Thursday, May 13, 2010

ശൂന്യതയുടെ ഗണിതം

ചതുഷ്ക്രിയകളുടെ മാസ്മരികതയ്ക്കപ്പുറം
തുടക്കത്തില്‍ ഒടുങ്ങി, തുടക്കവും ഒടുക്കവും
നഷ്ടമാവുന്ന പൂജ്യമെന്ന പ്രഹേളികയിലായിരുന്നു
എന്റെ ചിന്തകള്‍ എന്നും വീണുടഞ്ഞിരുന്നത്.

കഴുത്തിനുപുറകില്‍‍ ജീവിതം കൊരുത്ത‍
സ്വര്‍ണ്ണനൂലില്‍ അവന്‍ കൊളുത്തിടുന്നനേരം
സങ്കലനനിയമത്തിന്റെ സരളസൂത്രവാക്യങ്ങള്‍
നമ്രമുഖിയാമെന്‍ മനതാരില്‍ കലപിലകൂട്ടി!

സ്വപ്നങ്ങളുടെ പൊട്ടിച്ചിതറിയ വളപ്പൊട്ടുകളില്‍
പുരണ്ട ചോര ചേര്‍ത്ത് ഒട്ടിച്ചുണ്ടാക്കിയ കൈവള‍
ചന്തമുള്ള പൂജ്യമായി സ്വയമുരുണ്ട് ദൂരെയകന്നുമാറി
ഉച്ചത്തില്‍ ചിരിച്ചനേരവും മിഴികള്‍ നനഞ്ഞില്ല;
ശൂന്യതയുടെ ഗണിതമായിരുന്നു എന്റെ ഇഷ്ടവിഷയം!

ഒന്നിനോടൊന്നുചേരുമ്പോള്‍ രണ്ടില്ല,
'ഒന്നുമാത്രം!' എന്നു ചൊല്ലിയവന്‍ പറഞ്ഞില്ല;
ഒന്നില്‍ നിന്നും 'ഒന്ന്' അകന്നുപോവുമ്പോള്‍
'ഒന്ന്' പിന്നെയും ശേഷിക്കുമെന്ന ജീവിതഗണിതം! ‍

പൂജ്യത്തില്‍ നിന്ന് പൂജ്യമെടുത്താലും
പൂജ്യത്തിനോട് പൂജ്യം കൂട്ടിവെച്ചാലും
ഉത്തരം പൂജ്യമെന്ന അറിവിന്റെ നിറവില്‍
മുറുകുന്ന പൂജ്യത്തില്‍ തലപൂഴ്ത്തിയുറങ്ങണം!

'ശൂന്യതയുടെ ഗണിതം തേടിയവള്‍ക്കിവിടെ വിശ്രമം'
ഒരുതുള്ളി മിഴിനീരിറ്റിച്ച് പഴകിയ വാക്കുകളടര്‍ത്തിമാറ്റുക,
സ്വര്‍ണ്ണനൂലില്‍ കൊളുത്തിയ പരസ്പരവിശ്വാസം
പൂജ്യമായി അനാദിയായ്, അനന്തമായുറങ്ങുന്നുണ്ടാവും!

15 comments:

തേജസ്വിനി said...

ചതുഷ്ക്രിയകളുടെ മാസ്മരികതയ്ക്കപ്പുറം
തുടക്കത്തില്‍ ഒടുങ്ങി, തുടക്കവും ഒടുക്കവും
നഷ്ടമാവുന്ന പൂജ്യമെന്ന പ്രഹേളികയിലായിരുന്നു
എന്റെ ചിന്തകള്‍ എന്നും വീണുടഞ്ഞിരുന്നത്.

വെറുതെ....

Ranjith chemmad / ചെമ്മാടൻ said...

"പൂജ്യത്തില്‍ നിന്ന് പൂജ്യമെടുത്താലും
പൂജ്യത്തിനോട് പൂജ്യം കൂട്ടിവെച്ചാലും
ഉത്തരം പൂജ്യമെന്ന അറിവിന്റെ നിറവില്‍
മുറുകുന്ന പൂജ്യത്തില്‍ തലപൂഴ്ത്തിയുറങ്ങണം!"

നന്നായി, നിന്റെ ഈ കവിതാ ഗണിതം!!!

ഏ.ആര്‍. നജീം said...

എത്ര കൂട്ടിക്കുറച്ചു ഗുണിച്ചു ഹരിച്ചു നോക്കിയാലും ഉത്തരം കിട്ടാത്ത അല്ലെങ്കില്‍ വെറും പൂജ്യം മാത്രം അവശേഷിക്കുന്ന പ്രഹേളികയാണ് ജീവിതമെന്നറിഞ്ഞിട്ടും വെറുതെ....

നന്നായി തേജ്..

മാണിക്യം said...

ഒന്നിനോടൊന്നുചേരുമ്പോള്‍ രണ്ടില്ല,
'ഒന്നുമാത്രം!' എന്നു ചൊല്ലിയവന്‍ പറഞ്ഞില്ല;
ഒന്നില്‍ നിന്നും 'ഒന്ന്' അകന്നുപോവുമ്പോള്‍
'ഒന്ന്' പിന്നെയും ശേഷിക്കുമെന്ന ജീവിതഗണിതം!

നന്നായി, ഈ ജീവിതഗണിതം!!!!

Unknown said...

