Monday, January 19, 2009

ചില്ലുകളില്‍ പെയ്യുന്ന മഴ
ചില്ലുകളില്‍ പെയ്യുന്ന
മഴയുടെ നിറം
കറുപ്പെന്നോതി
ചുംബിച്ച എന്റെ
കൂട്ടുകാരനെ
തടയാതെ ചില്ലിന്‍-
കറുപ്പിലെ മഴയില്‍
വെറുതെ ദൂരേയ്ക്ക്
നോക്കിയിരുന്നു.

വായനശാലാ-
മുറ്റത്തെ
ആല്‍മരത്തില്‍
ചിറകുവിടര്‍ത്തി
കുഞ്ഞിനുമീതെ
കുടയാക്കുന്ന
അമ്മക്കിളിയുടെ
വിഫലശ്രമത്തില്‍
ചോര്‍ന്നൊലിക്കുന്ന
വീട്ടില്‍ ഒരമ്മ
വായില്‍ വീണ
വെള്ളം
തുപ്പിക്കളയാനാകാതെ
വിതുമ്പി.

നിനക്ക്
മഴയില്‍
കവിതയും കാമവും
കാല്പനികതയും
വിരിയും.
എന്റെ
കവിതകളില്‍
മഴ ഭയവും
തേങ്ങലുമുതിര്‍ത്ത്
വിങ്ങിപ്പൊട്ടുന്നു.
മഴനിലയ്ക്കും മുന്‍പെ
വീടെത്തണം.
എന്റെ പ്രണയത്തിന്
ഞാന്‍ ചൊല്ലിത്തന്ന
എന്റെ കവിതകള്‍ക്ക്
ചുട്ടുപൊള്ളുന്ന
അക്ഷരങ്ങള്‍ക്ക്
വില നല്‍കുക.

പെയ്തൊഴിയുന്ന
വേനല്‍മഴയില്‍
നനഞ്ഞ മിഴികളില്‍
വിങ്ങിപ്പൊട്ടുന്ന നിന്റെ
പ്രണയം എന്നെ
തേടി നടക്കും.
അന്ന് മഴ പെയ്യാത്ത
എന്റെ ഋതുഭേദങ്ങളില്‍
മഴ ചില്ലിലൊഴുകുന്ന
കറുപ്പില്‍ നിനക്ക്
കവിതയെഴുതാം-
ഓര്‍മ്മക്കുറിപ്പായി.

16 comments:

tejaswini said...

ഈ കവിത എന്നെക്കൊണ്ടെഴുതിച്ച ആ ഫോട്ടൊ കിട്ടിയത് അവിചാരിതം..എന്റെ പി സിയില്‍ അതിരുന്ന് വേദനിപ്പിച്ചുകൊണ്ടേയിരുന്നു...പിന്നെ, എപ്പോഴോ എഴുതിത്തുടങ്ങി...കഴിഞ്ഞപ്പോഴേക്കും ശരിക്കും മിഴികള്‍ നനഞ്ഞുകുതിര്‍ന്നിരുന്നു...ആ ഫോട്ടോ എടുത്ത പ്രിയപ്പെട്ട അജ്ഞാതസുഹൃത്തിന് ഇത് സമര്‍പ്പിക്കട്ടെ...

രണ്‍ജിത് ചെമ്മാട്. said...

"ചോര്‍ന്നൊലിക്കുന്ന
വീട്ടില്‍ ഒരമ്മ
വായില്‍ വീണ
വെള്ളം
തുപ്പിക്കളയാനാകാതെ
വിതുമ്പി."

മഴയുടെ മറ്റൊരു ദൈന്യമുഖം!!!!
നന്നായി...
'മഴ ചില്ലിലൊഴുകുന്ന
കറുപ്പില്‍ നിനക്ക്
കവിതയെഴുതാം'
ചില്ലിലൊഴുകുന്ന കറുപ്പ്...അങിനെയും അല്ലേ?

Ajith Nair said...

മറവികളില്‍ മഴ പെയ്തൊഴിയുന്നു........

മാണിക്യം said...

