പിയില്‍
മൃതിതേടിയിന്നലെയകന്നു.

എഴുതാത്ത പേന കൊണ്ടെഴുതിയ‍
കവിതയിലെ അക്ഷരങ്ങള്‍ തേടി
പാതയോരത്തെ ചാലുകളില്‍
ഉന്മാദിയായലഞ്ഞ നീയിന്നലെ,

ഇരുട്ടിന്‍ കറുത്തവസ്ത്രമണിഞ്ഞ്
അടയ്ക്കാത്ത പൂമുഖവാതിലില്‍
നിശ്ശബ്ദം പെയ്യുന്ന മിഴികള്‍
അടയുന്ന നേരം മാത്രമണഞ്ഞു!

ചന്ദനമുട്ടികളില്‍ പടര്‍ന്ന് നീ
മനസ്സിന്റെ ചുണ്ടുകളില്‍
പ്രണയവിഷം ഇറ്റുവീഴ്ത്തി
നോവുമാത്മാവില്‍ നഖങ്ങളാഴ്ത്തി
പുണര്‍ന്നെന്നെ സ്വന്തമാക്കുക!

നിന്റെ അധിനിവേശത്തില്‍
ഞാന്‍ ഇനി നീയാവട്ടെ!‍