Friday, February 27, 2009

ദ്രോണഭാരതം

ധര്‍മ്മജന്റെ നുണ നിറഞ്ഞ
‘സത്യ‘ത്തില്‍ ചിരിച്ച കൃഷ്ണനെ-
നോക്കി യാത്രയായ ദേഹി
ചിരംജീവിയാം മകനെ തേടി
കാട്ടില്‍ അലയുന്ന നേരം
മുറിച്ചെടുത്ത പെരുവിരലില്‍നി-
ന്നൂറിവീണ രക്തബിന്ദുക്കള്‍
ഇലത്തുമ്പുകളില്‍ കട്ടപിടിച്ച്
‘ഗുരുദക്ഷിണ‘യെന്നെഴുതിച്ചേര്‍ത്തു.

വ്യൂഹം ഭേദിച്ചകത്തുവന്ന്
പാതിയറിവില്‍ മരണം തേടി-
പ്പോയവന്‍ പുഞ്ചിരിക്കുന്നു.
ഉത്തരയും സുഭദ്രയും വ്യൂഹം
ചമച്ചവനെ പഴിയ്ക്കുമ്പോള്‍
കൃഷ്ണന്‍, നല്‍കാത്ത അറിവിനെ-
യോര്‍ത്ത് പുഞ്ചിരിക്കുന്നു!

അരിപ്പൊടിപ്പാല്‍ കുടിച്ചുവളര്‍ന്ന
ദരിദ്രപുത്രന്, ചോരയും ചലവും
നിറഞ്ഞ, ‘പക‘യുടെ കനല്‍യാത്ര,യേകി
കൃഷ്ണന്‍ വീണ്ടും ചിരിച്ചു!!!

പുതിയ ‘ഭാരതം‘ തുടങ്ങുന്നത്
നൂറ്റുവരെത്തേടുന്ന അമ്മയും
മകനെ തേടുന്ന പിതാവും
കണ്ടുമുട്ടുന്നിടത്താണ്!
ഹേ കൃഷ്ണാ, സൂത്രധാരനായി
നീയില്ലാത്ത നാടകമാവട്ടെയീ ഭാരതം!!!

36 comments:

തേജസ്വിനി said...

ഞാന്‍ കൃഷ്ണഭക്തയാണ്!!!

ഇത് ദ്രോണരുടെ ചിന്തകളിലൂടെ ഒരു യാത്ര മാത്രം....അതിലെ ഒരു കഥാപാത്രം മാത്രമാകുന്നു, കൃഷ്ണന്‍...

രണ്ടും രണ്ടാണെന്നു തന്നെ ഞാന്‍ കരുതുന്നു...ഒരു സമാധാനത്തിനു വേണ്ടി പറഞ്ഞതാണെയ്...

സുല്‍ |Sul said...

എല്ലാതും എപ്പോഴും എല്ലാവര്‍ക്കും ശരിയാവണമെന്നില്ലല്ലൊ.

ചതികളുടെ ഘോഷയാത്രയായി ഒരു നല്ല ജീവിതം മറ്റൊരാള്‍ക്കനുഭവപ്പെടാം.

നല്ല വരികള്‍. നല്ല ചിന്ത.

ഓടോ :ഞാന്‍ കൃഷ്ണഭക്തയാണ്!!! (മുങ്കൂറ് ജാമ്യം അല്ലെ)
-സുല്‍

തേജസ്വിനി said...

ഇതില്‍ വിശ്വാസങ്ങളെ ചോദ്യം ചെയ്യലില്യ എന്ന് ഒന്നുകൂടി ഉറപ്പിച്ചതാ ട്ടോ സുല്‍!

ശരിയ്ക്കും ഞാനൊരു
കൃഷ്ണഭക്ത തന്നെ...
എഴുതിക്കഴിഞ്ഞ് വീണ്ടും ഇത് വായിച്ചപ്പോള്‍
കീറിവലിച്ചെറിയാന്‍ തോന്നി....പക്ഷേ...ഏട്ടന്‍ വായിച്ചുപറഞ്ഞു, നന്നായി എന്ന്!! അപ്പോള്‍ പോസ്റ്റിടാനുള്ള ധൈര്യവും കിട്ടി....വിശ്വാസങ്ങളെ ചോദ്യം ചെയ്തിട്ടില്ല എന്നെനിക്കുറപ്പുണ്ട്, അതു മതിയല്ലോ!!!

വരവൂരാൻ said...

