Monday, February 23, 2009

ഇരിക്കപ്പിണ്ഡം

പണിതീരാത്ത വീട്ടില്‍
ഉറങ്ങിപ്പോയ
അച്ഛനെക്കാത്ത്,
വാടകവീട്ടില്‍
ഉണ്ണാതെ കാത്തിരുന്ന
അമ്മ അറിഞ്ഞില്ല
വിളമ്പിയ ചോറിലെ
ഇരിക്കപ്പിണ്ഡം!

അച്ഛന്റെ ആത്മാംശമുള്ള
ഭൂമിയെ ഒരുതുള്ളി
മിഴിനീരിലടച്ചുവെച്ച്
നഗരം പൂകുമ്പോള്‍
കുഴിമാടത്തില്‍
വിളക്കുവെയ്ക്കുന്ന
മിന്നാമിനുങ്ങുകള്‍
അമ്മയുടെ സ്വപ്നത്തില്‍
നിറഞ്ഞു‍ നിന്നിരുന്നു!

ഫ്ലാറ്റിന്റെ മുകളിലെ
നിലയില്‍ നിന്നും
വൈദ്യുതീകരിച്ച ‘ശ്മശാന‘-
യാത്രയില്‍പോലും
ഭൂമിയെ സ്പര്‍ശിക്കാനാവാതെ
അമ്മ എരിഞ്ഞുതീരും.

ആണ്ടറുതികളില്‍,
ചോറുണ്ണാന്‍ വരുന്ന
കാക്കക്കൂട്ടങ്ങളില്‍
കാലം ചെയ്തു പോയ
മാതാപിതാക്കളെ കണ്ട്
നിര്‍വൃതിയടഞ്ഞ മകന്‍
ബലിച്ചോറിലെ അന്നദാനത്തെപ്പറ്റി
കവിതയെഴുതുമ്പോള്‍
കുഴിമാടത്തില്‍ വിളക്കുകൊളുത്തുന്ന
മിന്നാമിനുങ്ങുകളെയോര്‍ത്ത്
പുഴയിലൊഴുകുന്ന
മണ്‍കുടത്തിലിരുന്ന്, അമ്മ
വിങ്ങിക്കരയുന്നുണ്ടാകാം.

23 comments:

തേജസ്വിനി said...

പഴയ കവിത കീറിമുറിച്ച്
പലതും മാറ്റി പ്രതിഷ്ഠിച്ച്
ചിലത് വെട്ടിമാറ്റി
പുതിയ ചിലത് സ്വീകരിച്ച്....

വേണ്ടായിരുന്നു, പൊട്ടക്കിണറ്റില്‍
തള്ളിയാ മത്യാരുന്നു...

മുജീബ് കെ .പട്ടേൽ said...

ഇരുത്തം വന്ന ഒരു കവയിത്രിയുടെ എല്ലാ ഗുണങ്ങളും തേജിന്‍റെ കവിത വായിക്കുമ്പോള്‍ ഫീല്‍ ചെയ്യുന്നു. എപ്പോഴും ഇങ്ങനെ എഴുതുന്നതിനു പകരം, സമയമെടുത്ത് ആറ്റിക്കുറുക്കി എഴുതാന്‍ ശ്രമിക്കുക. നല്ല ഭാവി നേരുന്നു.

മാണിക്യം said...

പണിതീരാത്ത വീട്ടില്‍
ഉറങ്ങിപ്പോയ
അച്ഛനെക്കാത്ത്,
വാടകവീട്ടില്‍
ഉണ്ണാതെ കാത്തിരുന്ന
അമ്മ അറിഞ്ഞില്ല
വിളമ്പിയ ചോറിലെ
ഇരിക്കപ്പിണ്ഡം!.............
വരികള്‍ മനസ്സില്‍ തുളഞ്ഞു കയറുന്നു
ഓര്ക്കുമ്പോള്‍‌ വിങ്ങലുണര്‍ത്തുന്ന് വരികള്‍
തേജസ്വിനി ആശംസകള്‍

പ്രയാണ്‍ said...

ഒന്നും പറയുന്നില്ല...വല്ലാതെ കനത്തുപോയി മനസ്സ്....

Anonymous said...

