Wednesday, March 11, 2009

പിന്‍വിളികള്‍ക്ക് കാതോര്‍ക്കാതെ...

രണ്ടു സമാന്തരരേഖകള്‍ക്ക് കുറുകെ
മലര്‍ന്നുകിടക്കുമ്പോള്‍
നക്ഷത്രങ്ങളും നിലാവും
കളിയാക്കിച്ചിരിയ്ക്കുന്നതിനെ മറച്ച്
ഇരുട്ട് കൂട്ടുവന്നു.

തലഭാഗത്തെ രേഖ ചൊല്ലി;
ഉടലും തലയും വേറിടുന്ന നിമിഷം
എന്റെ ആത്മാവും വേറിട്ടുപോകും;
സ്മൃതികളില്‍ തലയില്ലായുടലും
ഉടലില്ലാതലയുമായി വരാതിരിക്കുക!
എന്റെ കുഴിഞ്ഞ കണ്ണുകളില്‍
ഉരുണ്ടുകൂടിയ മിഴിനീര്‍ തുടയ്ക്കുവാന്‍
ഇനി നിന്റെ പ്രണയത്തിനാവില്ല, വിട!!!

അടുത്ത സമാന്തരരേഖ ചൊല്ലി;
മുറിനിറഞ്ഞ പാവക്കുഞ്ഞുങ്ങളില്‍
നിന്നിലെയമ്മ ആനന്ദവതിയായ നേരം
പൈതൃകം നോവിക്കുന്നതറിഞ്ഞില്ല നീ.
കൊലചെയ്യപ്പെടുന്ന നിന്റെ പാവക്കുഞ്ഞുങ്ങളുടെ
കണ്ണുനീരൊപ്പാന്‍ നിന്റെ കബന്ധത്തിനുമാവില്ല.

തലയ്ക്കല്‍ കാമുകനും,
കാല്‍ക്കല്‍ ഭര്‍ത്താവും
സ്നേഹത്തിന്‍ അര്‍ത്ഥതലങ്ങള്‍
മത്സരിച്ചു മന്ത്രിക്കുമ്പോള്‍
ജീവിതം ചൂളംവിളിച്ച്
വരുന്നതിനെതിരെ
സമാന്തരരേഖകള്‍ക്ക് നടുവിലൂടെ
പിന്‍വിളികള്‍ക്ക്
കാതോര്‍ക്കാതെ നടന്നു...

22 comments:

തേജസ്വിനി said...

ബന്ധങ്ങള്‍, ബന്ധനങ്ങള്‍!!!

പകല്‍കിനാവന്‍ | daYdreaMer said...

യാത്ര പറയലുകളുടെയും
വേര്‍പാടുകളുടെയും
വഴി പിരിഞ്ഞ
സൌഹൃദങ്ങളുടെയും
ഒത്ത നടുവില്‍
ചൂളമടിച്ചു പറന്ന-
നേര്‍ത്ത നൊമ്പര കാഴ്ച്ചകള്‍ക്കിടയിലൂടെ...
ഒരിക്കലും ഒന്നു ചേരാനാകാതെ...

പ്രയാണ്‍ said...

സമാന്തരരേഖകള്‍ക്ക് നടുവിലൂടെ
പിന്‍വിളികള്‍ക്ക്
കാതോര്‍ക്കാതെ വായിച്ചു ഇഷ്ടമായി...

THE LIGHTS said...

good

Sureshkumar Punjhayil said...

Wonderful... Orupadishttamayi.. Ezhutiyathil vechu ettavum poornamaaya varikal. Ashamsakal.

വരവൂരാൻ said...