പൂജ്യത്തില്‍ നിന്ന് പൂജ്യമെടുത്താലും
പൂജ്യത്തിനോട് പൂജ്യം കൂട്ടിവെച്ചാലും
ഉത്തരം പൂജ്യമെന്ന അറിവിന്റെ നിറവില്‍
മുറുകുന്ന പൂജ്യത്തില്‍ തലപൂഴ്ത്തിയുറങ്ങണം!
ഇത് അസ്സലായി.

Kalavallabhan said...

"കഴുത്തിനുപുറകില്‍‍ ജീവിതം കൊരുത്ത‍
സ്വര്‍ണ്ണനൂലില്‍ അവന്‍ കൊളുത്തിടുന്നനേരം
സങ്കലനനിയമത്തിന്റെ സരളസൂത്രവാക്യങ്ങള്‍
നമ്രമുഖിയാമെന്‍ മനതാരില്‍ കലപിലകൂട്ടി!"
"സ്വപ്നങ്ങളുടെ പൊട്ടിച്ചിതറിയ വളപ്പൊട്ടുകളില്‍
പുരണ്ട ചോര ചേര്‍ത്ത് ഒട്ടിച്ചുണ്ടാക്കിയ കൈവള‍
ചന്തമുള്ള പൂജ്യമായി സ്വയമുരുണ്ട് ദൂരെയകന്നുമാറി"
സങ്കലനനിയമത്തിന്റെ സരളസൂത്രവാക്യങ്ങ
ളിലുള്ള അറിവാണോ
അറിവില്ലായ്മയാണോ
ഈ പൂജ്യത്തിനാധാരം

രാജേഷ്‌ ചിത്തിര said...

ജീവിത ഗണിതം നന്നായി.
നല്ല ചില ചിന്തകള്‍ കാണാന്‍ കഴിയുന്നുണ്ട്.
കവിത ഒന്നൂകൂടി മുറുക്കാമായിരുന്നു എന്നു തോന്നി.

നല്ല ഒരു എഡിറ്റിങ്ങ് കൂടി ചെയ്തിരുന്നെങ്കില്‍ എന്നാശിക്കുന്നു.

ആശംസകള്‍.

Junaiths said...

കണക്കിന് ഞാന്‍ പണ്ടേ കണക്കാ

സംഗീത said...

പൂജ്യത്തില്‍ നിന്ന് പൂജ്യമെടുത്താലും
പൂജ്യത്തിനോട് പൂജ്യം കൂട്ടിവെച്ചാലും
ഉത്തരം പൂജ്യമെന്ന അറിവിന്റെ നിറവില്‍
മുറുകുന്ന പൂജ്യത്തില്‍ തലപൂഴ്ത്തിയുറങ്ങണം!
തുടക്കവും അവസാനവും അറിയാത്തിടത്ത് തലപൂഴ്ത്തിയുറങ്ങുക. മനോഹരം.

jayanEvoor said...

കവിത കൊള്ളാം...

പക്ഷേ ജീവിത എപ്പോഴും പൂജ്യമോ ശൂന്യമോ ആവണം എന്നില്ല.ആവരുത് എന്നും ഇല്ല!

ഈ ജീവിതം കഴിഞ്ഞുപോകുമ്പോൾ ചിലർ അവശേഷിപ്പിക്കുന്നത് പൂജ്യമാ‍വാം, പോസിറ്റീവ് സംഖ്യയാകാം, നെഗറ്റീവ് സംഖ്യയുമാകാം.

എങ്കിലും കവിത എന്ന നിലയിൽ ഇഷ്ടപ്പെട്ടു.

കവിതയ്ക്കു പൊയ്യഴക്!

Sukanya said...

നന്നായി ഈ ഗണിതം. ഒന്നും തന്നെ പൂജ്യമല്ലാത്തതല്ല, പൂജ്യമായതൊന്നും ഒന്നല്ല.

സലീല്‍ ഇബ്രാഹിം said...

കവിത മനോഹരമായി, പക്ഷെ ജീവിതം വലിയൊരു പൂജ്യമായി തന്നെ അവശേഷിപ്പിക്കുന്നത് ആരുടേയും ഭീരുത്വമാണ്.
'ശൂന്യതയുടെ ഗണിതം തേടിയവള്‍ക്കിവിടെ വിശ്രമം'
ഒരുതുള്ളി മിഴിനീരിറ്റിച്ച് പഴകിയ വാക്കുകളടര്‍ത്തിമാറ്റുക,
സ്വര്‍ണ്ണനൂലില്‍ കൊളുത്തിയ പരസ്പരവിശ്വാസം
പൂജ്യമായി അനാദിയായ്, അനന്തമായുറങ്ങുന്നുണ്ടാവും!

പൂജ്യവും പിന്നെ ഒന്നും കഴിഞ്ഞു അനന്തമായി അക്കങ്ങളുണ്ട്‌, കൂട്ടലും കിഴിക്കലും സൂഷ്മമാക്കലാണ് നമ്മുടെ പണി, ബാക്കിയാക്കല്‍ ദൈവത്തിന്റെയും !!

വിജയലക്ഷ്മി said...

kavitha nannaayittundu..

തേജസ്വിനി said...

nandi ellaavarkkum.

Sureshkumar Punjhayil said...

Valiya Poojyamo...!

manoharam, Ashamsakal...!!!!