ഇഷ്ടായി തേജസ്വിനിചേച്ചീ,
ഒരു പാട്‌ ഇഷ്ടായീ ഈ കവിത...

പാര്‍ത്ഥന്‍ said...

വീണ്ടും വായിച്ചു.

വരവൂരാൻ said...

കുഴിമാടത്തില്‍ വിളക്കുകൊളുത്തുന്ന
മിന്നാമിനുങ്ങുകളെയോര്‍ത്ത്
പുഴയിലൊഴുകുന്ന
മണ്‍കുടത്തിലിരുന്ന്, അമ്മ
വിങ്ങിക്കരയുന്നുണ്ടാകാം

എഴുത്തുകാരി

ഏ.ആര്‍. നജീം said...

നന്നായി... വളരെ വളരെ...

തുടര്‍ന്നും കാത്തിരിക്കുന്നു ഇത്തരം നല്ല കവിതകള്‍ക്കായ്

ആശംസകളോടെ

yousufpa said...

ഇതൊരാത്മ ബന്ധത്തിന്‍റെ സത്യമാണ്. ഒട്ടും അവ്ഗണിക്കാനാവാത്തത്.

എനിയ്ക്ക് മുജീബിന്‍റെ വാക്കുകളോട് കൂറുണ്ട്.

Sureshkumar Punjhayil said...

ഫ്ലാറ്റിന്റെ മുകളിലെ
നിലയില്‍ നിന്നും
വൈദ്യുതീകരിച്ച ‘ശ്മശാന‘-
യാത്രയില്‍പോലും
ഭൂമിയെ സ്പര്‍ശിക്കാനാവാതെ
അമ്മ എരിഞ്ഞുതീരും.

Ganbheeram Sahodari. Ashamsakal.

സെറീന said...

നീ ഓരോ നോവും ഓരോ വിളക്കായി കൊളുത്തുന്നു..

തേജസ്വിനി said...

നല്ല വായനയില്‍ എന്നെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവര്‍ക്കും നന്ദി!!!

Vinodkumar Thallasseri said...

ഇങ്ങനെ ഓരോ കവിതയെയും അംളം നിറച്ചു തരാതിരിക്കൂ കുട്ടീ. ഓരോ കവിതയേറ്റും ഞങ്ങള്‍ പൊള്ളിക്കൊണ്ടിരിക്കുന്നു.

ജെ പി വെട്ടിയാട്ടില്‍ said...

""പണിതീരാത്ത വീട്ടില്‍
ഉറങ്ങിപ്പോയ
അച്ഛനെക്കാത്ത്,
വാടകവീട്ടില്‍
ഉണ്ണാതെ കാത്തിരുന്ന
അമ്മ അറിഞ്ഞില്ല
വിളമ്പിയ ചോറിലെ
ഇരിക്കപ്പിണ്ഡം! ""

പെട്ടെന്ന് ഇരിക്കപിണ്ഡം എന്ന് കേട്ടപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ ബാലേട്ടന്‍ എന്ന് സി. വി. ശ്രീരാമന്‍ എഴുതിയ കഥയാണ്. പിന്നീടത് വാസ്തുഹാര എന്ന സിനിമയായി വന്നു.
++ ഏതായാലും ഇത് അതല്ല.. പെട്ടെന്ന് ഈ പേര് കേട്ടപ്പോള്‍ ഞാന്‍ അങ്ങോട്ട് പോയി....

തേജസ്വിനിയുടെ വരികളെന്നെ ഹരം പിടിപ്പിക്കുന്നതായി ഞാന്‍ ഇപ്പൊ പകല്‍കിനാവുകാരനും, സബിതാ ബാലയോടും പറഞ്ഞതെ ഉള്ളൂ.....

താങ്കളുടെ കവിതാ ശകലങ്ങളെ ഞാന്‍ സ്നേഹിക്കുന്നു. എന്നിലുറങ്ങിക്കെടുക്കുന്ന കവിയെ ഒരു പക്ഷെ പുറത്ത് കൊണ്ട് വരാന്‍ താങ്കളുടെ എഴുത്തുകള്‍ പ്രചോദനമായേക്കാം......