രണ്ടു സമാന്തരരേഖകള്‍ക്ക് കുറുകെ
മലര്‍ന്നുകിടക്കുമ്പോള്‍
നക്ഷത്രങ്ങളും നിലാവും
കളിയാക്കിച്ചിരിയ്ക്കുന്നതിനെ മറച്ച്
ഇരുട്ട് കൂട്ടുവന്നു

പിന്‍വിളികള്‍ക്ക് കാതോര്‍ക്കാതെ...
ചില സമസ്യകൾക്ക്‌ ഉത്തരം കണ്ടെത്താനാവാതെ
സ്നേഹത്തിന്‍ അര്‍ത്ഥതലങ്ങള്‍
മത്സരിച്ചു മന്ത്രിക്കുമ്പോള്‍
ഒരു യാത്ര

ശ്രീഇടമൺ said...

നന്നായിട്ടുണ്ട്....
തികച്ചും...:)

Ranjith chemmad / ചെമ്മാടൻ said...

"രണ്ടു സമാന്തരരേഖകള്‍ക്ക് കുറുകെ
മലര്‍ന്നുകിടക്കുമ്പോള്‍
നക്ഷത്രങ്ങളും നിലാവും
കളിയാക്കിച്ചിരിയ്ക്കുന്നതിനെ മറച്ച്
ഇരുട്ട് കൂട്ടുവന്നു."

ഇരുട്ടിലെന്തുമാവാലോ?

ഹന്‍ല്ലലത്ത് Hanllalath said...

ഓര്‍മ്മകളെ അറുത്തു മാറ്റാനാവാതെ വരുമ്പോള്‍...!
തീക്ഷണമായ കവിത.
അവതരണം കുറച്ച് കൂടി നന്നാക്കാം..

നന്മകള്‍ നേരുന്നു....

സുനിതാ കല്യാണി said...

athe.... ini .. pinvilkalkukku kathorkkanda...

തേജസ്വിനി said...

പകല്‍
പ്രയാണ്‍
ദ ലൈറ്റ്സ്
സുരേഷ്കുമാര്‍
വരവൂരാന്‍
ഇടമണ്‍
രണ്‍ജിത്ത്
ശലഭം
hAnLLaLaTh

നന്ദി....അഭിപ്രായങ്ങള്‍ക്ക്...

ഏ.ആര്‍. നജീം said...

സമാന്തര രേഖകള്‍ പിടിക്കിട്ടാത്ത ഒരു സമസ്യപോലെയാണ്. അങ്ങ് ദൂരെ അവ സംഗമിക്കുമെന്നത് നമ്മുടെ തോന്നല്‍ മാത്രം..!!

മുന്നോട്ട് പോകുമ്പോഴേയ്ക്കുമാണ് നമ്മുക്ക് മനസ്സിലാവുക ആ രേഖകള്‍ ഒരിക്കലും ചേരാതെ അനന്തമായി രണ്ടായിത്തന്നെ നീണ്ടു പോകുന്നതെന്ന്...

കവിത നന്നായി....

പിന്‍‌വിളികള്‍ക്ക് കാതോര്‍ക്കാതെയെങ്കിലും ആ പിന്‍‌വിളിക്കായ് വെറുതെയെങ്കിലും മോഹിച്ചു പോകുന്നവരല്ലെ അധികവും...?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

തേജസ്വിനി എഴുതിയ കവിതകളിൽ ഏറ്റവും മനോഹരമായി എനിയ്ക്കു തോന്നിയത് ഈ കവിതയാണു..എത്ര മനോഹരമായാണു ഇതിൽ ബിംബ കൽ‌പനകളെ കൂട്ടി യോജിപ്പിച്ചിരിയ്ക്കുന്നത്,...

ഭർത്താവിന്റെ ആത്മാർത്ഥതയ്ക്കും കാമുകന്റെ സ്നേഹത്തിനുമിടയിൽ ഉഴറുന്ന സ്ത്രീയുടെ ജീവിതത്തിന്റെ സന്നിഗ്ദ്ധാവസ്ഥകളെ കൂക്കിപ്പാഞ്ഞു വരുന്ന തീവണ്ടിയ്ക്കു തല വച്ചു ആത്മ ഹത്യ നടത്താൻ തുനിഞ്ഞിരിയ്ക്കുന്ന സ്ത്രീയോടുപമിച്ചിരിയ്ക്കുന്നത് അത്യന്തം ഹൃദ്യമായി...!

