Thursday, May 27, 2010

പെയ്തൊഴിഞ്ഞ മഴയില്‍....

പാതകള്‍ മഴയെയറിയുമെന്നൊരു മൊഴി
വഴിയറിയാതാരെയോ കാത്തിരിക്കുന്നു!

പെരുമഴ പെയ്തുപോയ മനസ്സിന്റെ നനഞ്ഞ
ജനാലച്ചില്ലുകളില്‍ ദു:ഖങ്ങള്‍ ഇപ്പോള്‍
മുട്ടിവിളിക്കാറില്ല, തുറന്നിട്ട വാതായനങ്ങള്‍ കടന്ന്
വരാറുമില്ല; ദു:ഖങ്ങള്‍ക്കും മടുത്തിരിക്കണം...

നിന്നെപ്പുണരാന്‍ എനിക്ക് കൈകളില്ലല്ലോ എന്ന് ചൊല്ലി
കവിതകളുടെ കാറ്റ് ഇനി എന്നെ തേടിയെത്തില്ല;
കവിതകള്‍ക്ക് എന്നെ വേണ്ടാതായിരിക്കുന്നു...

പൂജ്യത്തില്‍ നിന്ന് പൂജ്യമെടുത്താലും
പൂജ്യത്തിനോട് പൂജ്യം കൂട്ടിവെച്ചാലും
ഉത്തരം പൂജ്യമെന്ന അറിവിന്റെ നിറവില്‍
മുറുകുന്ന പൂജ്യത്തില്‍ തലപൂഴ്ത്തിയുറങ്ങണം!

ഏറ്റവും പ്രിയപ്പെട്ടത് കൂടെയുണ്ടായിട്ടും ഏകാന്തത
മാത്രം പ്രണയിച്ച എന്റെ രാവുകളില്‍ ചിന്തകളെ വഞ്ചിച്ച്,
അക്ഷരങ്ങളില്‍‍ ഊതിയൂതിമിനുക്കിപ്പണിത കവിതകളില്‍
കൂടുകൂട്ടിയത് അര്‍ത്ഥങ്ങളോ അര്‍ത്ഥമില്ലായ്മയോ...?

ഒരുപക്ഷേ, ഉരുണ്ടുകൂടിയ മിഴിനീര്‍കണങ്ങള്‍ വെറുതെ അക്ഷരങ്ങളായതാവാം;
അല്ലെങ്കില്‍, ഒരു കരള്‍ പിളരും കാലത്തിന്റെ നേര്‍ക്കാഴ്ചയില്‍ മനസ്സ്
പിടഞ്ഞതാവാം, അതുമല്ലെങ്കില്‍ സ്മൃതികള്‍, ചിരംജീവികള്‍ ചിരിക്കുന്നതാവാം!
ഒരിക്കല്‍ക്കൂടി,യൊരു വായനയില്‍, ഒരു പിന്‍നടത്തത്തില്‍ ചികഞ്ഞിട്ടും
അറിയാനാവുന്നില്ല എന്തിനു വേണ്ടിയായിരുന്നു ഈ‍ വെറും കവിതകള്‍...?

കവിതകളിലെ 'വിത' തേടി വന്ന്, സ്നേഹം വിതച്ചവന്‍,
എന്റെ ദു:ഖങ്ങളുടെ വീതം പിടിച്ചുവാങ്ങിയവന്‍
പിന്‍വിളിയരുതെന്ന അന്ത്യശാസനത്തില്‍ തിര്‍ഞ്ഞുനോക്കാതെ
അനന്തമായ പാതയില്‍ അകന്നുപോവുന്നു.......എന്തേ,
തളര്‍ന്നുപോയ മനസ്സിനെയാശ്വസിപ്പിക്കാന്‍ ചിലയക്ഷരങ്ങളെങ്കിലും..?

അന്ന്, ചിലയറിവുകളുടെ നീറുന്ന വേദനയില്‍ കുറിച്ചത് വീണ്ടുമോര്‍ക്കുന്നു-

ദൂരെ, അനാഥയുടെ
സനാഥമായ കാലം!

