Saturday, January 31, 2009

നിഴലുകള്‍ സ്വതന്ത്രരാകുമ്പോള്‍...

ഇന്നലെ രാത്രി
മുഴുവന്‍
വീടിന്റെ ടെറസിലിരുന്നു-
കൂട്ടിന് അമാവാസി.
ഊഴമിട്ട്
കൃത്യമായി
തോല്‍ക്കുകയും
തോല്‍പ്പിക്കപ്പെടുകയും
ചെയ്യുന്ന നല്ല
ഹൃത്തുള്ളവന്‍‍-
കറുത്ത സുന്ദരനെന്‍
പ്രിയതോഴന്‍.

നിറങ്ങളാവാഹിച്ച്
സാര്‍വ്വത്രിക-
സോഷ്യലിസം
നടപ്പാക്കുന്നവന്‍‍-
ലോകത്തിന്റെ
അഴുകിയ മിഴികളില്‍നിന്നും
എന്റെ സൌന്ദര്യം
രക്ഷിക്കുന്നവന്‍
നല്‍കിയത്രെ,
നിഴലിനും ശാപമോക്ഷം

‘’പ്രണയം ഒന്നും
നേടുന്നുമില്ല-
നഷ്ടപ്പെടുത്തുന്നുമില്ല‘’
ജിബ്രാന്റെ ഓര്‍മ്മ-
പ്പെടുത്തല്‍.

യാത്ര തുടങ്ങിയ
നിമിഷം മിന്നിയ
ദൈവവെളിച്ചത്തില്‍
ലോകം വീണ്ടും
നിറങ്ങളണിഞ്ഞു.
പുറകിലെന്തോ
തിരഞ്ഞ് തപ്പിത്തടയുമ്പോള്‍
ജിബ്രാന്‍ ശാസിച്ചു-
‘’പ്രണയം വിളിയ്ക്കുമ്പോള്‍
പോവുക;
വഴികള്‍ കഠിനമേറിയതെങ്കിലും!‘’

നാളെ വീടിന്‍ മുറ്റത്ത്
ഞാനുറങ്ങുമ്പോള്‍
നോക്കുക,
നിഴലെന്നെ വിട്ടുപോയിരിക്കും.
എന്റെ നിശ്ശബ്ദതയില്‍
അമാവാസി എന്നെ
ചൂഴ്ന്നുനില്‍ക്കും-
സഫലമായ പ്രണയത്തിന്റെ
നിശ്ചലചിത്രം പോല്‍!

17 comments:

തേജസ്വിനി said...

ഞാന്‍ തിരിഞ്ഞുനടക്കട്ടെ-
നീണ്ട കരച്ചിലിന്റെ,
മരങ്ങള്‍ പെയ്തു-
തോരുന്നതിന്റെ
അവസാനം
തിരിഞ്ഞുനോക്കാതെ പോകുന്ന
മഴ പോലെ...

ഒരുപക്ഷേ
ഇതെന്റെ അവസാന-
കവിതയാവാം..
ഒരു നീണ്ട നെടുവീര്‍പ്പില്‍
ഒരു ചുടുനിശ്വാസത്തില്‍
ഒരു തേങ്ങലില്‍
ഒരു തുള്ളി മിഴിനീരില്‍
ഞാനും പെയ്തൊഴിയട്ടെ..

സ്നേഹം ഒരുപാട് തന്ന
നിങ്ങളേവര്‍ക്കും
എന്നെ മനസ്സിലാക്കിയ
എന്റെ പ്രിയപ്പെട്ട
ഏട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും
നല്ല സുഹൃത്തുക്കള്‍ക്കും
ഒരുപാട് നന്ദി...

നന്നല്ലെങ്കിലും എന്റെ വാക്കുകള്‍
നല്ലതെന്ന് പറഞ്ഞെന്നെ പ്രോത്സാഹിപ്പിച്ചവരോട്
സ്നേഹം പങ്കുവെച്ചവരോട്
കേവലം ഭംഗിവാക്കുകള്‍ക്കപ്പുറം
നന്ദി പറയട്ടെ...

എന്റെ കവിതകള്‍
എന്നെ വേട്ടയാടിത്തുടങ്ങുമ്പോള്‍
കാലചക്രത്തിന്റെ
തിരിച്ചിലില്‍ എന്റെ വേഷം
അഴിച്ചുവെയ്ക്കാനാവാതെ
പരുങ്ങുമ്പോള്‍
ഒരുപക്ഷേ
ഇനിയും എന്നെ
കണ്ടെന്നുവരാം...

