Sunday, April 5, 2009

ചതഞ്ഞരഞ്ഞ പൂക്കള്‍ക്ക്...

ഇന്നലെ നീ
ആദവും, ഞാന്‍
ഹവ്വയുമായിരുന്നു!

അന്നുപെയ്ത മഴ,
മണ്ണിനോടിണ-
ചേരുന്ന നേരം
അവന്‍ പറഞ്ഞു-
മഴയ്ക്ക്
നിന്റെ ഗന്ധം!...

പുതിയ ഗന്ധംതേടി
മഴയില്‍ യാത്രയായ
നീ, ആദിനാരിയുടെ
കാത്തിരിപ്പറിഞ്ഞില്ല!

രണ്ടാമന്‍
അഴിച്ചുവെക്കുന്ന
വേഷം കാത്ത്
യുഗങ്ങള്‍ക്കിപ്പുറം,

ഇടനാഴിയില്‍
പതുങ്ങിനില്‍ക്കുന്ന
അനുജനോടുള്ള
പ്രണയമോഹത്തില്‍

വിരിഞ്ഞ താമരപ്പൂവിന്‍
സുഗന്ധത്തില്‍
മരിച്ചുവീഴുന്ന
വിരഹം കടന്ന്

ഒന്നാമനേയും
രണ്ടാമനേയും കടന്ന്-

നാളെയൊരിക്കല്‍കൂടി
വരുന്ന നിനക്ക്
വിരുന്നു നല്‍കുന്നത്,
ചാപിള്ളകളെ
പെറ്റുകൂട്ടിയ
പ്രണയത്തില്‍ മരിച്ചു-
വീഴുന്ന താമരപ്പൂ-
ക്കളായിരിക്കും,

മഴ മണ്ണിനോടു
ചേരുന്ന ഗന്ധംതേടി
യാത്ര തുടരുമ്പോള്‍
നിന്റെ പാദത്തിനടിയില്‍
ചതഞ്ഞരഞ്ഞ പൂക്കള്‍ക്ക്
എരിയുന്ന പച്ചയിറച്ചിയുടെ
ഗന്ധമായിരിക്കും...!

22 comments:

തേജസ്വിനി said...

ഇന്നലെ നീ
ആദവും, ഞാന്‍
ഹവ്വയുമായിരുന്നു!

വരവൂരാൻ said...

അന്നുപെയ്ത മഴ,
മണ്ണിനോടിണ-
ചേരുന്ന നേരം
അവന്‍ പറഞ്ഞു
ചതഞ്ഞരഞ്ഞ പൂക്കള്‍ക്ക്
നിന്റെ ഗന്ധം..


യാത്ര തുടരുക ആശംസകൾ

Anonymous said...

തേജ്‌,
മനസ്സിൽ കൊണ്ടു ഈ വരികൾ.ആശംസകൾ.

Sudhi|I|സുധീ said...

എന്നും മൂന്നാമനായി കാത്തിരുന്ന ആദിനാരി അറിയുന്നില്ല... നിന്നെ ഏറ്റവും കൂടുതല്‍ സ്നേഹിച്ചത് രണ്ടാമനായിരുന്നു...

എരിയുന്ന 'പച്ചയിറച്ചി' ആരുടേതാണ്...! നിന്‍റെയോ? രണ്ടാമന്റെയോ? അതോ നീ പറയുന്ന "പ്രണയ"മെന്ന വികാരത്തിന്റെതോ?

Sureshkumar Punjhayil said...
This comment has been removed by the author.
Sureshkumar Punjhayil said...

Randamoozhavum, moonnamoozhavum kakkathe Onnamane thanne pranayichukondeyirikku... Nannayirikkunnu. Ashamsakal..!!!

നരിക്കുന്നൻ said...

പുതിയ ഗന്ധംതേടി
മഴയില്‍ യാത്രയായ
നീ, ആദിനാരിയുടെ
കാത്തിരിപ്പറിഞ്ഞില്ല!

