Friday, August 7, 2009

കലണ്ടര്‍ ഓര്‍മ്മിപ്പിക്കുന്നത്....

മരണമടഞ്ഞ ദിനങ്ങളുടെ
വേര്‍പാടുദു:ഖത്തിലായിരിക്കും
കലണ്ടറിലെ ദിനങ്ങള്‍
കറുത്തുപോയത്!

ദിനങ്ങള്‍ക്കിടയിലെ ഭിന്നകങ്ങള്‍
പുറത്തുവരാനാവാതെ
തളര്‍ന്നുറങ്ങുമ്പോള്‍
ചിലയോര്‍മ്മകളുടെ
രക്തസാക്ഷിത്വം
ചുവന്ന മഷിപുരട്ടി
ചോര മണപ്പിച്ച്
നരയ്ക്കാതെ കുഴങ്ങുന്നു!

മരിച്ച ഇന്നലെകള്‍ക്കും
സ്വപ്നങ്ങള്‍ നിറച്ച
നാളെകള്‍ക്കുമിടയില്‍
സമചതുരക്കള്ളിയില്‍ വിശ്രമിച്ച്
സ്വയം നീറി നീറി,യുറങ്ങി
ഇന്നുകള്‍ ചരിത്രമാകും!

പ്രവചിക്കപ്പെട്ട ഭാവിയില്‍
മരണം കണ്ട കലണ്ടര്‍
നിറങ്ങള്‍ നിഷേധിക്കപ്പെട്ട്
ആണികളില്‍ തൂങ്ങിമരിക്കുന്നനേരം
മഴയായും മഞ്ഞായും
വെയിലായും പ്രകൃതി
കലണ്ടറിന്റെ വേദന
കരഞ്ഞുതീര്‍ക്കുന്നു!