ഉത്തരയും സുഭദ്രയും വ്യൂഹം
ചമച്ചവനെ പഴിയ്ക്കുമ്പോള്‍
കൃഷ്ണന്‍, നല്‍കാത്ത അറിവിനെ-
യോര്‍ത്ത് പുഞ്ചിരിക്കുന്നു!

പുതിയ ‘ഭാരതം‘ തുടങ്ങുന്നത്
നൂറ്റുവരെത്തേടുന്ന അമ്മയും
മകനെ തേടുന്ന പിതാവും
കണ്ടുമുട്ടുന്നിടത്താണ്!
ഹേ കൃഷ്ണാ, സൂത്രധാരനായി
നീയില്ലാത്ത നാടകമാവട്ടെയീ ഭാരതം

പലയിടത്തും അറിഞ്ഞുവെച്ച വിശ്വാസങ്ങൾ തകരുന്നതായ്‌ എനിക്കു തോന്നിയിട്ടുണ്ട്‌. എല്ലാം അറിയുന്ന ശ്രീ കൃഷ്ണന്‍ പലതും അറിയാതെ പോയോ..... അതോ കണ്ടില്ലായെന്നോ.....

yousufpa said...

ഒരു നല്ല കവിത കൂടി ജനിച്ചു. ചിന്താപരമായ വരികള്‍.

yousufpa said...

എടാ....സുലൈമാനെ താനെന്നാടൊ കൃഷ്ണ ഭക്തയായത്...?

Unknown said...

അരിപ്പൊടിപ്പാല്‍ കുടിച്ചുവളര്‍ന്ന
ദരിദ്രപുത്രന്, ചോരയും ചലവും
നിറഞ്ഞ, ‘പക‘യുടെ കനല്‍യാത്ര,യേകി
കൃഷ്ണന്‍ വീണ്ടും ചിരിച്ചു!!!

................
................
ഹേ കൃഷ്ണാ, സൂത്രധാരനായി
നീയില്ലാത്ത നാടകമാവട്ടെയീ ഭാരതം!!!


ഒരു ഭക്തയുടെ ശരിക്കും വേറിട്ട കാഴ്ച തന്നെ ഇത്.
:)

Anonymous said...

തേജസ്വിനി ചേച്ചീ,
എന്നത്തെയും പോലെ മനോഹരം....

പാര്‍ത്ഥന്‍ said...

കൃഷ്ണനില്ലാത്ത ലോകമോ?

King Maker എന്ന ലേബലിൽ
ആഞ്ജാനുവർത്തികളായ പൊതുജനസേവകർ
പൂജിക്കുന്നത് ആ കൃഷ്ണനെത്തന്നെയാണോ?

വികടശിരോമണി said...

ഈ മുൻ‌കൂർ ജാമ്യങ്ങളൊന്നും ഞാൻ “നന്നായി”എന്നു പറഞ്ഞതിൽ പെടില്ല,ട്ടൊ:)

ജ്വാല said...

തേജസ്വനീ,
ആരും വിചാരണക്ക് അപ്രാപ്യരാകുന്നില്ല..
ആശാന്റെ സീതകാവ്യം “ചിന്താവിഷ്ടയായ സീത“ വായിച്ചിട്ടുണ്ടോ? വിനയം സ്നേഹം ഭക്തി വേദന എന്നീ ഭാവങ്ങളോടെ എത്ര മനോഹരമായി സീത രാമനെ വിചാരണ ചെയ്യുന്നു.അതിനാല്‍ ധൈര്യത്തോടെ ആത്മാവിഷ്കാരം തുടരുക
ആശംസകള്‍

Mr. X said...

Nice one...

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മഹാഭാരത കഥാപാത്രങ്ങളെല്ലാം വൈരുദ്ധ്യങ്ങൾ നിറഞ്ഞവരാണ്.സാദാ മനുഷ്യർ.ശിഷ്യത്വം സ്വീകരിയ്ക്കാനെത്തിയവന്റെ പെരുവിരൽ മുറിച്ചുവാങ്ങി അവനു വിദ്യ നിഷേദിച്ച അതേ ഗുരു സ്വന്തം മകന്റെ ആത്മാവ് തേടി അലയുന്നു.

എല്ലാ പ്രതിസന്ധികളിൽ നിന്നും പാണ്ഡവരെ രക്ഷിച്ച ശ്രീകൃഷ്ണൻ എല്ലാം അറിയുന്നവനായിട്ടും അഭിമന്യുവിനെ രക്ഷിച്ചില്ല.

