Sunday, January 25, 2009

പൂരിപ്പിക്കപ്പെടേണ്ടത്...

പൌലോ കെയ്ലോയും
അയ്യപ്പേട്ടന്റെ കവിത-
കളിലെ വിഷവീര്യവും
മാര്‍ക്കേസും
പാണ്ഡവപുരത്തെ
കാമുകിമാരും
ഇതിഹാസത്തിലെ
രവിയും
മനസ്സില്‍
നൃത്തമാടിയ നേരം
കാമുകന്‍
ക്ലാസ് ഫോര്‍
ജീവനക്കാരി
കാമുകിയോട്
മൊഴിഞ്ഞു;
നീ വെറുമൊരു
മൂളിപ്പാട്ട് മാത്രം.

അറിയാത്ത
വരികളുടെ
പൊരുള്‍ തേടാന്‍
മിനക്കെടാതെ
മൂളുന്ന പാട്ടിനെ
ജനിമൃതികളുടെ
ബാന്ധവം തേടി-
യെത്താറില്ല.
മഴ തേടി
മേഘം വരാത്ത-
തുപോലെ.

ഇടവേളകളിലെ
അര്‍ത്ഥശൂന്യ-
മൂളലില്‍
അര്‍ദ്ധമാം
വരികള്‍
പൂരണം നേടുന്നു-
വെങ്കിലും
ചായം തേച്ച
അക്ഷരങ്ങള്‍ മങ്ങി-
മറയുന്നുണ്ടാവു-
മെന്നറിയുക.

മൂളുന്ന
പാട്ടുകള്‍ക്ക്
ഈണം മാത്രം
സ്വന്തം;
അര്‍ത്ഥവും
വാക്കുകളും
അക്ഷരങ്ങളുമില്ല-
സ്വത്വവും.

നീ വെറുമൊരു
മൂളിപ്പാട്ടുമാത്രം...
ആര്‍ക്കും എപ്പോഴും
പാടി വലിച്ചെറിയാവുന്ന
വെറും മൂളിപ്പാട്ട്.

24 comments:

tejaswini said...

പൌലോ കെയ്ലോയും
അയ്യപ്പേട്ടന്റെ കവിത-
കളിലെ വിഷവീര്യവും
മാര്‍ക്കേസും
പാണ്ഡവപുരത്തെ
കാമുകിമാരും
ഇതിഹാസത്തിലെ
രവിയും
മനസ്സില്‍
നൃത്തമാടിയ നേരം
കാമുകന്‍
ക്ലാസ് ഫോര്‍
ജീവനക്കാരി
കാമുകിയോട്
മൊഴിഞ്ഞു;
നീ വെറുമൊരു
മൂളിപ്പാട്ട് മാത്രം.

വരവൂരാൻ said...

മൂളുന്ന
പാട്ടുകള്‍ക്ക്
ഈണം മാത്രം
സ്വന്തം;
അര്‍ത്ഥവും
വാക്കുകളും
അക്ഷരങ്ങളുമില്ല-
സ്വത്വവും

പക്ഷെ ഈ കവിതക്ക്‌ ഒത്തിരി അർത്ഥങ്ങളുണ്ട്‌, നന്നായിട്ടുണ്ട്‌, ആശംസകൾ

വികടശിരോമണി said...

ലളിതം,അനാർഭാടം,സുന്ദരം.
കവിതയുടെ തുടക്കത്തിനൊക്കെ ആധുനികർ കൊണ്ടുവന്ന ചില പരമ്പരാഗതമാർഗങ്ങളാണിത്.അതിനെ അവഗണിക്കാൻ മനഃപ്പൂർവ്വമായ ശ്രമം തന്നെ വേണ്ടിവരും.തേജസ്വിനിയുടെ എഴുത്തിന് അതിനുള്ള കഴിവുണ്ട്,ശ്രമിക്കൂ.
ആശംസകൾ.

Thallasseri said...

മൂളിപ്പാട്ടിന്‌ ഇങ്ങനെയൊരു അര്‍ഥമുണ്ടെന്ന്‌ പറഞ്ഞുതന്നതിന്‌ നന്ദി. പക്ഷെ ഇതൊരു വെറും മൂളിപ്പാട്ടല്ല കേട്ടൊ. പഴമ്പാട്ടുകാരന്‍.

Sureshkumar Punjhayil said...

Ee paattu ennum manassil moolappedum ... Ashamsakal... Best wishes.

sereena said...