“എന്റെ കുഴിഞ്ഞ കണ്ണുകളില്‍
ഉരുണ്ടുകൂടിയ മിഴിനീര്‍ തുടയ്ക്കുവാന്‍
ഇനി നിന്റെ പ്രണയത്തിനാവില്ല, വിട!!!“

അതി മനോഹമായ വരികൾ...

വായിച്ചു കഴിഞ്ഞും ഈ കവിത നമ്മെ “ഹോൺ‌ട്” ചെയ്തു കൊണ്ടേയിരിയ്ക്കുന്നു !

സമാന്തരന്‍ said...

സമാന്തരത പോലെ നിത്യസത്യം ബന്ധങ്ങളും ബന്ധനങ്ങളും..
അതു വായിക്കുമ്പോള്‍ ചിത്രങ്ങള്‍ മനസ്സില്‍ നിന്ന് മായുന്നില്ല..

തേജസ്വിനി said...

നന്ദി-
നജീം
സുനില്‍
സമാന്തരന്‍

നല്‍കിയ പ്രോത്സാഹനങ്ങള്‍ക്കും
നിറഞ്ഞ സ്നേഹത്തിനും...

തെന്നാലിരാമന്‍‍ said...

"രണ്ടു സമാന്തരരേഖകള്‍ക്ക് കുറുകെ
മലര്‍ന്നുകിടക്കുമ്പോള്‍
നക്ഷത്രങ്ങളും നിലാവും
കളിയാക്കിച്ചിരിയ്ക്കുന്നതിനെ മറച്ച്
ഇരുട്ട് കൂട്ടുവന്നു."

നല്ല വെളിച്ചം കൂട്ടുവരട്ടെ :-) നല്ല വരികള്‍...

സുല്‍ |Sul said...

സന്ദര്‍ഭത്തിന്റെ ഭാഷ, അതു ആവോളമുണ്ട് തന്നില്‍. ഈ കവിതയും ഗംഭീരം എന്നു പറയാതെ തരമില്ല.

എന്നാലും ഒന്ന് ചോദിക്കാതിരിക്കാനാവുന്നില്ല. ഈ മരണത്തിനു ചുറ്റും കറങ്ങിതിരുയുന്നത് എന്തിനാണ്. പുതിയ വിഷയങ്ങള്‍ പ്രതീക്ഷിക്കട്ടെ...

-സുല്‍

G. Nisikanth (നിശി) said...

നന്നായിരിക്കുന്നു തേജസ്വിനീ കവിത....

ഹൃദയം നിറഞ്ഞ ആശംസകൾ....

ജ്വാല said...

ബന്ധങ്ങള്‍..ബന്ധനങ്ങളില്‍ നിന്നും മോചനം മരണം തന്നെയാണ്.
നല്ല കവിത

തേജസ്വിനി said...

മരണമാണ് സത്യം സുല്‍!!
പറഞ്ഞാലും പറയാതിരുന്നാലും
അത് നമ്മോടൊപ്പമുണ്ട്....

എഴുതിപ്പോവുന്നു...അത്ര തന്നെ!!!

മാണിക്യം said...

ഇത്രയും ശക്തമായ ചിന്തകളെ
വാക്കിനാല്‍ വിവരിക്കുക
വായനക്കാരരുടെ മനസ്സില്‍
നിറകൂട്ടോടെ വരച്ചിടാന്‍ കഴിയുക

“സ്നേഹത്തിന്‍ അര്‍ത്ഥതലങ്ങള്‍
മത്സരിച്ചു മന്ത്രിക്കുമ്പോള്‍
ജീവിതം ചൂളംവിളിച്ച്
വരുന്നതിനെതിരെ
............”
അപാരം!

yousufpa said...

വലിയ പ്രതീക്ഷകളില്ലാത്ത ജീവിതം..!
അതാണ് നല്ലതെന്ന് തോന്നുന്നു.