കവയിത്രിയുടെ ശ്രീകൃഷ്ണ ഭക്തി വരികളിൽ ഒളിഞ്ഞിരിയ്ക്കുന്നു.എല്ലാം അറിയുന്നവൻ കണ്ണൻ..ചിലരെ രക്ഷിയ്ക്കുന്നു...പോകാൻ സമയമായവരെ പറഞ്ഞു വിടുന്നു.അവനു ചുറ്റും കാലം തിരിയുന്നു.

നന്നായി എഴുതിയിരിയ്ക്കുന്നു

ചിത്ര said...

..സ്വന്തം വിശ്വാസങ്ങളെ കൂടി ചോദ്യം ചെയ്താലേ മാറ്റങ്ങളുണ്ടാവൂ..അല്ലെങ്കില്‍ നമ്മളൊക്കെ വെറും കിണറ്റിലെ തവളകള്‍!! കവിതയാണതിനുള്ള മാധ്യമമെങ്കില്‍ അങ്ങനെ..പുലി പോലെ വന്നിട്ട്‌ എലി പോലെയായി ജാമ്യമെടുത്തപ്പോള്‍..

തേജസ്വിനി said...

ഒരുതരത്തിലും ഒന്നിനേയും എതിര്‍ക്കാന്‍ ഞാന്‍ ശ്രമിച്ചില്ല...
ദ്രോണപക്ഷം പിടിച്ചപ്പോള്‍ കണ്ട
ചില ദൃശ്യങ്ങള്‍ പകര്‍ത്തി എന്നു മാത്രം...ഞാന്‍ ഭക്തയെന്നു പറഞ്ഞാലും ഇല്ലെങ്കിലും എന്റെ ഭക്തിയ്ക്ക് ഒരു കുറവും സംഭവിക്കുന്നില്ല!!!

പുലിക്കൂട്ടില്‍ എലികള്‍ ജനിയ്ക്കാറില്ലെന്നത് വളരെ പ്രധാനം!!
ഇനി അങ്ങനെ ജനിച്ചാല്‍ തന്നെയും സഹവാസം പുലികളുടെ കൂടെയല്ലേ, നന്നാവാതെ വയ്യ!!

കൂപമണ്ഡൂകങ്ങള്‍ക്ക് കൂപത്തിനുള്ളിലെ അറിവെങ്കിലും പൂര്‍ണ്ണമായുണ്ടല്ലോ...അങ്ങനെയുള്ള ഒരു ‘കൂപ‘ത്തവളയെങ്കിലും ആയാല്‍ മത്യായിരുന്നു ഈശ്വരാ....

രാമൊഴീ,
ആര്‍ ആരില്‍ നിന്നുമാണ് ജാമ്യമെടുക്കുന്നത്...എനിക്ക് എന്റെ വിശ്വാസങ്ങള്‍ തന്നെയാണു പ്രധാനം...അതെന്റെ മനസ്സില്‍ മാത്രമിരിക്കെ ജാമ്യത്തിലെന്തര്‍ത്ഥം??

എല്ലാവര്‍ക്കും നന്ദി....

പകല്‍കിനാവന്‍ | daYdreaMer said...

അരിപ്പൊടിപ്പാല്‍ കുടിച്ചുവളര്‍ന്ന
ദരിദ്രപുത്രന്, ചോരയും ചലവും
നിറഞ്ഞ, ‘പക‘യുടെ കനല്‍യാത്ര,യേകി
കൃഷ്ണന്‍ വീണ്ടും ചിരിച്ചു!!!

നല്ല ചിന്തകള്‍.. .
പിന്നെ
ഭക്തയോ ആരാധികയോ .. ?
:)

Anonymous said...

തേജസ്വിനീ,
കവിത സംവേദനം ചെയ്യേണ്ടതെന്ത് എന്നു തീരുമാനിയ്ക്കാൻ സമ്പൂർണ്ണാധികാരം വായനക്കാർക്കാണ്.എഴുതിക്കഴിഞ്ഞാൽ പിന്നെ അതു എഴുത്തുകാരൻ/കാരിയിൽ നിന്നു വിട്ടു.പിന്നെ ഒരു വിശദീകരണത്തിനും അർത്ഥമില്ല.
(വികടശിരോമണിയുടെ അനിയത്തിയാ,അല്ലേ?അപ്പോൾ പിന്നെ എങ്ങനെ വീണാലും നാലുകാലിൽ നിൽക്കുമെന്നറിയാം:)

നിര്‍ ഝ രി said...