എല്ലാ ഭാവുകങ്ങളും നേരുന്നു......
കേരളത്തില്‍ അറിയപ്പെടുന്ന ഒരു കവയത്രിയായി പരിണമിക്കട്ടെ !!!!!!

Unknown said...

Beautiful. I say you can publish a book with your writings :)

സമാന്തരന്‍ said...

കവിതക്ക് തേജസ്സ് കൂടീട്ടേയുള്ളൂ.. ആശംസകള്‍

തേജസ്വിനി said...

നന്ദി, എല്ലാവര്‍ക്കും....

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

"ആണ്ടറുതികളില്‍,
ചോറുണ്ണാന്‍ വരുന്ന
കാക്കക്കൂട്ടങ്ങളില്‍
കാലം ചെയ്തു പോയ
മാതാപിതാക്കളെ കണ്ട്
നിര്‍വൃതിയടഞ്ഞ മകന്‍
ബലിച്ചോറിലെ അന്നദാനത്തെപ്പറ്റി
കവിതയെഴുതുമ്പോള്‍
കുഴിമാടത്തില്‍ വിളക്കുകൊളുത്തുന്ന
മിന്നാമിനുങ്ങുകളെയോര്‍ത്ത്
പുഴയിലൊഴുകുന്ന
മണ്‍കുടത്തിലിരുന്ന്, അമ്മ
വിങ്ങിക്കരയുന്നുണ്ടാകാം"

ജനിച്ച മണ്ണിനെ വിട്ടു പോരുക എല്ലാവരുടെയും ദു:ഖമാണ്.പ്രിയപ്പെട്ടവർ ജീവിച്ചു മരിച്ച മണ്ണിനോടുള്ള ആത്മബന്ധം ഒന്നു വേറേ തന്നെയാണ്.ഇന്നത്തെ തിരക്കേറിയ ജീവിതത്തിന്റെ പ്രതിനിധികൾക്ക് അത് ഒരു പക്ഷേ മനസ്സിലാവില്ല.മകന്റെ നിർബന്ധം മൂലം നഗരം പുൽകേണ്ടി വന്ന ഒരമ്മയുടേയും, ഭർത്താവ് ജീവിച്ചു മരിച്ച ഭൂമി വിട്ടു പോരേണ്ടി വന്ന ഭാര്യയുടേയും തീവ്ര ദു:ഖം ഏതാനും വരികളിൽ തേജസ്വിനി ഭംഗിയായി അവതരിപ്പിച്ചിരിയ്ക്കുന്നു..

ജനിച്ച മണ്ണിന്റെ സുഗന്ധം...അതൊരു വല്ലാത്ത അനുഭൂതി തന്നെ !

G. Nisikanth (നിശി) said...

valare chinthikkaan prerippikkunna varikal....

vyathyasthamaaya saili...

abhinandanangal...

snehapoorvvam

Mahesh Cheruthana/മഹി said...

തേജസ്വിനി,

'കുഴിമാടത്തില്‍ വിളക്കുകൊളുത്തുന്ന
മിന്നാമിനുങ്ങുകളെയോര്‍ത്ത്
പുഴയിലൊഴുകുന്ന
മണ്‍കുടത്തിലിരുന്ന്, അമ്മ
വിങ്ങിക്കരയുന്നുണ്ടാകാം"
ഈ വരികള്‍ ഒരു പാട്‌ ഇഷ്ടായി !
ആശംസകള്‍!!!!

ഉസ്മാന്‍ പള്ളിക്കരയില്‍ said...

bhaava saandramaaya kavitha.
nannaayezhuthiyirikkunnu.
Thanks.

തേജസ്വിനി said...

നന്ദി എല്ലാവര്‍ക്കും...
പ്രോത്സാഹനങ്ങള്‍ക്കും
സ്നേഹത്തിനും...

prakashettante lokam said...

""ഫ്ലാറ്റിന്റെ മുകളിലെ
നിലയില്‍ നിന്നും
വൈദ്യുതീകരിച്ച ‘ശ്മശാന‘-
യാത്രയില്‍പോലും
ഭൂമിയെ സ്പര്‍ശിക്കാനാവാതെ
അമ്മ എരിഞ്ഞുതീരും. ""

നന്നായിട്ടുണ്ട്..... ആശംസകള്‍