ആര്‍ക്കും ഒരിക്കലും പാടി വലിച്ചെറിയാന്‍
വയ്യാത്തൊരു മൂളിപാട്ടാവട്ടെ നീ
നന്നായിട്ടുണ്ട്.

tejaswini said...

വരവൂരാന്‍
വികടശ്ശീരോമണീ
തള്ളശ്ശേരി
സുരേഷ്കുമാര്‍
സെറീനചേച്ചി

പ്രോത്സാഹനത്തിനു നന്ദി...

jwalamughi said...

ലളിതം ……..സുന്ദരം……
നന്നായിട്ടുണ്ടു

Prayan said...

മൂളുന്ന
പാട്ടുകള്‍ക്ക്
ഈണം മാത്രം
സ്വന്തം;
അര്‍ത്ഥവും
വാക്കുകളും
അക്ഷരങ്ങളുമില്ല-
സ്വത്വവും.
ഈ വരികള്‍ ഒരു പാട് സംസാരിക്കുന്നു...ആശംസകള്‍.

രണ്‍ജിത് ചെമ്മാട്. said...

വിശാലം നിന്റെ മേച്ചില്പ്പുറം!!!
മറ്റൊന്നും പറയുന്നില്ല, ഈ പ്രതിഭയോട്....

മാണിക്യം said...

വാക്കാലോ അര്‍ത്ഥത്താലൊ ഉള്‍കൊള്ളാനാവത്തയെന്നെ
ഈണമുള്ളൊരു മൂളിപ്പാട്ടായ്
നിന്റെ ചുണ്ടില്‍ തങ്ങി
നിര്‍ത്തിയൊരാ നിമിഷം ധന്യം ..
നിന്റെമന‍സ്സിലും ഏതൊ ഒരു
ഓര്‍മ്മയായ് കിടന്നതിനാലാവണം
ചുണ്ടിന്‍ ഒരു മൂളിപ്പാട്ടായ്
ഞാനെത്തിയതെന്ന തിരിച്ചറിവ്!
വലിച്ചെറിയാനാവില്ല നിനക്കെന്നെ
ഈണമായ് താളമായ്
ഉയരും ഞാന്‍ !

ചുമ്മാ :)
ഒന്നു തര്‍ക്കിച്ചു നോക്കിയതാ

tejaswini said...

മാണിക്യം ചേച്ചീ....തര്‍ക്കിക്കാനുള്ള വിവരം ഇല്ല്യാത്തതുകൊണ്ട് അതിനു മുതിരുന്നില്ല...എന്റെ ശരികളിലെ തെറ്റും ശരിയും അറിയാറില്ല്യല്ലോ ഞാന്‍...ചേച്ചി പറഞ്ഞതും ശരിതന്നെ എന്നറിയുന്നു...

രണ്‍ജിത്തേട്ടന്റെ വാക്കുകളില്‍ എന്നെതന്നെയാണോ ഉദ്ദേശിച്ചത് എന്ന സംശയം!!!
ജ്വാലാമുഖിയ്ക്കും പ്രയാണിനും നന്ദി..

...പകല്‍കിനാവന്‍...daYdreamEr... said...

നീ വെറുമൊരു
മൂളിപ്പാട്ടുമാത്രം...
ആര്‍ക്കും എപ്പോഴും
പാടി വലിച്ചെറിയാവുന്ന
വെറും മൂളിപ്പാട്ട്.

ശരിയാണ് കൂട്ടുകാര്‍ീ.. വളരെ നല്ല ചിന്തകള്‍... ഇനിയും എത്താം മുടങ്ങാതെ... വാക്കുകള്‍ തേച്ചു മിനുക്കി വെക്കുക...

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

നല്ല ശക്തിയുള്ള ബിംബങ്ങളും ഭാവനയും നിറഞ്ഞ കവിത.തേജസ്വിനിയ്ക്കു നന്നായി അവതരിപ്പിയ്ക്കാൻ അറിയാം.ഒരു മൂളിപ്പാട്ടു പോലെ വലിച്ചെറിയപ്പേടാതെ നിത്യമായ് പ്രണയം നൽകുന്ന പ്രണയിനികൾക്കായി നമുക്കു കാത്തിരിയ്ക്കാം.

നല്ല കവിത..ഞാൻ ആദ്യമായാണു ഈ ബ്ലോഗ് കാണുന്നത് !

tejaswini said...

പകല്‍ക്കിനാവന്‍
സുനില്‍

നന്ദി
സ്നേഹത്തിനും
പ്രോത്സാഹനത്തിനും...

പെണ്‍കൊടി said...