"പുതിയ ‘ഭാരതം‘ തുടങ്ങുന്നത്
നൂറ്റുവരെത്തേടുന്ന അമ്മയും
മകനെ തേടുന്ന പിതാവും
കണ്ടുമുട്ടുന്നിടത്താണ്!
ഹേ കൃഷ്ണാ, സൂത്രധാരനായി
നീയില്ലാത്ത നാടകമാവട്ടെയീ ഭാരതം!!!"

-ഈ വരികള്‍ വള രെ മനോഹരമായിരിക്കുന്നു.

" ഇരിക്കപ്പിണ്ഡം"
-ത്തിലെ മൃതിയുടെ ഭാവങ്ങള്‍ ചിത്രീകരിച്ചത് തീവ്രമായിട്ടുണ്‍ട്.

ആത്മഹത്യാമുനമ്പ് വെളിപ്പെടുത്തുന്നത്... -പ്രണയഭംഗത്തിന്റെ ഭാവം.

സൗന്ദര്യാത്മകമാണു താങ്കളുടെ വരികള്‍. ഉദാഹരത്തിന്‌ :
"മരണമടഞ്ഞ
ഒരു മേഘം
ദേഹം വെടിഞ്ഞ്
മഴയായി
പുഴയില്‍
മോക്ഷം തേടിയെത്തി."

ധ്വനിഭംഗി ആവോളമുണ്ട്.

പ്രകൃതിയോടുള്ള മനുഷ്യന്റെ അക്രമോത്സുകത വഴിപിഴച്ച കാലത്തിന്റെ പ്രയാണം...
കവിതകള്‍ വളരെ ഇഷ്ടപ്പെട്ടു. പ്രകൃതി,മൃതി,സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങള്‍ കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്നു.

ഭാവുകങ്ങള്‍...

Anonymous said...

സാന്ദ്രമായ കൽ‌പ്പനകൾ...മനോഹരമായ എഡിറ്റിങ്ങ്....
തേജസ്വിനി,
ഈ വരികൾ ഒറ്റയടിയ്ക്കുണ്ടായതല്ല എന്നു തോന്നുന്നു.പലതവണ ആറ്റിക്കുറുക്കിയ പോലെ...
ശരിയാണോ?

G. Nisikanth (നിശി) said...

കൃഷ്ണഭക്തി ഒരു വശത്തും എഴുത്തുകാരിയുടെ വിഹ്വലതകൾ മറുവശത്തുമായി തേജസ്വിനി അനുഭവിക്കുന്ന ധർമ്മസങ്കടം മനസ്സിലാകുന്നു.
എങ്കിലും പറയാനുള്ളത് വേണ്ടും വിധം വൃത്തിയോടെ പറഞ്ഞിരിക്കുന്നു. ബിംബങ്ങളും കൽ‌പ്പനകളും നല്ല വിധം ഉപയോഗിച്ചിരിക്കുന്നു. ആദ്യകാല കവിതകളിൽ നിന്നും പ്രകടമായ പുരോഗതി ഒരോ വരികളിലും ദൃശ്യമാകുന്നു. വിഷയങ്ങളിലെ വൈവിദ്ധ്യം കടൽ പോലെ വിശാലമായി മുന്നിൽ പരന്നു കിടക്കുന്നു.

അഭിനന്ദനങ്ങൾ..., ഇതുവായിച്ചപ്പോൾ മരാരുടെ ഭാരത പര്യടനമാണ് ഓർമ്മ വരുന്നത്. കാലാകാലങ്ങളായി അനുവാചകർ ചാർത്തിക്കൊടുത്ത ദുഷ്ടപാത്ര പ്രതിച്ഛായയുമായി അലഞ്ഞു തിരിയുന്ന അനേകം കഥാപാത്രങ്ങളെ, നമുക്കു മുൻപിൽ സ്ഥിരതയുടേയും ധൈര്യത്തിന്റേയും സ്നേഹത്തിന്റേയും പ്രതീകങ്ങളായി അവതരിക്കപ്പെട്ടപ്പോൾ അതു വരെ നിലനിന്നിരുന്ന വിശ്വാസപ്രമാണങ്ങൾ കാറ്റിൽ പറക്കുകയായിരുന്നു. നല്ല കഥാപാത്രങ്ങൾ എന്നു നാം കരുതുന്ന പലരും അവസരവാദത്തിന്റേയും വഞ്ചനയുടേയും പ്രതിരൂപങ്ങളാകുന്ന കാഴ്ചയും നാം കണ്ടു. “സ്നേഹാദ്രാക്ഷസലക്ഷ്മ്യേവ ബുദ്ധിപൂർവ്വമിഹാഗതഃ” എന്ന് വിഭീഷണന്റെ രാ‍മസന്ദർശനത്തെ മാരുതി സംശയദൃഷ്ടിയോടെ നോക്കിക്കാണുന്നത് ഒരുദാഹരണമാണ്.

