Thursday, July 9, 2009

മഴ മൂളാത്ത മേഘമല്‍ഹാര്‍

നിരത്തിലെ മൂലയില്‍
കിടന്ന അച്ഛന്റെ
കോടിയ വായില്‍
നിറഞ്ഞ മഴ, ഒരുപിടി
സ്വപ്നങ്ങള്‍ നനച്ചു-
കുതിര്‍ത്ത് ഒഴുകി.

ഓട്ടിന്‍പുറത്ത്
തിമിര്‍ത്ത മഴയോടൊപ്പം
മേഘമല്‍ഹാര്‍
മൂളിയ അമ്മയുടെ
നെറ്റിയിലൂടെ ഒഴുകി
ഒരു മഴത്തുള്ളി
സിന്ദൂരം മായ്ച്ച്
മരിച്ചു വീണു.

നിലയ്ക്കാത്ത മഴയുടെ
സംഗീതത്തില്‍ സ്വന്തം താളം
അറിയാതെ കുഴങ്ങിയ
അമ്മയെ തേടി, പുറത്ത്
മഴ നനഞ്ഞുമയങ്ങിയ
അച്ഛന്റെ മൂകതയില്‍
‘പായ‘യില്‍ വീഴുന്ന
മഴയുടെ സംഗീതം വിറച്ചു!

മഴയെ പ്രണയിച്ചു നടന്ന
അമ്മയുടെ വഴികള്‍
സിന്ദൂരം വീണ്
ചുവന്നിരിക്കുന്നു!
ലോകം കാണാതെ
തിരിച്ചുപോയ
കുഞ്ഞുസ്വപ്നങ്ങളുടെ
ചോര വീണു ചുവന്ന
വഴികളില്‍ ഇനിയും മഴ പെയ്യും-
മേഘമല്‍ഹാര്‍ ഇല്ലാത്ത
വെറും മഴത്തുള്ളികള്‍!

3 comments:

പ്രയാണ്‍ said...

.അങ്ങിനെയുമൊരു മേഘമല്‍ഹാര്‍....!നന്നായിരിക്കുന്നു.

വരവൂരാൻ said...

കുഞ്ഞുസ്വപ്നങ്ങളുടെ
ചോര വീണു ചുവന്ന
വഴികളില്‍ ഇനിയും മഴ പെയ്യും-
മേഘമല്‍ഹാര്‍ ഇല്ലാത്ത
വെറും മഴത്തുള്ളികള്‍

നോവിന്റ മേഘമല്‍ഹാര്‍ നല്ല രചന

yousufpa said...

:)