Friday, January 9, 2009

മഴയില്‍ ഒഴുകുന്ന പൂക്കള്‍

അന്ന്
മിഴികളില്‍ മഴ
നിറഞ്ഞൊഴുകിയ
ബാല്യത്തില്‍
പഴകിദ്രവിച്ച
കുപ്പായത്തിന്‍
ഈറന്‍ നാറ്റത്തില്‍
സഹപാഠികള്‍
ദൂരെയൊരു
ബഞ്ചില്‍ അഭയം
തേടി
ചിരിച്ചത്...

മേയാപ്പുരയിലെ
കീറിയയോലയില്‍
പെയ്ത്
ഇന്നലെ
അമ്മയുടെ ദാഹം
തീര്‍ത്ത മഴ
അടഞ്ഞ മിഴികളില്‍
തങ്ങി,
ചാലിട്ടൊഴുകി
അച്ഛനുറങ്ങിയ മണ്ണ്
നനച്ച്
ചെളിയാക്കി
മണ്ണിരകളെ
പ്രസവിച്ചു.

ഇന്ന്
ഗന്ധര്‍വ്വനിറങ്ങുന്ന,
പാല പൂക്കുന്ന,
നനഞ്ഞൊട്ടിയ
വസ്ത്രങ്ങളില്‍
രതിയുണര്‍ത്തുന്ന
മഴയുടെ രാത്രി.
നിശയുടെ
അന്ത്യയാമ-
മഴയില്‍
പ്രേമം പങ്കു-
വെയ്ക്കപ്പെടും,
പാലപ്പൂ ഒഴുകും.

നാളെ
മൃത്യു പ്രേമപൂര്‍വ്വം
ചിരിക്കും
ശവക്കുഴികളില്‍
ശവം നാറിപ്പൂക്കള്‍
എന്റെ സ്വപ്നങ്ങളെ
പ്രസവിക്കും.
പിന്നെയും മഴ തുടരും-
കുഴിയില്‍ നിറഞ്ഞ്
ചീഞ്ഞഴുകിയ ശരീരം
വഹിച്ച്
ഒഴുകിത്തീരും.

14 comments:

തേജസ്വിനി said...

ഇന്ന്
ഗന്ധര്‍വ്വനിറങ്ങുന്ന,
പാല പൂക്കുന്ന,
നനഞ്ഞൊട്ടിയ
വസ്ത്രങ്ങളില്‍
രതിയുണര്‍ത്തുന്ന
മഴയുടെ രാത്രി.
നിശയുടെ
അന്ത്യയാമ-
മഴയില്‍
പ്രേമം പങ്കു-
വെയ്ക്കപ്പെടും,
പാലപ്പൂ ഒഴുകും.

പകല്‍കിനാവന്‍ | daYdreaMer said...

നാളെ
മൃത്യു പ്രേമപൂര്‍വ്വം
ചിരിക്കും
ശവക്കുഴികളില്‍
ശവം നാറിപ്പൂക്കള്‍
എന്റെ സ്വപ്നങ്ങളെ
പ്രസവിക്കും.
പിന്നെയും മഴ തുടരും-
കുഴിയില്‍ നിറഞ്ഞ്
ചീഞ്ഞഴുകിയ ശരീരം
വഹിച്ച്
ഒഴുകിത്തീരും.

ഒത്തിരി ഇഷ്ടപ്പെട്ടു സുഹൃത്തേ... ഈ ചിന്തകള്‍...!!

മാണിക്യം said...

വായിച്ചുതീരുമ്പോള്‍
ഓര്‍മ്മയില്‍
കോര്‍ത്തു വയ്ക്കാന്‍
വീണ്ടും ഒന്നും കൂടി
അയവിറക്കാന്‍
ബോധത്തേ
കുത്തിയീളക്കുന്ന
മണ്ണിരകളെ
പ്രസവിക്കാന്‍
നീലാംബരിയിലേ
കവിതകള്‍ക്കാകുന്നു...
ആശംസകള്‍!!

yousufpa said...

വായനക്ക് ആനുഭൂതി നല്‍കുന്ന കവിതകളാണ് നീലാംബരിയില്‍ വിരിയുന്ന താരകള്‍.
തേജസ്സ്വിനിക്ക് ഭാവുകങ്ങള്‍..

Sapna Anu B.George said...

നിശയുടെഅന്ത്യയാമ-മഴയില്‍
പ്രേമം പങ്കു-വെയ്ക്കപ്പെടും,
പാലപ്പൂ ഒഴുകും.................

അതില്‍ ഈ എന്റെ മനസ്സും ഒഴുകീ, സുന്ദരമായ കവിത തേജസ്വിനി

ജ്വാല said...

മഴയില്‍ കുതിര്‍ന്നു ഒഴുകിപോകട്ടെ എല്ലാ ദുഖങളും..
മഴയില്‍ പ്രതീക്ഷതന്‍ പുതു നാമ്പുകള്‍ പൊടിക്കട്ടെ..

Rare Rose said...

ഓരോ ഭാവങ്ങളിലും മഴയങ്ങനെ ഒഴുകുവാണല്ലോ...ഇഷ്ടായീ ട്ടോ...:)

Nachiketh said...

പിന്നെയും മഴ തുടരും-
കുഴിയില്‍ നിറഞ്ഞ്
........

കുളിര്‍ നിറച്ച്......

ഒഴുകി തീരാതിയ്കാന്‍ പ്രതിക്ഷിയ്കാം

നരിക്കുന്നൻ said...

നന്നായിരിക്കുന്നു.

തേജസ്വിനി said...

നന്ദി...
എല്ലാവര്‍ക്കും..

മാണിക്യം പകര്‍ന്ന ഊര്‍ജ്ജം, അത്യാഹ്ലാദം മറച്ചുവെയ്ക്കുന്നുമില്ല...

മനോജ് മേനോന്‍ said...

അനുഭൂതിപൂക്കുന്ന മനസ്സോടെ എതൊക്കയോ വഴിയിലൂടെ അലഞ്ഞു....

മാന്ത്രികത........!!!!!!!

Ranjith chemmad / ചെമ്മാടൻ said...

കവിതയുടെ നോവിന്റെ പച്ചമണ്ണില്‍ മഴ നനഞ്ഞ ഗന്ധം...
തേജസ്വിനിയുടെ ഓരോ വരികളിലും കവിതയുടെ വിളഞ്ഞ
അമ്ലത്വം വായനയുടെ നാക്കിലൊരു പൊള്ളലായ് അവശേഷിക്കുന്നു.!!
ആശംസകള്‍!!!!

തേജസ്വിനി said...

വീണ്ടും നന്ദി പറയട്ടെ, എന്റെ പ്രിയപ്പെട്ടവരോട്...

Sureshkumar Punjhayil said...

Aniyathi ... Pranayam vallathe nomparappeduthunnallo...!!!