ഇതിഹാസങ്ങൾ നമുക്കു മുൻപിൽ തുറന്നു തരുന്നത് വിശാലമായ ഒരു ലോകമാണ്. അതിലെ കഥാസംഭവങ്ങളും വസ്തുതകളും മനുഷ്യ മനശ്ശാസ്ത്രം അരച്ചുകലക്കിക്കുടിച്ച കവിത്വത്തിന്റെ ദർശനങ്ങളാണ്. പലരുടേയും കാഴ്ചപ്പാടിൽ ഒന്നുതന്നെ പലതായി കാണപ്പെടും. തേജസ്വിനിയുടെ ഭാവന അതിനെ വ്യത്യസ്തമായ ഒരു തലത്തിൽ നോക്കിക്കാണാൻ ശ്രമിച്ചു. ചുരുങ്ങിയ വരിയിലൂടെ അതു ഞങ്ങളിലെത്തിച്ചു.

തുടരുക....

തേജസ്വിനി said...

പകല്‍ക്കിനാവന്‍, ഭക്തിയുള്ള ആരാധിക!!!!

അദൃശ്യ, വിശദീകരണത്തില്‍ അര്‍ത്ഥമില്ലെന്നറിയുന്നു..പക്ഷേ, മനസ്സിന്റെ സമാധാനമാണല്ലോ പ്രധാനം!!! നാലുകാലില്‍ വീണാലും വീഴ്ച വീഴ്ചയല്ലാതാകുന്നില്ലല്ലോ....

നിര്‍ജ്ഝരി, നല്ല വായനയ്ക്ക് നന്ദി!!!

ചെറിയനാടന്‍, ശരിക്കും മനസ്സിലാക്കിയല്ലോ അങ്ങ്!!!!! അതോണ്ട് നന്ദി പറയുന്നുമില്ല!!!

തേജസ്വിനി said...

വീണ,

നന്ദി...
ഒറ്റയിരിപ്പിനെഴുതുന്ന കവിതകള്‍ പിന്നീടെപ്പോഴെങ്കിലുമാണ് എഡിറ്റിംഗ് നടത്തുന്നത്.....അതോണ്ടു തന്നെ ആകപ്പാടെ അടുക്കും ചിട്ടയും ഇല്ല...

എന്തൊക്കെയോ ചെയ്യുന്നു, ചിലര്‍ ചെയ്യിക്കുന്നു എന്നു പറയുകയായിരിക്കും ശരി!!!

ചിത്ര said...

"ആര്‍ ആരില്‍ നിന്നുമാണ് ജാമ്യമെടുക്കുന്നത്...എനിക്ക് എന്റെ വിശ്വാസങ്ങള്‍ തന്നെയാണു പ്രധാനം...അതെന്റെ മനസ്സില്‍ മാത്രമിരിക്കെ ജാമ്യത്തിലെന്തര്‍ത്ഥം??"

ഈ ചോദ്യം ഞാന്‍ അങ്ങോട്ടാണു ചോദിച്ചത്‌..ഞാന്‍ കൃഷ്ണഭക്തയാണെന്ന്‌ പറഞ്ഞുള്ള പിന്‍ കുറിപ്പ്‌ കണ്ടപ്പോള്‍ ഒരു ജാമ്യമെടുക്കല്‍ പോലെ....വേണ്ടിയിരുന്നില്ലെന്ന്‌ തോന്നി..എലിയെന്ന്‌ പറഞ്ഞത്‌ ആ ഒരു പിന്‍ കുറിപ്പിനെ മാത്രമാണു...കവിത പുലി തന്നെയാണു..കവയിത്രിയും..വെറുംവാക്കല്ല..ഇനിയും ഒരുപാട്‌ എഴുതുക..ആശംസകള്‍..