ആദ്യമായാണിവിടെ..
പക്ഷെ ഞാന്‍ ഇങ്ങനെ വര്‍ണിക്കട്ടെ മൂളിപ്പാട്ടുകളെ..????

നിന്റെ ഈണത്തില്‍
നിന്റെ താളത്തില്‍
അലിഞ്ഞു പോയി ഞാന്‍
മറന്നു പോയി സ്വയം..
വാക്കുകള്‍ കൂടാതെ നീ
കര്‍ണങ്ങളിലെത്തിച്ചു
നിന്റെ മോഹങ്ങളും
നീ കണ്ട സ്വപ്നങ്ങളും...


-പെണ്‍കൊടി.

tejaswini said...

പെണ്‍കൊടി..
നല്ല വരികള്‍.
പക്ഷേ, ഒരു തര്‍ക്കത്തിനു
ഞാനില്ല,
കഴിവില്ല്യാത്തതുകൊണ്ടാ...
എങ്കിലും പറയട്ടെ-
മൂളിപ്പാട്ടുകള്‍
അങ്ങനേയും ആവാം..
നന്ദി.

ശ്രീഇടമൺ said...
This comment has been removed by the author.
ശ്രീഇടമൺ said...

നീ വെറുമൊരു
മൂളിപ്പാട്ടുമാത്രം...
ആര്‍ക്കും എപ്പോഴും
പാടി വലിച്ചെറിയാവുന്ന
വെറും മൂളിപ്പാട്ട്.

അര്‍ത്ഥവത്തായ വരികള്‍...
തുടരുക
വീണ്ടും വരാം...
തീര്‍ച്ച

jayanEvoor said...

അതെ..

ശരിയാണ്... ചിലര്‍ക്ക് അതു വെറുമൊരു മൂളിപ്പാട്ടു മാത്രം...

എല്ലാവര്‍ക്കും അങ്ങനെയാവണമെന്നില്ല!

നല്ല വരികള്‍!

Dinkan-ഡിങ്കന്‍ said...

Just a humming(bird) :)
kollam

സുമയ്യ said...

ആരെയാണ് കുറ്റപ്പെടുത്തുന്നത്?.

അനൂപ് അമ്പലപ്പുഴ said...

വെറും പൊള്ളയായ പുകഴ്ത്തലുകളിലും, സ്തുതിഗീതങ്ങളിലും മുങ്ങിത്താഴാതെ
അവനവനെ തിരിച്ചറിയാന്‍ പ്രാപ്തി ഉണ്ടാകട്ടെ എന്ന്‍ ആശംസിക്കുന്നു....

tejaswini said...

അനൂപ്...

സ്വയം തിരിച്ചറിയുംപ്പോള്‍
ജീവിതമെന്ന അവസ്ഥ ഇല്ലാതാകുന്നു...
സ്വയം തിരിച്ചറിവ്
മരണമെന്ന് വിശ്വസിക്കാന്‍
ഇഷ്ടപ്പെടുന്നു..

ലോകം എങ്ങനെ നമ്മെ കാണുന്നു
എന്നതാണോ പ്രധാനം, അതോ നാം എങ്ങനെ ലോകം കാണുന്നു എന്നതോ?

എനിക്ക് ഞാനാവാനേ കഴിയൂ അനൂപ്...

വാക്കുകള്‍ ഒരിക്കലും പൊള്ളയുമല്ല, പറയുന്ന മനസ്സാണു പൊള്ള. പൊള്ളയായ മനസ്സിന്റെ വികലചിന്തകളുടെ പുറന്തള്ളലാണ് ആത്മാര്‍ത്ഥതയില്ലാത്ത ആശംസകള്‍...
എങ്കിലും, അതൊരാള്‍ക്ക് സന്തോഷം നല്‍കുന്നുവെങ്കില്‍ അത് ദൈവവചനമാവുന്നു, പവിത്രമാവുന്നു..
ഗംഗാനദിയിലെ മലിനജലവും
പവിത്രതയോടെ കുടിക്കുന്നില്ലേ....

നന്ദി, അനൂപ്...എന്നെ ഇത്രയും പറയിപ്പിച്ചതിന്..ചിന്തിപ്പിച്ചതിന്.
ഒരു തര്‍ക്കത്തിനു ഞാനില്ല...

മൌനം വിദ്വാനു ഭൂഷണം, ചിലപ്പോള്‍ വിഡ്ഡികള്‍ക്ക് അലങ്കാരവും...

രണ്ടാമതു പറഞ്ഞത് തന്നെ ഞാന്‍ ട്ടോ...