സര്‍പ്പക്കാവില,ന്തിയില്‍
വിളക്കുവെയ്ക്കുന്ന
അനിയത്തി, രണ്ടുതുള്ളി
ഉപ്പുചേര്‍ത്ത ജലം നല്‍കി
നടന്നുപോകുന്നു.

ഓര്‍മ്മകളില്‍ എന്റെ അക്ഷരങ്ങളെ വെറുതെ‍ വിട്ട് മറയട്ടെ-
ഒരുപിടി നന്മകള്‍, ചിലപേരുകള്‍, നല്ല മനസ്സുകള്‍, സ്നേഹം....
എന്നുമോര്‍മ്മയുണ്ടാവും....

എന്നില്‍ ചലനമുണ്ടാക്കിവരോട് സന്തോഷത്തോടെ നന്ദി പറയട്ടെ-
ചെറിയനാടന്‍ ചേട്ടന്‍, ചേട്ടന്റെ ഇമ്പ്രൂസ്, മാണിക്യം ചേച്ചി, ഹേനാ, സിജി, സെറിനേച്ചി, സംഗീതേച്ചി, നജീമിക്ക, സുല്‍, അഞ്ജു, തള്ളശ്ശേരി, യൂസുഫിക്ക, ലക്മ്യേച്ചി, അനുപമ, പകല്‍, സുനില്‍, രഞ്ജിത്ത്, പല്ലശ്ശന, അജിത്തേട്ടന്‍, അനൂപ് - മറക്കാനാവാത്ത ധാരാളം പേരുകള്‍....

പെയ്ത മാനം ചാലിക്കുന്ന
നിറക്കൂട്ടുകള്‍ കണ്ട്
പെയ്യാത്ത മാനത്തിന്റെ
ഉരുണ്ടുകൂടിയ ദു:ഖം ചിരിച്ചോതി-
''നീണ്ടുപോകുന്നതെങ്കിലും
ഉരുണ്ട ഭൂമിയിലെ വഴികള്‍ക്ക്
കൂട്ടിമുട്ടാതിരിക്കാനാവില്ല...!''

പക്ഷേ, പ്രതീക്ഷകള്‍ക്ക് ചിറക് കരിഞ്ഞ ഒരുകാലത്ത്
പിന്‍വിളി വിളിക്കാനാവാത്തയകലത്തില്‍ നടക്കേണ്ടതുണ്ട്;
ഒന്നുകൂടി, ഒരിക്കല്‍ക്കൂടി പറയട്ടെ,
ആത്മാര്‍ത്ഥമായ നന്ദി!

മുന്‍പ് കുറിച്ചിട്ട ചിലവരികളുടെ അര്‍ത്ഥം എന്നെനോക്കിച്ചിരിക്കുന്നു ഇപ്പോള്‍-

‘മരിച്ച‘ ഓര്‍മ്മകളില്‍
അക്ഷരങ്ങളായുറഞ്ഞവരും,
‘ജീവിക്കുന്ന‘ ഓര്‍മ്മകളില്‍
വര്‍ഷപാതമായി വന്ന്
വേനലിന്റെ കൊടുംചൂട്
തേടി യാത്ര നടത്തുന്നവരും
മറവിയില്‍ വിലീനമാകുന്നു!

എങ്കിലും, മിണ്ടിയും മിണ്ടാതിരുന്നും എപ്പോഴെങ്കിലും
ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ മാപ്പ്...

ഒരു അമാവാസിയില്‍ കുറിച്ച കവിതയിലെ
അവന്‍ തിരുത്തിയ അക്ഷരങ്ങള്‍ പാടുന്നു-

പറയാതെ പോയ
വാക്കുകളുടെ
പുണ്യമാവും
നിന്റെ സ്വര്‍ഗ്ഗം!!

പറയാതെ പോയ എന്റെ വാക്കുകളുടെ പുണ്യത്തില്‍ ഇനി തിരിഞ്ഞുനടത്തം-
വിട.......

22 comments:

തേജസ്വിനി said...