ഹൃദയത്തിൽ നിന്നും പൊയ്തൊഴിയുന്ന വാക്കുകൾ!

സുമയ്യ said...

അപഥസഞ്ചാരമാണല്ലൊ....അരുത്.

Jayasree Lakshmy Kumar said...

ഒന്നാമനു നീ വെറും പണയവസ്തുവാകുമ്പോഴും ഒന്നാമനേയും രണ്ടാമനേയും കടന്ന് വരുന്ന മൂന്നാമൻ, ഓരോമഴക്കും പുതുമണം തേടുമ്പോഴും, നിനക്കെന്നും കാവലായ് തുണയായ് ഒരു രണ്ടാമൂഴക്കാരൻ.
എന്നിട്ടും നീ മനസ്സ് കൊടുത്തത് മൂന്നാമനു മാത്രം.

വരികൾ ഇഷ്ടമായി :)

ചോലയില്‍ said...

"പുതിയ ഗന്ധംതേടി
മഴയില്‍ യാത്രയായ
നീ, ആദിനാരിയുടെ
കാത്തിരിപ്പറിഞ്ഞില്ല!"

നല്ല കവിത. ആശംസകള്‍ നേരുന്നു.

ഹരിശ്രീ said...

നല്ല കവിത...

ആശംസകളോടെ...

:)

സുല്‍ |Sul said...

തേജ്,
നന്നായിരിക്കുന്നു.

അടുത്തതിനു സമയമായല്ലോ. എവിടേ?

-സുല്‍

Suмα | സുമ said...

ഹൃദയത്തില്‍ നിന്നും, അല്ലെ??
കവിത മനോഹരം...തേജസ്‌ അതിമനോഹരം...
ഇനിയും പ്രതീക്ഷിക്കുന്നു..

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ആപാദമധുരം തന്നെ.
രണ്ടാമൂഴം കഥയുടെ ഗന്ധം തോന്നിയതില്‍ അല്‍ഭുതമില്ല...

കവിതയുടെ ‘ഭാരതം’ തുറന്നുനോക്കിയാല്‍...
ആരോപിക്കാവുന്ന ഒരു ‘മൂന്നാം‘ രാഷ്ട്രീയവും ഒരളവില്‍ യുക്തമായിത്തോന്നി.

ഗിരീഷ്‌ എ എസ്‌ said...

മനോഹരമായ കവിത
ആശംസകള്‍

അരങ്ങ്‌ said...

പെറ്റു കൂട്ടിയിരിക്കുന്ന ചാപിള്ളകള്‍, മരിച്ച താമരപ്പൂവുകള്‍, എരിയുന്ന പച്ചയിറച്ചി, എന്തു പറയാനാണിത്രയും നെഗറ്റീവായ ബിംബംങ്ങള്‍?
എന്താണേലും കവിത മനോഹരമാണ്‌.

പകല്‍കിനാവന്‍ | daYdreaMer said...

പുതിയ ഗന്ധംതേടി....
ആശംസകൾ

Binu Anamangad said...

ശേഷം......????!!!!

ഹന്‍ല്ലലത്ത് Hanllalath said...

.......പക്ഷെ,
എന്തൊക്കെ പറഞ്ഞാലും
യുഗങ്ങള്‍ തന്നെ നിരാസത്തിന്റെ കണ്ണുനീരിലാഴ്ത്തിയാലും
എനിക്കു നിന്നെ വെറുക്കാന്‍ കഴിയുന്നില്ലല്ലോ..!!
കാത്തിരിപ്പ്‌ തന്നെയാണ് ജീവിതത്തിന് അര്‍ഥം നല്‍കുന്നത് ......

തേജസ്വിനി said...

നന്ദിവാക്കുകള്‍ക്കപ്പുറം
സ്നേഹം പങ്കുവെയ്ക്കുന്നു-
വിരുന്നെത്തിയവര്‍ക്ക്....
ഒപ്പുവെച്ചവര്‍ക്ക്....