മഴക്ക് ജീവനുണ്ടെന്ന്
എന്നും തോന്നിയിരുന്നു
ഓരൊ മഴക്കും ഓരോ വികാരം
നിഷ്കളങ്കമായ കുസൃതി കാട്ടുന്ന
ചാറ്റല്‍മഴയില്‍ കൈവിരിച്ച്
തുള്ളികളിച്ച ബാല്യവും
ഒരു കുടക്കീഴില്‍ നനഞ്ഞു
നീങ്ങിയ കൌമാരവും
നിറയൌവ്വനം പോലെ
പെയ്തിറങ്ങിയ നൂല്‍മഴയും
പെട്ടന്ന് ഭാവം മാറി
ആരോ പ്രകോപ്പിച്ച
പോലെ ഉറഞ്ഞു തുള്ളി
സംഹാരരുദ്രയായ്
ചീറിയടിച്ചു വന്ന മഴയും
ജീവതമായി തോന്നിയിരുന്നു..
പൊട്ടിച്ചിരിക്കുന്ന ചിരിപ്പിക്കുന്ന,
പൊട്ടിക്കരയുന്ന കരയിക്കുന്ന
മഴകള്‍‌ ധാരാളം പെയ്തൊഴിഞ്ഞു

മകനെ പ്രസവിച്ചന്നൊരു
മേയ്‌ മാസത്തില്‍ ഒരു മഴ
വന്നരുകില്‍ വന്ന്
നിര്‍ത്താതെ ചിരിച്ചിരുന്നു.

ഒരു ജൂലൈ മാസത്തില്‍
അച്ചന്‍ യാത്രയായപ്പോള്‍
എന്റെരുകില്‍ ആ രാത്രി
ഒരു മഴ വന്നു തോരാത്ത
മിഴി നീരിറ്റിച്ചു നിന്നു!
കരയാനും ചിരിക്കാനും കൂട്ട്
വന്ന മഴയോര്‍മ്മകള്‍ക് നന്ദി!

tejaswini said...

മഴയുടെ നിറഭേദങ്ങളില്‍ അങ്ങനേയും രഞ്ജിത്ത്...മഴ മിഴികള്‍ നിറച്ചപ്പോഴും മനസ്സ് അന്നും തുടിച്ചിരുന്നു മഴയ്ക്ക് വേണ്ടി...

മഴയില്‍ മറവികള്‍ പെയ്തൊഴിയാതിരിക്കട്ടെ അജിത്തേട്ടാ...

മാണിക്യം...മഴയുടെ നാനാഭാവങ്ങള്‍ കാണിച്ചുതന്ന വരികള്‍‍ മനസ്സില്‍ നേര്‍ത്ത ഒരു ചാറ്റല്‍ മഴ പെയ്തു കടന്നുപോയി, അവസാനം...മഴ!!!
എനിക്കുതന്നതും സമ്മിശ്രവികാരങ്ങള്‍..എന്നിട്ടും മഴ ഇഷ്ടപ്പെടുന്നു, പ്രണയം പോലെ..അല്ല, മഴ പ്രണയം തന്നെയാണ്...

...പകല്‍കിനാവന്‍...daYdreamEr... said...

പെയ്തൊഴിയുന്ന
വേനല്‍മഴയില്‍
നനഞ്ഞ മിഴികളില്‍
വിങ്ങിപ്പൊട്ടുന്ന നിന്റെ
പ്രണയം എന്നെ
തേടി നടക്കും.
അന്ന് മഴ പെയ്യാത്ത
എന്റെ ഋതുഭേദങ്ങളില്‍
മഴ ചില്ലിലൊഴുകുന്ന
കറുപ്പില്‍ നിനക്ക്
കവിതയെഴുതാം-
ഓര്‍മ്മക്കുറിപ്പായി.

ഒത്തിരി ഇഷ്ടമായ് ഈ വരികള്‍...

Prayan said...

അകലങ്ങളില്‍ നിന്ന്പെയ്ത് നിറയുന്ന
മഴപോലെ സുന്ദരം വേറൊന്നില്ല
അകലങ്ങളിലിരുന്ന് പെയ്തു തീര്‍ന്നമഴയെപ്പ്റ്റി
ഓര്‍ക്കുന്നതിലും സുഖം വേറൊന്നില്ല....
ആശംസകള്‍

sereena said...