ഒരു അമാവാസിയില്‍ കുറിച്ച കവിതയിലെ
അവന്‍ തിരുത്തിയ അക്ഷരങ്ങള്‍ പാടുന്നു-

പറയാതെ പോയ
വാക്കുകളുടെ
പുണ്യമാവും
നിന്റെ സ്വര്‍ഗ്ഗം!!

പറയാതെ പോയ എന്റെ വാക്കുകളുടെ പുണ്യത്തില്‍ ഇനി തിരിഞ്ഞുനടത്തം-
വിട.......

വീകെ said...

എവിടേക്കാണാവൊ..ഒരു യാത്ര.....?!!
എല്ലാവരോടും നന്ദിയൊക്കെ പറഞ്ഞ്....?
അങ്ങനെ വിട്ടു പോകാൻ കഴിയുമോ...?

കവിത നന്നായിരിക്കുന്നു....
ആശംസകൾ.....

ഏ.ആര്‍. നജീം said...
This comment has been removed by the author.
ഏ.ആര്‍. നജീം said...

നീലാംബരിലെ മുന്‍ കവിതകളുടെ നിലവാരത്തിലേക്ക് ഈ കവിത എത്തിയോന്നു ഒരു സംശയം....

"കവിതകളുടെ കാറ്റ് ഇനി എന്നെ തേടിയെത്തില്ല;
കവിതകള്‍ക്ക് എന്നെ വേണ്ടാതായിരിക്കുന്നു... " കവിതകള്‍ നമ്മെ തേടിവരാന്‍ കാത്തിരിക്കാതെ നമ്മള്‍ കവിതകള്‍ തേടി അലയുന്നതല്ലേ ഉചിതം..?

"ഉത്തരം പൂജ്യമെന്ന അറിവിന്റെ നിറവില്‍
മുറുകുന്ന പൂജ്യത്തില്‍ തലപൂഴ്ത്തിയുറങ്ങണം!" നിരാശയുടെ വാത്മീകത്തില്‍ തലപൂഴ്ത്തി ഉറങ്ങുന്നതില്‍ ആശ്വാസം കണ്ടെത്താനാകും എന്നത് വെറും വ്യാമോഹം മാത്രം..!

"അറിയാനാവുന്നില്ല എന്തിനു വേണ്ടിയായിരുന്നു ഈ‍ വെറും കവിതകള്‍...?" കൊള്ളാം ബെസ്റ്റ്..!! ഇതുവരെ പിറന്ന എല്ലാ കവിതകളെയും ഒരൊറ്റ വരിയില്‍ തള്ളിപ്പറഞ്ഞിരിക്കുന്നു...!!

"പറയാതെ പോയ എന്റെ വാക്കുകളുടെ പുണ്യത്തില്‍ ഇനി തിരിഞ്ഞുനടത്തം-
വിട....... " ആയിക്കോളൂ , ഒന്നല്ല ഒരായിരം തെജ്വസനിമാര്‍ തിരിഞ്ഞു നടന്നാലും കവിതക്ക് ഒന്നും സംഭവിക്കില്ല..ഒരു പിന്‍വിളി പോലും ഒരിക്കലും പ്രതീക്ഷിക്കേണ്ട..നഷ്ടം തനിക്ക് തന്നെ എന്ന് തിരിച്ചറിയൂ...

തെജ്വസിനി എന്ന കവിയത്രിയെ ബൂലോകത്തില്‍ പരിചയം ഉള്ളത് കൊണ്ട് മാത്രം ഇത്രയും എഴുതി എന്നേയുള്ളൂ..

ഇനി വായിച്ച കവിതയെക്കുറിച്ച് മാത്രം പറയുകയാണെങ്കില്‍... നന്നായിരിക്കുന്നു...!! മനോഹരം...!! ലളിതം..!!

അഭിനന്ദനങ്ങള്‍...!!

vasanthalathika said...

