Saturday, December 27, 2008

ദൃഷ്ടിവൈകൃതം

പിതൃ-തര്‍പ്പണമന്ത്ര-
ങ്ങള്‍ക്കിടയില്‍,
ഇലച്ചീന്തില്‍ വെറുതെ-
യിരുന്ന ഒരുരുള ചോറി-
ലായിരുന്നു അവന്റെ
നോട്ടം-
ജീവിച്ചിരിക്കുന്നവന്റെ
വിശപ്പ്
മരിച്ചവര്‍ക്ക് അന്നം.

അച്ഛന്റെ അന്ത്യ-
നിലവിളിക്കിടയില്‍
തലയിണക്കീഴെ സൂക്ഷിച്ച
താക്കോല്‍ക്കൂട്ടത്തി-
ലായിരുന്നു അവന്റെ
നോട്ടം-
ജീവിതം ആഘോഷ-
മാക്കാത്തവന്റെ
മരണം ആഘോഷി-
ക്കപ്പെടുന്നു.

അമ്പലനടയില്‍ തൊഴുത-
നേരം ചാരെനിന്ന സുന്ദരി-
യുടെ അനാവൃത നഗ്നത-
യിലായിരുന്നു അവന്റെ
നോട്ടം-
ഒരു മിഴിദ്വയം നിയന്ത്രി-
ക്കാനാവാത്തവന്‍
ലോകം നിയന്ത്രിക്കുന്നു.

Friday, December 26, 2008

ഇലകളോട് മരം പറയുന്നത്...

വന്മരത്തില്‍
നിന്നുതിര്‍ന്ന
കൊഴിഞ്ഞയിലകളോട്
കൊഴിയായിലകള്‍
ചോദിച്ചു;
കൊഴിയുന്നതിനു-
മുന്‍പോ ശേഷമോ
ഏറ്റവും വേദന...?

കൊഴിഞ്ഞയിലകള്‍
ഭൂമിയിലലിഞ്ഞു-
ഫോസിലുകളായി.
കൊഴിയായിലകള്‍
തേങ്ങിക്കരഞ്ഞ്
മരത്തെ കെട്ടിപ്പിടിച്ചു

ഫോസിലുകളില്‍
വേരൂന്നി ജീവരക്ത-
മാവാഹിച്ച്
സൂര്യനോടും
കാറ്റിനോടും
ശയ്യ പങ്കിട്ട്
മരം
വീണ്ടും ഇലകളെ
പ്രസവിച്ചു.

മരണം കടന്ന
മഹാതാപസിയായ മരം
ശാന്തിമന്ത്രങ്ങള്‍ക്കിടയില്‍
സ്വയം ശപിച്ചു;
കൊഴിഞ്ഞയിലകള്‍
ചിന്തുന്നത്
പ്രാണരക്തം
കൊഴിയായിലകള്‍
ബാധ്യതയും.

Thursday, December 25, 2008

സ്വാര്‍ത്ഥചിത്രങ്ങള്‍

ഒരു വാലന്റൈന്‍
ദിനത്തില്‍
വിരല്‍ നഖത്തി-
നോട് പറഞ്ഞു
''നീയെന്‍ പ്രാണന്‍''

പ്രണയാനന്ദത്തില്‍
വളര്‍ന്നത്
സൗന്ദര്യദേവത
അറുത്തുമാറ്റിയദിനം
പ്രാണാംശങ്ങളെ
നോക്കി
നഖമോര്‍ത്തു:
വിരലിന്
മുഖംമൂടി
ഞാന്‍-
സ്വയമറിയാന്‍
മുഖം വേണ്ട
വെറും
മുഖംമൂടി.

വിരലിന് നഖം
സൗന്ദര്യം;
നഖത്തിന് വിരല്‍
പ്രാണന്‍.

പ്രണയത്തില്‍
സ്വാര്‍ത്ഥതയുടെ
വിഷം ചേര്‍ത്തത്
ആരായിരിക്കും?

Wednesday, December 24, 2008

ശിരോലിഖിതം

തെരുവിലെ
ചവറ്റുകൂനയുടെ
മറവില്‍ പ്രസവിച്ച
കുഞ്ഞിന്റെ ശിരോ-
ലിഖിതമെഴുതിയ
തൂലിക അച്ഛന്‍
വലിച്ചെറിഞ്ഞു-
അമ്മ ഇരുട്ടിന്റെ
ആഴം തിരഞ്ഞ്
കറുപ്പിലലിഞ്ഞു.

തെരുവുപട്ടികളോട്
പൊരുതിനേടിയ
ഒരുപിടി എച്ചില്‍
വിശപ്പടക്കുമ്പോഴും
കരുണവറ്റിയ
മിഴികളിലെ കാമം
പിന്നിയ കുപ്പായം
കുത്തിക്കീറുമ്പോഴും
സ്ത്രീത്വം മറയ്ക്കാന്‍
പുഴയില്‍ അഭയം
തേടിയപ്പോഴും
തിരഞ്ഞത്
കളഞ്ഞുപോയ തൂലിക.

വഴിമുട്ടിയ
ജീവിതം നഗ്നത
മറച്ച ചേലയഴിച്ചു-
സ്ത്രീത്വം മറയ്ക്കുക
പ്രയാസം;
അഴിക്കാനെളുപ്പമെന്നോതി
വിശപ്പിന്‍ അതീന്ദ്രിയ-
ജ്ഞാനം.