ഒന്നറിയുന്നു..
വെറും കൈയോടെ വന്ന്
കുറച്ചുദിനങ്ങള്‍ക്കുശേഷം
തിരിച്ചുനടക്കുമ്പോള്‍
സ്നേഹം ബാക്കിയാകുന്നു-
ഒരുപിടി നല്ല ഓര്‍മ്മകളും.

G. Nisikanth (നിശി) said...

മറയാൻ തുടങ്ങുന്ന സന്ധ്യേ...
വിടപറഞ്ഞകലുന്ന നിന്റെ...
നിറമിഴിച്ചോപ്പിന്റെ അർത്ഥം
അറിയുന്നതില്ല ഞാൻ, ....?

അനാവശ്യം, അനാവശ്യം, അനാവശ്യം...
ബാക്കി പിന്നെ...

ജ്വാല said...

തേജസ്വിനീ..
എന്താണു യാത്ര പറച്ചിലും നന്ദി വാക്കുകളും?
കവിതകള്‍ ഒഴുകി വരുമ്പോള്‍ എവിടേക്കു പോകുന്നു?
സ്നേഹപൂര്‍വ്വം

തേജസ്വിനി said...

സംശയങ്ങളുടെ നിഴലിലാണ്
ഞാനും..പക്ഷേ....

കവിത വായിക്കുക-
അല്പം കൂടി മനസ്സിലാകുന്നില്ലേ?

സ്നേഹം
എന്നും മിഴികളെ നനയിച്ച്
കടന്നുപോകാറാണ് പതിവ്.
പതിവുതെറ്റിയ്ക്കാതെ
ഇപ്പോഴും, ഇവിടെയും...

ചെറിയനാടന്‍
ജ്വാലാമുഖി

നന്ദി..
എവിടെയോ ഉള്ള നമ്മള്‍
പരിചയപ്പെടേണ്ടതും സ്നേഹം പങ്കുവെയ്ക്കേണ്ടതും
നിയോഗം..
അത്രമാത്രം!!

വരവൂരാൻ said...

‘’പ്രണയം വിളിയ്ക്കുമ്പോള്‍
പോവുക;
വഴികള്‍ കഠിനമേറിയതെങ്കിലും!‘’

ഒരു സഫലമായ പ്രണയത്തിന്റെ
നിശ്ചലചിത്രം ബാക്കിയാക്കി.

എന്റെ കവിതകള്‍
എന്നെ വേട്ടയാടിത്തുടങ്ങുമ്പോള്‍
കാലചക്രത്തിന്റെ
തിരിച്ചിലില്‍ എന്റെ വേഷം
അഴിച്ചുവെയ്ക്കാനാവാതെ
പരുങ്ങുമ്പോള്‍
ഒരുപക്ഷേ
ഇനിയും എന്നെ
കണ്ടെന്നുവരാം..

വരും വരാതെ എവിടെ പോവാൻ

പകല്‍കിനാവന്‍ | daYdreaMer said...

‘’പ്രണയം വിളിയ്ക്കുമ്പോള്‍
പോവുക;
വഴികള്‍ കഠിനമേറിയതെങ്കിലും!‘’

നല്ല അടി വാങ്ങിക്കും... :)

ചന്ദ്രകാന്തം said...

തേജസ്വിനി,
അമാവാസി ചൂഴ്ന്നുനില്‍ക്കുന്ന നിശ്ചല ചിത്രം..!!!

(കടന്നുപോന്ന അതേ വഴികളിലൂടെ ഒരിയ്ക്കല്പ്പോലും തിരിച്ചിച്ചുനടത്തം ആവില്ലെന്നറിയുമല്ലോ.)

തേജസ്വിനി said...

വരവൂരാന്‍
പകല്‍ക്കിനാവന്‍
ചന്ദ്രകാന്തം

സമയം കണ്ടെത്തിയതിന് നന്ദി...
അറിയാതെ നനയുന്ന മിഴികളറിയുന്നുണ്ടാവണം
എന്തിനോ കരയുന്ന മനസ്സിനെ...

നന്ദി മാത്രം പറയട്ടെ...

തേജസ്വിനി said...

ഒരിത്തിരികൂടി...

ഒറ്റപ്പെടുമ്പോള്‍...

ഇനി നിനക്ക് കടന്നുവരാം
എന്റെ കവിതകളുടെ ഗര്‍ഭപാത്രം
വന്ധ്യമായിരിക്കുന്നു
തൂലികയുടെ മുന
കുത്തിയൊടിച്ചിരിക്കുന്നു
വാക്കുകളില്‍ തേന്‍
പുരട്ടാന്‍ ശീലിച്ചിരിക്കുന്നു
ചിന്തകള്‍ മണിച്ചിത്ര-
ത്താഴിട്ടു പൂട്ടിയിരിക്കുന്നു

മനസ്സിലും ശരീരത്തിലും
നിന്റെ പ്രണയത്തിന്റെ
വിഷം ചേര്‍ക്കാന്‍;
പച്ചയായ എന്റെ സ്ത്രീത്വം
കവര്‍ന്നെടുക്കാന്‍
ഇനി നിനക്ക് കടന്നുവരാം.