നല്ല ചില ആശയങ്ങളുന്ടു.അത് കൊരുക്കാന്‍ കവിതയുടെ നൂല്‍ തന്നെ വേണമെന്നില്ല.
ഘടനാപരമായ ഒഴുക്കും മുറി ഞ്ഞുപോവാതെ വായിക്കാന്‍ പറ്റുന്ന ലയവും ‍ വേണം.
പദ്യശൈലിയും ഗദ്യശൈലിയും ഇടകലര്‍ത്തി എഴുതുന്നത്‌ എന്തിനു?
''മിഴിനീര്‍മഴപ്പൂക്കള്‍'' എന്ന കവിതയില്‍ ഇതിലെ വരികള്‍ ഉണ്ടായിരുന്നോ?
ആവര്‍ത്തനം മറ്റൊരു കാര്യം.
എഴുത്ത് തുടരുക..ആശംസകള്‍..

anupama said...

പ്രിയപ്പെട്ട തേജ്,
സുപ്രഭാതം!
നമ്മള്‍ പരിചയപെട്ടു ഒരു വര്ഷം തികയുന്നു!എന്റെ സ്വന്തം നാട്ടില്‍ നിന്നൊരാള്‍ എന്ന സന്തോഷം,എഴുതുന്ന കവിതകളുടെ മനോഹാരിത,മനസ്സില്‍ പതിഞ്ഞു പോയ പോയ ഒരു പേര്,മനസ്സിന്റെ നൈര്‍മല്യം, എന്റ്ക് നീ മനസ്സിന്റെ തൊട്ടരികെ നീയെപ്പോഴും ഉണ്ടായിരുന്നു!
വീണ്ടും ഈ അവധികാലത്ത് ഞാന്‍ ഇവിടെ എത്തിയപ്പോള്‍ ഒരു പാട് തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു!നിന്റെ ഫോണ്‍ ഇപ്പോഴും സ്വിച്ച് ഓഫ്‌ ആയിരുന്നു!അമ്മയോട് എന്റെ വേവലാതികള്‍ ഞാന്‍ പങ്കു വെച്ചു.
യാത്ര പറഞ്ഞു പോകാന്‍ എന്താണ് കാരണമെന്നെനിക്കറിയില്ല.മനസ്സിലെ വിങ്ങലുകള്‍ എഴുതി,അല്പം സന്തോഷവും സമാധാനവും നേടുമ്പോള്‍ എന്തിനു വാക്കുകള്ക് വിരാമമിടുന്നു എന്ന് ഞാന്‍ അത്ഭുതപെട്ടു പോകുന്നു!ആരുടെ പിന്‍വിളിക്കാന് കാതോര്‍ക്കുന്നത്?ഞാന്‍ വിളിച്ചാല്‍ തിരിച്ചു വരുമോ?
ഈശ്വരന്‍ തന്ന വരദാനമാണ്,തേജ്, എഴുതാന്‍ കഴിയുകയെന്നത്!ഒരിക്കലും എഴുത്ത് നിര്‍ത്തരുത്!
മൌനം ഒരു ഇടവേള മാത്രമാകട്ടെ!
ഞാന്‍ വീണ്ടും മലയാളത്തില്‍ എഴുതി തുടങ്ങി എന്ന് പറയാന്‍ ഇരിക്കുകയായിരുന്നു!അജി പറഞ്ഞു അറിഞ്ഞിരിക്കുമല്ലോ.
ഒരുപാടു പേര്‍ നിന്റെ കവിതകള്‍ക്കായി കാത്തിരിക്കുന്നു!എഴുതികൊന്ടെയിരിക്കുക.
മഴു പെയ്തു തോര്‍ന്ന ഈ സുപ്രഭാതത്തില്‍, തേജ്,ഒരിക്കല്‍ കൂടി പറയട്ടെ..നീ അനുഗ്രഹീതയാണ്‌!ആ തിരിച്ചറിവില്‍ ഒരു പാടെഴുതുക!സ്വയം ഉരുകി തീരാതെ,ആത്മ സംഘര്‍ഷങ്ങള്‍ പങ്കു വെക്കുക!
അറിയുന്നതിനേക്കാള്‍ കൂടുതല്‍ നിന്നെ സ്നേഹിക്കുന്ന,
സ്വന്തം അനുപമ

മാണിക്യം said...

