Thursday, February 17, 2011

ചിതലരിക്കുവോളം

തളര്‍ന്ന ശരീരത്തിലെ തളരാത്ത
മനസ്സില്‍ ചേര്‍ത്തുവെച്ച ഗണിത-
പുസ്തകത്തിലെ ചിലയേടുകളില്‍
ചിതലരിച്ചത് അച്ഛനറിഞ്ഞുകാണില്ല;

തളര്‍ന്ന പെരുവിരലില്‍ ജീവിത-
ശേഷിപ്പായി മക്കള്‍ പുരട്ടിയ മഷി
കറുത്തുണങ്ങിയനേരം ഇറ്റുവീണ ഉപ്പുനീര്‍
നേര്‍ത്ത ശ്വാസം വിഴുങ്ങുവോളം!

വിഷം ചേര്‍ത്ത കഞ്ഞി മോന്തിയ
അച്ഛന്റെ ആനന്ദത്തില്‍ അമ്മ ചിരിച്ചത്
ചിതലരിച്ചിട്ടും നശിക്കാത്ത മന-
ക്കണക്കോര്‍ത്തായിരിക്കണം!

ഉമ്മറച്ചുമരിലെ ചെമ്മണ്ണുമറച്ച്
പരുപരുത്ത ക്യാന്‍വാസില്‍
വര്‍ണ്ണചിത്രമായിനി വിശ്രമിച്ചീടാം-
മുഖത്ത് സുഷിരങ്ങള്‍ വീഴ്ത്തി
ചുവപ്പുചാലിച്ച്, ചിതലരിക്കുവോളം!

14 comments:

തേജസ്വിനി said...

ഉമ്മറച്ചുമരിലെ ചെമ്മണ്ണുമറച്ച്
പരുപരുത്ത ക്യാന്‍വാസില്‍
വര്‍ണ്ണചിത്രമായിനി വിശ്രമിച്ചീടാം-
മുഖത്ത് സുഷിരങ്ങള്‍ വീഴ്ത്തി
ചുവപ്പുചാലിച്ച്, ചിതലരിക്കുവോളം!

സന്തോഷ്‌ പല്ലശ്ശന said...

ഇന്നത്തെ രാത്രി സീരിയലുകളില്‍ ഇതുപോലുള്ള രംഗങ്ങള്‍ ഒത്തിരി വരുന്നുണ്ട്...
കെട്ടിയോനെ വിഷം കൊടുത്തുകൊല്ലുന്ന ഭാര്യ.

ഇത് കഥയുടെ ക്ലൈമാക്‌സിനു മുന്‍പുള്ള രംഗമാണ്. ഇനി അവസാനം പോലീസ് വരുമായിരിക്കും സ്വത്തുതട്ടിയെടുത്ത ഭാര്യയേയും മക്കളേയും പിടിക്കാന്‍..

കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി...
സസ്‌നേഹം
ഏട്ടന്‍

ഉപാസന || Upasana said...

നൈസ്
:-)

zephyr zia said...

പാവം അച്ഛന്‍ ഒന്നും അറിഞ്ഞു കാണരുതേ....
ശാന്തമായി വിശ്രമിക്കട്ടെ.....

വീകെ said...

മനക്കണക്ക് സഫലമാകാനുള്ളതല്ലല്ലൊ... ജീവിക്കാനുള്ള ആശ കൊടുക്കാനുള്ളതല്ലെ...
കവിത കുറച്ചൊക്കെ മനസ്സിലായി...
അതു കൊണ്ട് കൊള്ളാമെന്നു തോന്നുന്നു...

ആശംസകൾ...

yousufpa said...

കുടുമ്പത്തിന്‌ വേണ്ടി ചിതലരിച്ച അച്ഛന്മാരുടെ ചിത്രങ്ങളിനി രേഖാചിത്രമായ് ചുമരിൽ പതിഞ്ഞേക്കും.

ശ്രീജ എന്‍ എസ് said...

അയ്യോ..വല്ലാത്തൊരു അസ്വസ്ഥത.

Vinodkumar Thallasseri said...

വേണം ഇങ്ങനെ ചില ചിത്രങ്ങള്‍, ചുമരിന്‌ അലങ്കാരമായി, ചിലപ്പോള്‍ ഊറ്റം കൊള്ളാനായി.

NiKHiL | നിഖില്‍ said...

ഉദ്ദേശിച്ചത് കുറച്ചൊക്കെ മനസ്സിലായി. പക്ഷേ സ്ഥിരം അച്ചുതണ്ടില്‍ കറങ്ങുന്ന ഒരു പമ്പരം കൂടി എന്നേ പ്രമേയത്തെപ്പറ്റി പറയാനുള്ളൂ...

നരിക്കുന്നൻ said...

ഉമ്മറച്ചുമരിലെ ചെമ്മണ്ണുമറച്ച്
പരുപരുത്ത ക്യാന്‍വാസില്‍
വര്‍ണ്ണചിത്രമായിനി വിശ്രമിച്ചീടാം- കൂട്ടിവെച്ച മനക്കണക്കുകളെല്ലാം തെറ്റായിരുന്നു എന്ന് ചിതലരിച്ച് തുടങ്ങുന്ന വർണ്ണ ചിത്രത്തിൽ തൂങ്ങി ആ അച്ചനും മനസ്സിലാക്കുന്നുണ്ടാകും..

ജയിംസ് സണ്ണി പാറ്റൂർ said...

നല്ല കവിത.വേദന ചിതലുകളായി
മനസ്സിനെ പൊതിയുന്നു.

anju nair said...

kollam

Anonymous said...

ചിതലരിക്കുന്ന ഒട്ടേറെ വിശ്വാസങ്ങൾ പേറി ചിതയിലേക്കുള്ള ഓട്ടത്തിലാണ് നമ്മളൊക്കെയും.. ഒടുക്കം ഉമ്മറച്ചുമരിൽ ചിത്രമായും പിന്നെ മാറാല കെട്ടി ചിതലരിച്ചൊടുങ്ങി ഓർമ്മകളിൽ നിന്നടക്കം മായുന്നു...


ആശംസകൾ...

ജയരാജ്‌മുരുക്കുംപുഴ said...

nannayittundu............... aashamsakal.....