ഇല്ല, നീ വരില്ല-
ഒരോര്‍മ്മപ്പെയ്ത്തില്‍
പാതയോരത്തെ ചാലുകളില്‍
ഉന്മാദിയായി നീയലയുമ്പോള്‍
കവിതയുടെ പേറ്റുനോവില്‍
കരയുന്ന മനസ്സിന്
കാണാനായില്ല നിന്‍ പ്രണയം.
വരാനാവില്ല നിനക്ക്.

പൂമുഖവാതില്‍ തുറന്നിട്ട്
കാത്തിരിക്കുന്ന
മിഴികള്‍ നിശ്ശബ്ദം പെയ്യുന്നു
ഏകാന്തതയുടെ
ജനാലച്ചില്ലുകളില്‍
മരണം മുട്ടിവിളിക്കാന്‍
തുടങ്ങിയിരിക്കുന്നു

എന്നോ എഴുതിയ കവിതാശകലം
ഓര്‍മ്മക്കുറിപ്പായി ചിരിക്കുന്നു
‘’മറവിയില്‍ സ്മൃതി-
കള്‍ ജനിക്കുന്നു
പ്രണയത്തില്‍
ജനിമൃതികളൊടുങ്ങുന്നു‘’

വരവൂരാൻ said...

പൂമുഖവാതില്‍ തുറന്നിട്ട്
കാത്തിരിക്കുന്ന
മിഴികള്‍ നിശ്ശബ്ദം പെയ്യുന്നു
ഏകാന്തതയുടെ
ജനാലച്ചില്ലുകളില്‍
മരണം മുട്ടിവിളിക്കാന്‍
തുടങ്ങിയിരിക്കുന്നു

ഒരുപക്ഷേ
ഇതെന്റെ അവസാന-
കവിതയാവാം..
ഒരു തുള്ളി മിഴിനീരില്‍
ഞാനും പെയ്തൊഴിയട്ടെ..

തേജസ്സിനി എന്തു പറ്റി, യാത്രാമൊഴിപോലെ തോന്നിക്കുന്ന കവിതകളും പിന്നെ കുറെ കമന്റുകളും. പകൽ പറഞ്ഞപോലെ നല്ല അടികിട്ടും. എന്നും ഇവിടെ ഇങ്ങിനെ കവിതകളുമായി ഉണ്ടാവണം. ആശംസകൾ.

chithrakaran ചിത്രകാരന്‍ said...

ഹഹഹ...!!!
കവിതയുടെ
ഗര്‍ഭപാത്രം വന്ധ്യമായെന്നോ ?
അതിനാണോ
ഇത് അവസാനത്തെ
കവിതയാകാമെന്ന ഭീഷണി !

ഭീഷണികള്‍ എപ്പോഴും പുറത്തോട്ടാണ്.
ക്രിയാത്മകമല്ല.അലസതയുടെ നെടുവീര്‍പ്പാണത്.
കവികള്‍ അകത്തോട്ടാണ്
ഭീഷണിമുഴക്കേണ്ടത്.

അകത്തോട്ടുള്ള വഴിയുടെ കവാടം പോലെ തോന്നുന്ന സ്വന്തം
കാപട്യത്തിന്റെ തോടു പൊട്ടിച്ചാല്‍
ആ സര്‍ഗ്ഗ-ഗര്‍ഭപാത്രം
സമുദ്രം പോലെ
സംബന്നമാകുമെന്നറിയില്ലേ ?

ചീത്തവിളിക്കാത്തതിന് നന്ദി പറയുക.

ഹഹഹ ....ക്ഷമിക്കുക,
ചിത്രകാരന്റെ ഭ്രാന്ത് :)

Sureshkumar Punjhayil said...

‘’പ്രണയം വിളിയ്ക്കുമ്പോള്‍
പോവുക;
വഴികള്‍ കഠിനമേറിയതെങ്കിലും!‘’

Manoharam... Ashamsakal...!!!

തേജസ്വിനി said...

ഭീഷണീ മുഴക്കാന്‍ ഞാനാര്, ചിത്രകാരന്‍?
എന്തൊക്കെയോ കുത്തിക്കുറിക്കുന്ന ഒരു പാവം (അങ്ങനെയാണോ എന്നറിയില്ല)....അതിനെ കവിതയെന്നു വിളിച്ചതും ഞാനല്ല...
അതുപോട്ടെ...