സുധീഷ്..
എഇരുന്ന പച്ചയിറച്ചി ആരുടേതുമാവാം, ചിലപ്പോള്‍
നിങ്ങളുടേതും...

ലക്ഷ്മ്യേച്ചീ...അതെ, അതാണെന്നേയും കുഴക്കുന്നത്...

അരങ്ങ്...നെഗറ്റീവ് ബിംബങ്ങളിലെ പോസിറ്റീവ്നെസ്സ് എന്തേ അങ്ങ് കാണാതെപോയി?...എന്നിട്ടും, കാത്തിരിക്കുന്നെന്നറിയുന്നില്യേ?...

ബിനു..ശേഷം?..മരണമാവാം, ജീവിതം തന്നെയാവാം...അല്ലെങ്കില്‍തന്നെ ശേഷം എന്ന വാക്ക് സന്നിവേശിപ്പിക്കുന്ന വികാരം എന്താണ്..? ഒരുതരം ശൂന്യതയല്ലേ പലപ്പോഴും?....

ഒരിക്കല്‍കൂടി നന്ദി, എല്ലാവര്‍ക്കും....നല്ല വായനയ്ക്കും സ്നേഹത്തിനും.

തേജസ്വിനി said...

hAnLLaLaTh..

ശരിയാണ്..
ജീവിതം കാത്തിരിപ്പുതന്നെ...ഒന്നല്ലെങ്കില്‍ മറ്റൊന്നിനുവേണ്ടിയുള്ള കാത്തിരിപ്പ്...

ജീവിതം തന്നെ കാത്തിരിക്കുന്ന ആരൊക്കെയോ നമുക്കിടയിലുണ്ടാവാം....

അവസാനം, തിരിച്ചറിവിന്റെ നിമിഷം വേവലാതിയോടെ അറിയും, നമ്മെ കാത്തിരിക്കാന്‍ മരണം മാത്രേയുള്ളൂ എന്ന്....

(അല്പം മുന്‍പേയത് മനസ്സിലാക്ക്യോ എന്ന് ചിലര്‍ എന്നെക്കുറിച്ച്....)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

“മഴ മണ്ണിനോടു
ചേരുന്ന ഗന്ധംതേടി
യാത്ര തുടരുമ്പോള്‍
നിന്റെ പാദത്തിനടിയില്‍
ചതഞ്ഞരഞ്ഞ പൂക്കള്‍ക്ക്
എരിയുന്ന പച്ചയിറച്ചിയുടെ
ഗന്ധമായിരിക്കും...!“

നഷ്ടപ്രണയത്തിൽ ഉഴറുന്ന ഒരു മനസ്സാണു എനിയ്ക്കിവിടെ കാണാൻ കഴിയുന്നത്.പെണ്ണിന്റെ പ്രണയം മനസ്സിലാക്കാനാവാതെ വിട്ടുപോയ ആദ്യ പ്രണയിതാവിനെക്കുറിച്ചുള്ള നീറുന്ന ഓർമ്മകൾ അവളെ ഇപ്പോളും വേട്ടയാടുന്നു.എത്രയോ പേർ അവളെ പ്രാപിയ്ക്കാൻ വന്നേക്കാം.എങ്കിലും ആദ്യ പുരുഷൻ നൽകിയ സ്നേഹത്തിന്റെ ഓർമ്മകൾ വിരഹദു:ഖമായി അവളുടെ മനസ്സിൽ അവശേഷിയ്ക്കുന്നു.എന്നെങ്കിലും തിരിച്ചു വരുമെന്നോർത്ത് അവൾ കാത്തിരിക്കുന്നു, ഒരു പക്ഷേ താനില്ലാതാവുമ്പോളെങ്കിലും!

നല്ല കവിത, തേജസ്വിനി !