സമാന്തരന്‍ said...

വ്യക്തി ജീവിതവും താല്പര്യങ്ങളും വിശ്വാസങ്ങളും എഴുതുന്നതില്‍ ഉണ്ടയേ പറ്റൂ എന്നുണ്ടോ? എഴുതിയതെല്ലാം അവനവനിലേക്ക് സ്വാംശീകരിച്ചേ മതിയാകൂ എന്നുണ്ടോ ? രണ്ടുമില്ല.. പക്ഷേ,
തേജസ്വിനിക്ക്കുറിപ്പെഴുതി “സമാധാന”പ്പെടേണ്ടി വന്നു..... കാരണം..?

പ്രയാണ്‍ said...

കവിതയിലൂടെ വന്ന ഈ പ്രാര്‍ത്ഥന കൃഷണന്‍ കേള്‍ക്കാനുള്ള മനസ്സുണ്ടാവണെ എന്ന് ഞാനും പ്രാര്‍ത്ഥിക്കുന്നു. നല്ല കവിത.

തേജസ്വിനി said...

രാമൊഴി,
നന്ദി..
പിന്‍കുറിപ്പ് വേണ്ടെന്നു തന്നെയാണെനിക്കും ആദ്യം തോന്നിയത്...പക്ഷേ, എന്തോ അങ്ങനെ ചെയ്തു..ചില കാര്യങ്ങള്‍ക്ക് നമുക്ക് കാരണങ്ങളുണ്ടാവാറില്ലല്ലോ...

സമാന്തരന്‍...അങ്ങേയ്ക്കും ഇത് കൂട്ടിവായിക്കാം...നന്ദി ട്ടോ....

പ്രയാണ്‍, നന്ദി..

Shaivyam...being nostalgic said...

A different version! Excellent!! Keep it up!!!

മാണിക്യം said...

എനിക്ക് എന്നും പ്രീയപ്പെട്ടതാണ് ശ്രീകൃഷ്ണന്റെ ചെയ്തികള്‍ വെണ്ണ കട്ടു തിന്നുന്ന അമ്പാടികണ്ണന്‍‌
കള്ളകൃഷ്ണന്‍ എന്ന് പേരുവാങ്ങുന്നു.
ഒന്നും അറിയാഞ്ഞല്ലല്ലൊ, എല്ലാം അറിഞ്ഞിട്ടും സ്വാതന്ത്ര്യം തരുകയാണ്..ദുര്യോധരനും അര്‍ജുനനും യുദ്ധത്തിനു സഹായം ചോദിച്ചു വരുന്ന രംഗം ആദ്യം വരുന്നത് ദുര്യോധനന്‍, ചെന്ന് കാത്തിരിക്കുന്നത് തലക്കല്‍, അര്‍ജുനന്‍ വന്നിരിക്കുന്നത് കാല്‍ക്കല്‍ . സ്വാഭാവികം കണ്ണുതുറന്ന് ആദ്യം കാണുന്നത് പാര്‍ത്ഥനെ.. അവിടെ കൃഷ്ണന്റെ കൌശലമോ പാര്‍ത്ഥന്റെ എളിമയോ ?എതിനെ ആണു നാം മനസ്സിലാകണ്ടത്?തലക്കല്‍ ഇരിക്കുന്ന ദുര്യോധനന്‍ ആ അഹന്തക്ക് നേരെ കണ്ണടക്കുന്നു കണ്ണന്‍!!

ഗുരുവായി മനസ്സില്‍ ഏറ്റുമ്പോള്‍ ശക്തിയാണ് പകരുന്നത് അഥവാ ചോരുന്നത്.. അനുവദത്തോടെയാവണമത്
പ്രീയശിഷ്യനെ മാത്രമല്ല പാര്‍ത്ഥനില്‍ ദ്രോണര്‍ കണ്ടത് അല്ലെ ? അപ്പോള്‍ പാര്‍ത്ഥന് ഒരു എതിരാളി അതും
ഒരിക്കലും ധര്‍മ്മം പാലിക്കും എന്നു ഉറപ്പും ഇല്ല. വിരല്‍ ഗുരുദക്ഷിണ അതില്‍ പഴിക്കമോ?