എന്റെ പ്രീയപ്പെട്ട ബ്ലോഗുകളില്‍ ഒന്നായി ഞാന്‍ ചേര്‍ത്തുവച്ച നീലാംബരി..
പത്തെണ്‍പതു കവിതകള്‍ പല കവിതകളും വായിച്ചു ഇതിനൊരഭിപ്രായമെഴുതാന്‍ എനിക്കെന്തര്‍‌ഹത എന്ന് ചിന്തിച്ചിരുന്നു പോയിട്ടുണ്ട്....
അക്ഷരങ്ങള്‍ കൊണ്ടു തീരത്ത എത്രയോ പൂക്കളങ്ങള്‍, എത്രയോ കണ്ണീര്‍കളങ്ങള്‍, വായിച്ചു തീരുമ്പോള്‍ മനസ്സറിയാതെ ഉയരുന്ന നെടുനിശ്വാസങ്ങള്‍,
അതൊക്കെ നീലാംബരിയില്‍ നിന്ന് കിട്ടിയതാണ്.
വിനി,ജിവിതം ചിലര്‍ക്ക് ചിലനേരം ഒരു തീച്ചൂളയാവും. മനോഹരമായ സ്വര്‍‌ണ്ണാഭരണം ഉണ്ടാക്കാര്‍ ഈ ചൂട് വേണം. മഞ്ഞു വീണ് ഭൂമി തണുത്തുറയുമ്പോള്‍
ഈ തീയുടെ ചൂട് വേണം
ജീവിതം പടവെട്ടി ജയിക്കാനുള്ളതാണ്,
അതിനു ഏറ്റവും നല്ല കൂട്ട് അക്ഷരങ്ങളൂം ..
എഴുതുക വീണ്ടൂം വിണ്ടും
നീലംബരി സജ്ജിവമായിരിക്കട്ടെ!
സ്നേഹാശംസകള്‍.

Unknown said...

nanama nerunnu..oru padu snehavum...priyappetta neelambarikku

Raveena Raveendran said...

പറയാതെ പോയ
വാക്കുകളുടെ
പുണ്യമാവും
നിന്റെ സ്വര്‍ഗ്ഗം!!

നന്നായിട്ടുണ്ട്

siji surendren said...

തേജാ നീ എവിടേയ്ക്ക് പോകുന്നു.......................?

പാവപ്പെട്ടവൻ said...

പ്രിയപ്പെട്ട സുഹൃത്തെ ഇവിടെ എഴുതിയത് സത്യത്തില്‍ എനിക്ക് ഒന്നും മനസിലായില്ല നിങ്ങള്‍ എന്നോടു ക്ഷമിക്കണം

വിജയലക്ഷ്മി said...

mole :urunda bhoomiyile vazhikalkku veendum koottimuttaathirikkaanaavilla ennathu valare sathyamaanu.molu theerchayaayum nammude boolokatthu thirichetthum...molude ethukavitha vaayichaalum athil kanneerinte nanavundu..,enthe ithrayum dukhatthinu kaaranam?kavithayaayaalum kathayaayaalum ezhutaanulla kazhivu eeshwara krupayanu..dukhanivaaranatthinu ottamooli koodiyaanu..athu nashippikkaruthu..ente anubhavatthiloode parayukayaanu.

Vinodkumar Thallasseri said...

മുമ്പൊരിക്കല്‍ ഇതുപോലെ യാത്ര പറഞ്ഞ്‌ പോയത്‌ ഓര്‍ക്കുന്നു. യാത്ര എപ്പോഴും നല്ലത്‌ തന്നെ. പക്ഷെ ഒരു മടക്കയാത്ര, അതും കവിതയില്‍ നിന്നും അരുതേ...

എന്തെഴുതുമ്പോഴും അത്‌ ഹൃദയരക്തത്തില്‍ മുക്കിയാകണം എന്ന ശാഠ്യം ഉള്ളവര്‍ക്ക്‌ മുറിവിണ്റ്റെ നീറ്റല്‍ കവിതയില്‍ കൊണ്ടൂവരാതെ കഴിയില്ല. അല്ലെങ്കില്‍ അത്‌ കവിതയില്‍ കാണാന്‍ വായനക്കാര്‍ക്ക്‌ കഴിയും. തേജിണ്റ്റെ കാര്യത്തില്‍ ഇത്‌ തീര്‍ത്തും ശരിയാണ്‌.

