Friday, January 30, 2009

മതേതരം.

നാം...
ഉല്‍കൃഷ്ട‘മത‘-
ചിന്തയില്‍
ഉന്മാദനൃത്തമാടി
പൊതുമുതല്‍
നശിപ്പിക്കുന്നവര്‍.

സര്‍വ്വമത-
ശാന്തിയാത്രകളില്‍
ശിലാവര്‍ഷം
നടത്തുന്നവര്‍.

ചോര നല്‍കി
ജീവന്‍ രക്ഷിച്ചവന്റെ
മതം ചോദിക്കുന്നവര്‍.

ചോര വാര്‍ന്ന്
ബോധമറ്റവന്റെ
‘മത‘മറിഞ്ഞ്
ചോര നല്‍കുന്നവര്‍.

കണ്ടിരിക്കില്ല
ചോര പടര്‍ന്ന്
ചുവന്ന മുംബൈ,
നന്ദിഗ്രാമം, മാറാട്..

അമ്മയുടെ
മൃതശരീരത്തില്‍
അമ്മിഞ്ഞ
തേടുന്ന ബാല്യം
വിശപ്പില്‍
അലമുറയിടുന്നു.
വെന്തെരിഞ്ഞ
ശരീരത്തില്‍
അന്നം തേടിയ
തെരുവുപട്ടികളിലേക്ക്
നീളുന്ന പാതിമരിച്ച
മിഴികളില്‍
ഇരകളുടെ
ദൈന്യത.

പിഞ്ചുബാല്യ-
കബന്ധങ്ങളിലാര്‍ത്ത
ഈച്ചകളെ ആട്ടി-
യോടിച്ച ദൈവം
സൃഷ്ടിയോര്‍ത്ത്
ചിരിച്ചു-പിന്നെ
കരഞ്ഞു,
ഓടിയൊളിച്ചു.

ഇനി
നാം സ്വതന്ത്രരാകും-
ദൈവമില്ലെങ്കില്‍
മതങ്ങളില്ലല്ലോ.

13 comments:

തേജസ്വിനി said...

നാം...
ഉല്‍കൃഷ്ട‘മത‘-
ചിന്തയില്‍
ഉന്മാദനൃത്തമാടി
പൊതുമുതല്‍
നശിപ്പിക്കുന്നവര്‍.

സര്‍വ്വമത-
ശാന്തിയാത്രകളില്‍
ശിലാവര്‍ഷം
നടത്തുന്നവര്‍.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അമ്മയുടെ
മൃതശരീരത്തില്‍
അമ്മിഞ്ഞ
തേടുന്ന ബാല്യം
വിശപ്പില്‍
അലമുറയിടുന്നു.
വെന്തെരിഞ്ഞ
ശരീരത്തില്‍
അന്നം തേടിയ
തെരുവുപട്ടികളിലേക്ക്
നീളുന്ന പാതിമരിച്ച
മിഴികളില്‍
ഇരകളുടെ
ദൈന്യത.

ഈ വരികൾ ഉയർത്തുന്ന ചോദ്യങ്ങൾ അനവധി.ജാതിഭ്രാന്തും മത ചിന്തകളും നിറഞ്ഞു നിൽ‌ക്കുന്ന ലോകത്തിനോട് കവയിത്രിയുടെ ആത്മ രോഷം..നല്ല ആശയമുള്ള കവിത.

ഒരേ ഒരു കാര്യം..മതങ്ങൾ ദൈവങ്ങളെ സൃഷ്ടിയ്ക്കുകയാണ്..ദൈവങ്ങൾ മതങ്ങളെ സൃഷ്ടിച്ചില്ല..

അഭിനന്ദനങ്ങൾ !

Nithyadarsanangal said...

ആത്മാവുള്ള കവിത..

നന്നായി എഴുതി.

Sekhar said...

A simple good poem :)

മാണിക്യം said...

ഹിന്ദുവിന്റെയും
ജൂതന്റെയും
ക്രിസ്ത്യാനിയുടെയും
മുസ്ലീമിന്റെയും
ചോരക്ക് നിറം
ചുവപ്പ്!!
മതത്തിന്റെ
നിറമെന്താ?
ദൈവം ആണോ
ചെകുത്താനാണോ
ഇന്ന് മനുഷ്യ
മനസ് ഭരിക്കുന്നത്?

ജ്വാല said...

ഇനി
നാം സ്വതന്ത്രരാകും-
ദൈവമില്ലെങ്കില്‍
മതങ്ങളില്ലല്ലോ.

നല്ല സന്ദേശം ഒളിഞിരിക്കുന്ന വരികള്‍

Vinodkumar Thallasseri said...

തേജസ്വിനിയ്ക്‌ വഴക്കം മുമ്പെഴുതിയ രീതിയിലുള്ള കവിതകളാണെന്നത്‌ എണ്റ്റെ തോന്നലായിരിക്കാം.

ശ്രീഇടമൺ said...

അകക്കാമ്പുള്ള കവിത....!

ആശംസകള്‍...*

B Shihab said...

നന്നായി

തേജസ്വിനി said...

എല്ലാവര്‍ക്കും നന്ദി..

മതം ഭരിക്കുന്ന ഒരു കാലത്താണു നാം....ദൈവത്തിനു പോലും പേടിയാകുന്നുണ്ടാവും, ഒരുപക്ഷേ..

G. Nisikanth (നിശി) said...

ഇനി
നാം സ്വതന്ത്രരാകും-
ദൈവമില്ലെങ്കില്
മതങ്ങളില്ലല്ലോ.

ആരുപറഞ്ഞു..? മതങ്ങളല്ലേ ദൈവങ്ങളെ സൃഷ്ടിച്ചത്! അവസാനം സകലദൈവങ്ങളും ഓടിയൊളിച്ചാലും മതങ്ങൾ ഇവിടെയുണ്ടാകും, അതിന്റെ പ്രായോജകർ പുതിയ ദൈവങ്ങളെ സൃഷ്ടിക്കും, പുതിയ പ്രമാണങ്ങൾ എഴുതിയുണ്ടാക്കും, ചോരയുടെ ചുവപ്പിന് വർണ്ണവൈവിദ്ധ്യം കൽ‌പ്പിക്കും...

നാടൊന്നു നന്നായി കിട്ടണമെങ്കിൽ ഇനി അത്ഭുതങ്ങൾ സംഭവിക്കണം!

സമകാലിക വിഷയങ്ങൾ ശ്രദ്ധയിൽപെടുത്തുവാനും ശക്തമായ ഭാഷയിൽ പ്രതികരിക്കാനും തേജസ്വിനിക്കു കഴിയുന്നുണ്ട്. രാകും തോറും കവിതയ്ക്ക് മൂർച്ചകൂടുന്നു....

ആശംസകൾ....

വരവൂരാൻ said...

കരുത്താർന്ന ചിന്തകൾ തുറന്നു പറഞ്ഞ കവിത

Sureshkumar Punjhayil said...

കണ്ടിരിക്കില്ല
ചോര പടര്‍ന്ന്
ചുവന്ന മുംബൈ,
നന്ദിഗ്രാമം, മാറാട്..

Kanatheyalla... Kandillennu nadikkunnu...!!! Ashamsakal..!