എത്ര മുഖമാണ് മഴയ്ക്ക്‌..
തീരാത്ത ഭാവങ്ങളും..
ഈ മഴ എന്നിലും പെയ്തു.

വല്യമ്മായി said...

ഒരു മഴക്ക് ആ ചില്ലിലെത്തി അടുത്ത മഴയ്ക്ക് നീക്കപ്പെടുന്ന വെള്ളവും പൊടിമണ്ണും പോലെ നമ്മളും....

ജെപി. said...

ഹലോ നീലാംബരിയെന്ന തേജസിനിക്കുട്ടീ

ഈ അപ്പൂപ്പനെക്കുറിച്ചൊരു കവിതയെഴുതിത്തരൂ....
ഫെബ്രുവരി രണ്ടാ‍മത്തെ ദിവസത്തില്‍ പിറന്നാളിന്ന് ചിലരൊക്കെ വരുന്നുണ്ട്. അവര്‍ക്ക് കൊടുക്കാനാണ്.
മോളെയും ക്ഷണിക്കുന്നു.
ഫോണ്‍ നമ്പര്‍ തന്നിരുന്നു. റെയില്‍ വേ സ്റ്റഷനടുത്താ വീട്. ഫോണ്‍ ചെയ്താല്‍ കൃത്യമായ വഴി പറഞ്ഞ് തരാം.
ശരീരത്തെ കീറിമുറിക്കേണ്ട എന്തൊക്കെയോ ചികിത്സകള്‍ എന്നെ കാത്ത് കിടക്കുന്നു.
ഞാന്‍ ഫെബ്രുവരി രണ്ടാംതീയതിക്കുള്ളില്‍ മയ്യത്തായില്ലെങ്കില്‍ നേരില്‍ കാണാമെന്ന പ്രത്യാശയോടെ
കുറുമ്പിക്കുട്ടിയുടെ
ജെ പി അപ്പൂപ്പന്‍

jayanEvoor said...

തേജസ്വിനി,

മനോഹരമായിരിക്കുന്നു....

മാണിക്യം ചെച്ചിയുടെ ബ്ലൊഗില്‍ നിന്നാണിവിടെയെത്തിയത്...

മഴ ഉണര്‍ത്തുന്ന വികാരപ്രപഞ്ചം എത്ര വൈവിധ്യമുള്ളാതാണ്!

പ്രണയവും സാന്ത്വനവും
നൈരാശ്യവും ഉന്മാദവും
ഭയവും സംഗീതവും
പട്ടിണിയും മനശ്ശല്യവും....

നമ്മുടെ രുചിഭേദങ്ങള്‍മാത്രം വ്യത്യസ്തം

എല്ലാ കവിതകളും വായിച്ചു. വളരെ നന്നായിരിക്കുന്നു!

tejaswini said...

നന്ദി എല്ലാവര്‍ക്കും...

Sureshkumar Punjhayil said...

Pranayam orupadu vedanajanakavumanu Sahodari.... Ashamsakal.

സുമയ്യ said...

നവരസവും കഴിഞ്ഞ് മഴയ്ക്ക് അപ്പുരത്തേക്കൊരു ഭാവമുണ്ടൊ..?
ഉണ്ടെന്നാണ് എനിയ്ക്കും തോന്നുന്നത്. ഈ കവിത വായിച്ചപ്പോഴുണ്ടായ ആ തലം ഇല്ലേ.?, അതിനെ എന്താണ് പെരിട്ട് വിളിയ്ക്കുക...?

tejaswini said...

സുമയ്യ...
അതാണെന്റേം സംശയം..
അതാണല്ലോ എഴുതിയതും..

സുരേഷ്..
പ്രണയം നൊമ്പരമല്ലെങ്കില്‍
പിന്നെന്ത്???

വരവൂരാൻ said...

ചില്ലുകളിൽ പെയ്യുന്ന മഴ നിന്റെ കയ്യിലൂടെ ചില്ലകളിൽ പെയ്യുന്ന മഴയെക്കാൾ സുന്ദരിയായിരിക്കുന്നു