താങ്കള്‍ പറഞ്ഞതുപോലെ എന്റെ കാപട്യം തന്നെയാവാം...അതും ഏറ്റെടുക്കുന്നു...

എല്ലാ കാപട്യങ്ങളും ഒഴിഞ്ഞുപോകട്ടെ-

നന്ദി...

മാണിക്യം said...

ഒരിടവേള നല്ലതാണ്..
അമ്മയാവാന്‍
തുരുതുരെ പെറ്റുകൂട്ടണമെന്നില്ല
കവിയത്രി ആവാനും
എന്നും കവിത എഴുതിയിടണ്ടാ

നീലാംബരി
എന്ന ബ്ലോഗിനു കുറെ നല്ല കവിതകള്‍ വായനക്കാരുടെ മനസ്സില്‍ കൊറിയിടാനായി...
വീണ്ടും വീണ്ടും വായിക്കാന്‍ തോന്നും
വിധം അവയില്‍ ഒട്ടുമിക്കതും ശക്തം..

തേജസ്വിനി,ഒരിക്കലും ആരും
‘പാവം’അല്ല,സാഹചര്യങ്ങള്‍ ഒരോ
നിലപാട് എടുക്കാന്‍ പ്രേരിപ്പിക്കുന്നു,
വികാരത്തെക്കാള്‍ വിവേകം ഭരിക്കട്ടെ!

ഒ.ടൊ
കടലില്‍ നിരുപദ്രവിയായാ ഒരു ജീവിയുണ്ട് അതിനടുത്ത് ചെന്നാല്‍ അത് ഒരു കടുത്തനിറം ചുറ്റും വ്യാപിപ്പിക്കും അതിന്റെ ഒരു സെല്‍ഫ് ഡിഫന്‍സീവ് മെക്കാനിസം ആണത് .അതുകണ്ട് ഇതെന്താ സംഭവം എന്ന് കരുതി ശത്രു പോലും അടുക്കില്ല...

ഈ കടും നിറ കൂട്ടോടെ “ചിത്രകാരനെ”
കാണുമ്പോള്‍ എനിക്ക് ഒര്‍മ്മ വരുന്നത്
മേലുദ്ധരീച്ചതാണ്..

Ranjith chemmad / ചെമ്മാടൻ said...

സാങ്കേതികമായ തികവുകള്‍ പരിശോധിച്ച് ആരും അങ്ങനെ
കവിതയെ വിലയിരുത്തുന്ന ഒരു പ്രവണത ബ്ലോഗുകളില്‍ കുറവാണ്
സ്വതന്ത്രമായ, എന്തും വായിക്കാനും എഴുതാനും ഉള്ള ഒരു വിശാലമായ
ഇടമാണിത്....
തേജസ്വിനിയുടെ കവിതകള്‍ (കവിതയുടെ വസന്തം) ഞങ്ങളാഘോഷിക്കുന്നുണ്ട്...
അതുകൊണ്ട് എഴുത്തു നിര്‍ത്തുന്നു എന്നു പറയുന്നതിനോട് യോജിക്കാന്‍ കഴിയുന്നില്ല...
വേണമെങ്കില്‍ കവിതകള്‍ക്കിടയില്‍ അല്പം ഗ്യാപ് ആയിക്കോളൂ....
പുതിയ കവിതകള്‍‌ക്കായി കാത്തിരിക്കുന്നു....

mayilppeeli said...

തേജസ്വിനി, ഞാന്‍ കുറച്ചുനാളേ ആയിട്ടുള്ളൂ ഈ ബ്ലോഗ്‌ സന്ദര്‍ശിയ്ക്കാന്‍ തുടങ്ങിയിട്ട്‌.....പക്ഷെ വായിയ്ക്കാന്‍ തുടങ്ങിയപ്പോല്‍ കവിതകളെല്ലാം ഒരുപാടിഷ്ടമാകുകയും ചെയ്തു.....ഈ കവിതയും വിടചൊല്ലലുമൊക്കെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു.....

തിരികെ വരാനായി മാത്രം യാത്ര പറയുക.....വരണം....കാത്തിരിയ്ക്കുന്നു......

Vinodkumar Thallasseri said...

തേജസ്വിനി,

‘’പ്രണയം വിളിയ്ക്കുമ്പോള്‍
പോവുക;
വഴികള്‍ കഠിനമേറിയതെങ്കിലും!‘’

കവിത വിളിയ്കുമ്പോള്‍
കാതോര്‍ക്കുക
മറുവാക്കോതുക

പ്രണയം പോലെത്തന്നെ കവിതയും.
പഴമ്പാട്ടുകാരന്‍.