ഒരേ നേരം എല്ലാമനസ്സിലും നിറയാന്‍ കെല്‍പ്പുള്ള കൃഷ്ണന്‍ പക്ഷേ ആരുടെയും ചെയ്തികള്‍ വിലക്കുന്നില്ല. പാര്‍ത്ഥനെ പോലെ കൃഷ്ണനെ ജീവിത സാരഥി ആക്കിയാല്‍ മീരയാവാം രാധയാവാം !!

സിജി സുരേന്ദ്രന്‍ said...

ഈയിടെ തേജസ്വനി എഴുതിയ കവിതകളില്‍ വച്ചേറ്റവും മനോഹരമെന്ന് ഞാന്‍ പറയുന്നു. പൂര്‍ണമാകുന്ന വരികള്‍, വേറിട്ട ഒരു ചിന്ത, ഒന്നുകൂടി വായിക്കട്ടെയെന്ന് തോന്നി..

ഞാന്‍ വീണ്ടും വീണ്ടും വായിച്ചു. പിന്നെ തോന്നി വായനയില്‍ മാത്രം കാര്യമില്ല ഒരു അഭിപ്രായമറിയിക്കാതെ വായനാസുഖം പങ്കുവയ്ക്കാതെ എന്ത്കാര്യം... നല്ല കവിത, നല്ല മൂര്‍ച്ചയുള്ള ചിന്ത രാകിമിനുക്കി വയ്ക്കൂ കറപുരണ്ടുപോകാതെ

പാര്‍ത്ഥന്‍ said...

കൃഷ്ണനെ ആർക്കും സ്വന്തമാക്കി മനസ്സിൽ കുടിയിരുത്താം.
അയ്യപ്പപണിക്കരുടെ (എന്നാണ് ഓർമ്മ) ഈ വരികൾ ഓർക്കുക.

“കണ്ണനെന്റെതെന്നു നിനച്ചതില്ല,
ഞാൻ കണ്ണന്റേതെന്നേ നിനച്ചതുള്ളൂ.”

സെറീന said...

നിന്‍റെ കവിതകളില്‍ ഏറ്റവും മികച്ചവയില്‍ ഒന്നാണ് ഇക്കവിത.
സമാന്തരമായ ഒരു കര്‍ണ്ണ വിചാരത്തില്‍ പണ്ടെന്നോ എന്‍റെ
ഉള്ളിലും വന്നുപോയ വരികള്‍.
"ഹേ കൃഷ്ണാ, സൂത്രധാരനായി
നീയില്ലാത്ത നാടകമാവട്ടെയീ ഭാരതം!!! "
നന്നായിട്ടുണ്ട്. ഭാവുകങ്ങള്‍.

Vinodkumar Thallasseri said...

ക്രിഷ്ണഭക്തയായ തേജസ്വിനിയുടെ ധര്‍മസങ്കടത്തിണ്റ്റെ ആഴം അറിയാന്‍ ഭക്തി ലേശം പോലുമില്ലാത്ത ഈയുള്ളവനാവുന്നില്ല. പക്ഷേ, അത്‌ തീക്ഷ്ണസുന്ദരമായ ഈ കവിതയുടെ ആസ്വാദനത്തില്‍ ലവലേശം പ്രശ്നമുണ്ടാക്കിയില്ല. ആറ്റിക്കുറുക്കി സാന്ദ്രത കൂട്ടി എഴുതിയിരിക്കുന്നു. അതി ഗംഭീരം. സിജി സുരേന്ദ്രന്‍ പറഞ്ഞതുപോലെ നല്ല കവിതകള്‍ മാത്രമെഴുതുന്ന തേജസ്വിനിയുടെ കവിതകളില്‍ ഒരു പടി മുന്നിലാണ്‌ ഇതിണ്റ്റെ ഇടം. അഭിനന്ദനങ്ങള്‍.

വികടശിരോമണി said...