നാഡികളില്‍
നിറഞ്ഞ വിഷം
ആറടിമണ്ണില്‍
അലിഞ്ഞുചേരുമ്പോള്‍
അപ്പുറത്തെ
അറയില്‍ സ്വന്തം
കവിതയിലെ
അക്ഷരങ്ങളുടെ
അരികും മൂലയും
ശരിയാക്കി
കളഞ്ഞുപോയ തൂലിക
തലചൊറിയുന്നു-
അക്ഷരങ്ങള്‍
ചിരിക്കുന്നു-കവിത
പിറക്കുന്നു
ചിന്തകള്‍ മരിക്കുന്നു.

Sunday, December 21, 2008

സ്മൃതികള്‍ പ്രണയിക്കുന്നത്...

എന്റെ പ്രണയം
താഴിട്ടുപൂട്ടിയ
ശവപ്പെട്ടിയില്‍
ഉറങ്ങുന്നു.

മൂന്നാം നാള്‍
ദു:ഖങ്ങളെ
കൂട്ടുപിടിച്ച്
ജനിക്കുന്നതിനു-
മുന്‍പ്
മറവിയുടെ
ആറടിക്കുഴിയില്‍
സമാധിയൊരുക്കി-
ആത്മാവിനെ
ആവാഹിച്ച്
കുടത്തിലിട്ട്
നിളയിലൊഴുക്കി.

ബലിച്ചോറുണ്ണാതെ
ഇലച്ചീന്തിലിരുന്ന്
കാക്കകള്‍ പറഞ്ഞു;
ഇത് നിന്റെ അന്നം-
നീയടക്കിയ പ്രണയ-
ത്തില്‍ നിന്റെ ആത്മാ-
വുമുണ്ടായിരുന്നു

മറവിയില്‍ സ്മൃതി-
കള്‍ ജനിക്കുന്നു
പ്രണയത്തില്‍
ജനിമൃതികളൊടുങ്ങുന്നു

Tuesday, December 16, 2008

പാതിവ്രത്യം

മഹാനഗരത്തിലെ
ഇരുണ്ട മൂലയില്‍
നഷ്ടപ്രണയാന്ത്യം
പിറന്ന ഉണ്ണിയ്ക്ക്
അമ്മിഞ്ഞയേകി-
യുറങ്ങിയ അമ്മയുടെ
അര്‍ദ്ധനഗ്നതയില്‍
മാന്യതയുടെ കരങ്ങള്‍
പരതിയത്.

ഉണ്ണിയുടെ വിശപ്പില്‍
‘’ഗീത’‘യറിയാത്ത
അമ്മയറിഞ്ഞു;
കര്‍മ്മം തന്നെയീശന്‍!
നഗ്നതയില്‍ പുരണ്ട
മാലിന്യം
വിയര്‍പ്പിന്‍ പുണ്യാഹം
തളിച്ച് ശുദ്ധമാക്കുന്നു;
വിശപ്പൊടുങ്ങുന്നു, ഉണ്ണി
ചിരിക്കുന്നു.

അന്നം നല്‍കി
യാചകബാലികയെ
പ്രാപിച്ചവനും
പത്നിയില്‍ പരസ്ത്രീ-
കളെ കണ്ട്
സംതൃപ്തനാകുന്നവനും
റോഡരികില്‍ കിടന്ന
ഭ്രാന്തിയുടെ ഒട്ടിയ
വയറില്‍ രതിയുണരുന്നവനും
പാഥേയം തേടിയഴിഞ്ഞ
ചേലകളുടെ
സമകാലീന സദാചാര-
മൂല്യച്യുതിയില്‍
വാചാലനാകും.

Monday, December 8, 2008

സൌഹൃദം

കിട്ടാക്കടത്തിനും വീട്ടാ-
ക്കടത്തിനും ഇടയില്‍
എന്റെ വീട്
ലേലം വിളിച്ചേക്കാം,
മുന്‍പില്‍ നീയുണ്ടാവണം...

ചില ‘ദോഷ‘ങ്ങളില്‍
വീടിന്റെ വിലയിടിഞ്ഞത്..
സമാശ്വസിപ്പിച്ച്
നീ പുഞ്ചിരിച്ചതില്‍ വിഷം
കലര്‍ന്നിരുന്നില്ല

നീ‍, എന്റെ
ജീവിതനിയോഗം
നിന്റെ സമ്പന്നതയില്‍
എന്റെ വിയര്‍പ്പും
നിന്റെ പുഞ്ചിരിയും ഇല്ലാ-
തിരിക്കട്ടെ...

കടങ്ങളില്‍,
കടപ്പാടുകളില്‍
തുടങ്ങി,-
യതില്‍തന്നെ അന്ത്യം.
ഒരു ജീവിതചക്രം
തിരിഞ്ഞിരിക്കുന്നു.
ഇനി ഞാനുറങ്ങട്ടെ,
സ്വസ്ഥം.

ഒരപേക്ഷ,
എന്റെ മാതാപിതാക്കളെ
സ്നേഹിക്കാതിരിക്കുക,
അവര്‍ നമ്മുടെ സൌഹൃദം
മനസ്സിലാക്കാതിരിക്കട്ടെ....