എല്ല സര്‍ഗ സിദ്ധികളും വരദാനമാണ്‌. കവിതയും അതെ. എല്ലവര്‍ക്കും സാദ്ധ്യ്മല്ല തന്നെ അത്‌. കവിതയില്‍ നിന്നൊരു യാത്രമൊഴി ഒഴിവാക്കുക.

ഞങ്ങള്‍ കാത്തിരിക്കും തേജിണ്റ്റെ പുതിയ വ്യത്യസ്ഥമായ കവിതകള്‍ക്കായി.

Styphinson Toms said...

Imagine how life will be with out problems .. so be happy that there are problems with u to solve.. Fight back.. and succeed.. All the best..

Anonymous said...

എഴുത്ത് നന്നായിരിക്കുന്നു....
ഭാഷ ദുർബലമായതു പോലെ തോന്നിപ്പിച്ചെങ്കിലും...

ആശംസകൾ...


ഇതെന്താ യാത്രാമൊഴിയാണൊ.......???

Anonymous said...

നല്ല കവിത...
മലയാളിത്തമുള്ള മനോഹരമായ കവിത.
ഇനിയും ഇതു പോലുള്ള കവിതകളും, കഥകളും പ്രതീക്ഷിക്കുന്നു...
ആശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.com

Unknown said...

വാകുക്കള്‍ക്ക് ക്ഷാമം .................ഒന്നും പറയാന്‍ വയ്യ

Jishad Cronic said...

കവിത നന്നായിരിക്കുന്നു....

രാധിക said...

സര്‍പ്പക്കാവില,ന്തിയില്‍
വിളക്കുവെയ്ക്കുന്ന
അനിയത്തി, രണ്ടുതുള്ളി
ഉപ്പുചേര്‍ത്ത ജലം നല്‍കി
നടന്നുപോകുന്നു.
uppu chertha jalathinu oru viliayumillatheyayi kanunna chuttupadil jeevikkuka prayasam..nannayittundu.manassu patharumbol kavitha thaniye vannolum tto...

വരവൂരാൻ said...

എവിടെയാണു.... വരിക വീണ്ടും
കവിതയെ ഒളിപ്പിച്ചു വെയ്ക്കാൻ നിനക്ക്‌ എത്രനാൾ കഴിയും

വരവൂരാൻ said...

പൂജ്യത്തില്‍ നിന്ന് പൂജ്യമെടുത്താലും
പൂജ്യത്തിനോട് പൂജ്യം കൂട്ടിവെച്ചാലും
ഉത്തരം പൂജ്യമെന്ന അറിവിന്റെ നിറവില്‍
മുറുകുന്ന പൂജ്യത്തില്‍ തലപൂഴ്ത്തിയുറങ്ങണം!

ഹതാശയായ്‌ നീ പറഞ്ഞു പോയ സമവാക്യം

ദൈവം പൂർണ്ണമാണു.
പൂർണ്ണത്തിൽ നിന്നു പൂർണ്ണം എടുത്തു മാറ്റിയാൽ എടുത്തതും പൂർണ്ണമാണു...അവശേഷിക്കുന്നതും പൂർണ്ണമാണു.

ഇതു നിനക്കായ്‌ എന്റെ സമവാക്യം.
നന്മകൾ നേരുന്നു

Anil cheleri kumaran said...

പൂജ്യത്തില്‍ നിന്ന് പൂജ്യമെടുത്താലും
പൂജ്യത്തിനോട് പൂജ്യം കൂട്ടിവെച്ചാലും
ഉത്തരം പൂജ്യമെന്ന അറിവിന്റെ നിറവില്‍
മുറുകുന്ന പൂജ്യത്തില്‍ തലപൂഴ്ത്തിയുറങ്ങണം!

മനോഹരം...