കൃതികൾ വ്യക്തിസ്വത്വത്തെ പ്രതിനിധീകരിക്കുന്നത്,പ്രത്യക്ഷനിലപാടുകൾ കൊണ്ടാവണം എന്നില്ല.ഭാരതീയസാഹിത്യം ഇതു പണ്ടേ തിരിച്ചറിഞ്ഞിരുന്നു.ഇതിഹാസപുരാണങ്ങളിലെ പ്രതീകങ്ങളോരോന്നും പണ്ടേ വിപരീതവ്യാഖ്യാനങ്ങളിലൂടെ കടന്നുപോന്നവയാണല്ലോ.പ്രത്യേകിച്ചും വ്യാസൻ,നിരവധി നിശ്ശബ്ദതകൾ കൊണ്ടാണ് തന്റെ ഇതിഹാസം പൂർത്തിയാക്കുന്നത്.വ്യാസമൌനങ്ങളെ പൂരിപ്പിയ്ക്കുന്ന നിരവധി വായനകളിലൂടെ നാം കടന്നുപോന്നു.പ്രതിഭാറോയിയും,ഖാണ്ഡേക്കറും,മാരാരും,കുമാരനാശാനും,എം.ടിയും,പി.കെ.ബാലകൃഷ്ണനും,ജെയിസും…വായനകളുടെ ബഹുസ്വരതയ്ക്കിനിയും സാധ്യതകൾ നിറച്ചുകാത്തുനിൽക്കുന്നതുകൊണ്ടു തന്നെയാണ് മഹാഭാരതം ഇതിഹാസങ്ങളുടെ ഇതിഹാസമാകുന്നത്.
കൃഷ്ണൻ,വിവിധമാനങ്ങളുള്ള ഒരു വ്യക്തിത്വമാണല്ലോ.അവയേറെയും ചിത്രീകരിക്കപ്പെട്ടതും.അതുകൊണ്ടുതന്നെ,തേജസ്വിനിയുടെ വായനയിൽ ആദ്യം സംശയമാണു തോന്നിയത്.ഇതൊരു ക്ലിഷേ അല്ലേ എന്ന എന്റെ സംശയത്തെ,ക്രാഫ്റ്റിന്റെ സൌന്ദര്യം കൊണ്ട്,അനിയത്തി സമർത്ഥമായി മറികടന്നു.ഓരോ തവണ ചെത്തിമിനുക്കപ്പെടുമ്പോഴും കവിത കൂടുതൽ സുഭദ്രമാകുന്നു എന്ന തിരിച്ചറിവിലേയ്ക്ക് ഉപനയിയ്ക്കാൻ ഈ കവിതയുടെ ഘടനാപരിണാമം ഇവളെ സഹായിച്ചുകാണുന്നതിൽ സംതൃപ്തി തോന്നുന്നു;കവിത അഭിപ്രായങ്ങളിലൂടെ അംഗീകരിക്കപ്പെട്ടതിൽ സന്തോഷവും.
എന്നാൽ,പ്രസിദ്ധപ്രമേയങ്ങളെ വെച്ച് നിർമ്മിയ്ക്കുന്ന പ്രയുക്തകവിത,ഒരേ സമയം ഒരു കുരുക്കുമാണ്.പുതിയകാലത്തിന്റെ സങ്കീർണ്ണതയേയും അവയുടെ അനുഭവലോകങ്ങളേയും ആവിഷ്കരിക്കാൻ ഒരു ക്ലാസിക്കൽ പ്രമേയത്തിന്റെ ഊന്നുവടി ആവശ്യമില്ലാതാകണം.അതിനിനിയും മുന്നോട്ടുപോകണം.

തേജസ്വിനി said...

ഓരോ കമെന്റുകളും എന്നെ നയിക്കുന്നത്‍
അറിവിന്റെ‍ ഖനികളിലേക്കാണ്...

നന്ദി പറയരുതെന്നറ്യാം, എങ്കിലും
നന്ദി പറയട്ടെ....
ഇതും എന്റെ സമാധാനത്തിനാ ട്ടോ...

ഏ.ആര്‍. നജീം said...

ഉത്തരയും സുഭദ്രയും വ്യൂഹം
ചമച്ചവനെ പഴിയ്ക്കുമ്പോള്‍
കൃഷ്ണന്‍, നല്‍കാത്ത അറിവിനെ-
യോര്‍ത്ത് പുഞ്ചിരിക്കുന്നു!

ഭഗവാന്റെ ഓരോ കളികളേ.....

തേജസ്വിനിയുടെ പതിവു കവിതകളില്‍ നിന്നും വ്യത്യസ്ഥമായി ഈ കവിതയില്‍ ഭക്തിയുടെ, വേറിട്ടൊരു രചനാശൈലിയുടെ തേജസ്സ് തെളിഞ്ഞു കാണുന്നതില്‍ വളരെ സന്തോഷം

തുടരുക.. ഈ രചനാ ശൈലി, അഭിനന്ദനങ്ങളോടെ

Sureshkumar Punjhayil said...

Soothradharanillathe nadakangalilla... Ennum Krishnalillathe lokavum. Manoharamaya chintha.. Ashamsakal. Molu.