Thursday, January 22, 2009

സ്നേഹബലി

അമ്മയുടെ
ശ്രാദ്ധത്തിന്
ബലിക്കാക്കകളെ
വിളിക്കവേ
കല്ലെറിഞ്ഞകറ്റുന്ന
കാക്കയെ വിരുന്നു-
വിളിക്കുന്ന
കൈയടിയുടെ
യുക്തിയെന്തെന്ന്
ഒന്‍പതുകാരി
മകള്‍ ചോദിച്ചു

‘’മരിച്ചുപോയവര്‍ക്ക്
ചോറുനല്‍കല്‍-
ബലിയിടല്‍’‘
ഉത്തരത്തില്‍
പിന്നെയും ചോദ്യം;
അച്ചമ്മക്കാക്കയ്ക്ക്
എല്ലാകൊല്ലോം
ചോറുനല്‍ക്വോ?

ഗൌരവം വിടാതെ
അച്ഛന്‍ പറഞ്ഞു;
സ്നേഹമുള്ളവര്‍
എല്ലാ വര്‍ഷവും
ബലിയിടും,
ചോറുനല്‍കും.

ആട്ടിവിടുന്ന മക്കളില്ലാ-
കാക്കകളുടെ
അനാഥദു:ഖത്തില്‍
മനംനൊന്ത്
മോള്‍ പറഞ്ഞു;
എല്ലാ കൊല്ലോം
ഞാനും തരും
അച്ഛന്‍കാക്കയ്ക്ക് ചോറ്.
എനിക്കച്ഛനെ-
യാണേറെയിഷ്ടം.

14 comments:

തേജസ്വിനി said...

ഗൌരവം വിടാതെ
അച്ഛന്‍ പറഞ്ഞു;
സ്നേഹമുള്ളവര്‍
എല്ലാ വര്‍ഷവും
ബലിയിടും,
ചോറുനല്‍കും.

എന്റെ ഒരു ഏട്ടന്റെ മകള്‍ കൂട്ടുകാരനോട് ചോദിച്ചതാ ഇത്...

Sekhar said...

Nice work with less words. Keep it up.

മാണിക്യം said...

ഉറ്റവര്‍
യാത്രയവുമ്പോള്‍
ഒരു വിങ്ങല്‍
ഇന്നി ഒരിക്കലും
വരില്ല്ല കാണില്ല..
എന്നാലും ആണ്ടു
ബലിയും ശ്രാദ്ധവും
മനസിന്റെ കോണില്‍
നമ്മളുടെ കരുതല്‍.
പൈതൃകം മറക്കാതെ
ഗുരുകാരണവന്മാരെ
വന്ദിച്ച്,അനുഗ്രഹം
വാങ്ങുന്നത് സ്വന്തം
മനസമാധാനത്തിനു
വേണ്ടിയാണ്..
ഈ ഭൂമിയില്‍
പെറ്റുവീണപ്പൊള്‍
ഏറ്റുവാങ്ങാന്‍‌
ഉണ്ടായിരുന്നവര്‍
തിരികെ എത്തുമ്പോള്‍
പരലോകത്തും
കാത്തു നില്‍ക്കും
എന്ന സങ്കല്പം
നിരാശയില്‍
നിന്ന് രക്ഷിക്കും

ശ്രീഇടമൺ said...

നല്ല വരികള്‍..
മനോഹരമായ കവിത..

ആശംസകള്‍..

പാറുക്കുട്ടി said...

എന്റെ ബ്ലോഗ് സന്ദർശിച്ചതിന് നന്ദി.

വന്നു കണ്ടു കീഴടക്കി

കാപ്പിലാന്‍ said...

തേജസ്വിനിയുടെ പല കവിതകളും വായിക്കാറുണ്ട് .എല്ലാം നന്നായിരിക്കുന്നു .ഇനിയും എഴുതുക. ആശംസകള്‍ .

തേജസ്വിനി said...

ശേഖര്‍
മാണിക്യം
ശ്രീഇടമണ്‍
പാറുക്കുട്ടി
കാപ്പിലാന്‍....

നന്ദി, സ്നേഹത്തിന്..
പ്രോത്സാഹനത്തിന്.

G. Nisikanth (നിശി) said...

തേജസ്വിനിയുടെ കവിതകൾ ആശയസമൃദ്ധമാണ്. ചുരുങ്ങിയ വരികളിൽ കാര്യങ്ങൾ കൂടുതൽ വ്യക്തതയോടെ അവതരിപ്പിക്കാൻ കഴിയുന്നുണ്ട്. ഒപ്പം, വാക്കുകളുടെ ഘടനയിലും അതിന്റെ അവതരണത്തിലും അൽ‌പ്പം കൂടുതൽ ശ്രദ്ധിക്കണമെന്ന് ഒരു നിർദ്ദേശം.

ആശംസകളോടെ...

വികടശിരോമണി said...

ഇഷ്ടത്തിന്റെ പലമാനങ്ങൾ.നാമറിയാത്ത ഭാവതലങ്ങൾ.
ശരിക്കും സ്പർശിച്ചു,ഈ കവിതയിലെ കുട്ടി.
നന്നായീട്ടോ,ഇനി ഇടക്കിടക്കു വരും.

Jayasree Lakshmy Kumar said...

തേജസ്വിനിയെ ആദ്യമായാണ് വായിക്കുന്നത്
വളരേ ഇഷ്ടമായി വരികൾ

Sureshkumar Punjhayil said...

Makalude Snehamulla chorinu oupadu swadu.... Best wishes.

തേജസ്വിനി said...

നന്ദി..എല്ലാവര്‍ക്കും.
സ്നേഹത്തിനും പ്രോത്സാഹനത്തിനും.

പകല്‍കിനാവന്‍ | daYdreaMer said...

ആട്ടിവിടുന്ന മക്കളില്ലാ-
കാക്കകളുടെ
അനാഥദു:ഖത്തില്‍
മനംനൊന്ത്
മോള്‍ പറഞ്ഞു;
എല്ലാ കൊല്ലോം
ഞാനും തരും
അച്ഛന്‍കാക്കയ്ക്ക് ചോറ്.
എനിക്കച്ഛനെ-
യാണേറെയിഷ്ടം.

ഉള്ളില്‍ നീറ്റല്‍ ഉണ്ട്.. ഒരച്ഛന്റെ...

വറ്റാത്ത കണ്ണുനീരിനു പകരം വെക്കാന്‍
‍ഒരിത്തിരി ചോറും
പിന്നെ കുറെ കാക്കകളും...

നന്നായിരിക്കുന്നു....

തേജസ്വിനി said...

കുഞ്ഞ് സ്നേഹം പ്രകടിപ്പിച്ചത്
ആത്മാര്‍ത്ഥമായിത്തന്നെയാണ്...മരണമെന്ന അറിവ് അവള്‍ക്കില്ലല്ലോ...

അറിവാണെല്ലാറ്റിന്റേയും ഹേതു!!!
ഈ എന്റെയൊരു കാര്യം, എന്തൊക്കെയാ ഈ പറേണെ???
പൊട്ടത്തരങ്ങള്‍!!!