Monday, November 10, 2008

ആണ്ടറുതികള്‍...

പണിതീരാത്ത വീട്ടില്‍
ഉറങ്ങിപ്പോയ
അച്ഛനെക്കാത്ത്,
വാടകവീട്ടില്‍
ഉണ്ണാതെ കാത്തിരുന്ന
അമ്മ അറിഞ്ഞില്ല
വിളമ്പിയ ചോറിലെ
ഇരിക്കപ്പിണ്ഡം.

അച്ഛന്റെ ആത്മാംശമുള്ള
ഭൂമിയെ ഒരുതുള്ളി
മിഴിനീരിലടച്ചുവെച്ച്
നഗരം പൂകുമ്പോള്‍
കുഴിമാടത്തില്‍
വിളക്കുവെയ്ക്കുന്ന
മിന്നാമിനുങ്ങുകള്‍
അമ്മയുടെ സ്വപ്നത്തില്‍
നിറഞ്ഞു!

ഫ്ലാറ്റിന്റെ മുകളിലെ
നിലയില്‍ നിന്നും
വൈദ്യുതീകരിച്ച ‘ശ്മശാന‘-
യാത്രയില്‍പോലും
ഭൂമിയെ സ്പര്‍ശിക്കാനാവാതെ
അമ്മ എരിഞ്ഞുതീരും.

ആണ്ടറുതികളില്‍
ചോറുണ്ണാന്‍ വരുന്ന
കാകരില്‍
മാതാപിതാക്കളെ കണ്ട്
നിര്‍വൃതിയടഞ്ഞ മകന്‍
ബലിച്ചോറിലെ അന്നദാനത്തെക്കുറിച്ച്
കവിതയെഴുതുമ്പോള്‍
കുഴിമാടത്തില്‍ വിളക്കുകൊളുത്തുന്ന
മിന്നാമിനുങ്ങുകളെയോര്‍ത്ത്
പുഴയിലൊഴുകുന്ന
മണ്‍കുടത്തിലിരുന്ന് അമ്മ
വിങ്ങിക്കരയും.

13 comments:

തേജസ്വിനി said...

പുതിയ ബ്ലോഗറാണ്...സദയം വായിച്ചാലും...

കാപ്പിലാന്‍ said...

വളരെ നല്ലൊരു കവിത എന്ന് പറഞ്ഞ് ഞാന്‍ പോകുന്നില്ല പകരം കാലിക പ്രാധാന്യമുള്ള ഒരു കവിത .ആശംസകള്‍ ഇനിയും തുടരുക ഈ ജൈത്രയാത്ര

krish | കൃഷ് said...

ബൂലോഗത്തേക്ക് സുസ്വാഗതം.

“ഇരുപത്തിയഞ്ചാം നിലയില്‍
നിന്നും
വൈദ്യുതശ്മശാനത്തിലേയ്ക്കുള്ള
അന്ത്യയാത്രയില്‍പോലും
ഭൂമിയെ
സ്പര്‍ശിക്കാതെ
എരിഞ്ഞ്
അച്ഛനോടൊപ്പം പറന്നുപോകേണ്ടവള്‍!“

കവിത നന്നായിട്ടുണ്ട്. തുടരുക.

Cartoonist said...

തേജസ്വ്നിക്ക് ഞാന്‍ ഏതാനും അനുഗ്രഹങ്ങള്‍ ചൊരിയുന്നു :)

ഉപാസന || Upasana said...

എന്റെ പരിമിതമായ കാഴ്ചപ്പാടില്‍ നിന്ന് നോക്കിയാല്‍ നന്നായി.
ആശയമുണ്ട്, ഗദ്യം ഇത്തിരി കൂടുതലാണെങ്കിലും.
:-)
ഉപാസന

ഉപാസന || Upasana said...

ഈ ലിങ്ക് ഒരു ബ്ലോഗ് അഗ്രഗേറ്ററിന്റെ ആണ്. മറ്റ് ബ്ലോഗ്ഗേഴ്സിന്റെ പോസ്റ്റുകള്‍ ഇവിടെ കാണാം.

http://thanimalayalam.org/index.jsp

ദിനേശന്‍ വരിക്കോളി said...

suhru,
aksharam anugrahamavatte...
vakkukal vilakkakatte...
oppam nigalude vazhiyum.
Sasneham.
dinesanvarikkoli

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

'ആണ്ടറുതികളില്‍
ചോറുണ്ണാന്‍ വരുന്ന
കറുത്ത പക്ഷികളില്‍
മാതാപിതാക്കളെ കണ്ട് മകന്‍
നിര്‍വൃതിയടയും.'

:)

ഗിരീഷ്‌ എ എസ്‌ said...

തീവ്രമായ
വരികള്‍...

ആശംസകള്‍ നേരുന്നു....

sunilfaizal@gmail.com said...

ആശംസകള്‍

മാണിക്യം said...

ഇനിയുള്ള കാലത്ത്
ആറടി മണ്ണിന്റെ ജന്മി എന്ന ശീര്‍‌ഷം പോലുമില്ല.
മണ്ണ് തൊടാതെ ജഡം വൈദ്യുത തരംഗത്തിലൂടെ ഇല്ലാതാക്കുന്ന ജാലവിദ്യ. കാക്കകള്‍ ഇല്ലാത്ത നാട്ടിലാണ് മക്കള്‍ എങ്കില്‍ ശ്രാദ്ധമുണ്ണാന്‍ കറുത്ത ബലിക്കാക്കകളായി പോലും മാതാപിതാക്കള്‍ക്ക്
എത്താനാവുമോ? ..നിര്‍വൃതി...??

പാര്‍ത്ഥന്‍ said...

ശവമടക്കാനും ബലിയിടാനും ഒരു തുണ്ടു ഭുമിപോലുമില്ലാത്തവരായ നാടിന്റെ മക്കൾ.
കടമകൾ മറക്കാതെ ചെയ്ത മക്കൾക്ക് കാക്കകളെ കാത്തിരിക്കേണ്ടതില്ല.

Unknown said...

ഇന്നാണ്‌ ഈ വഴി വന്നത്‌.

കുറേ കവിതകള്‍ വായിച്ചു.

ബാക്കി പിന്നീട്‌...